രണ്ടു വിവാഹം കഴിച്ച അന്ധയാചകന് മൂന്നാമതും വിവാഹം വേണം; രണ്ടാം ഭാര്യക്കു ജീവനാംശം നല്‍കില്ല; മുസ്ലിം നിയമ പ്രകാരം തനിക്കു മൂന്നോ നാലോ നിക്കാഹ് കഴിക്കാമെന്നു വാദം; കൗണ്‍സിലിംഗ് നിര്‍ദേശിച്ച് ഹൈക്കോടതി

കൊച്ചി: രണ്ടു കല്യാണം കഴിച്ച അന്ധയാചകന് മൂന്നാമതും കല്യാണം കഴിക്കണമെന്നാഗ്രഹം. കല്യാണമല്ല കൗണ്‍സിലിങ് കൊടുക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. രണ്ടാംഭാര്യയ്ക്ക് ജീവനാംശം നല്‍കാതെ വീണ്ടും കല്യാണം കഴിച്ചാല്‍ ഒരു നിരാലംബയായ വനിത ഉപേക്ഷിക്കപ്പെടും. ആദ്യഭാര്യയുടെ താത്പര്യവും സംരക്ഷിക്കപ്പെടണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
സാധ്യമെങ്കില്‍ രണ്ടാംഭാര്യയേയും യാചകനേയും കൗണ്‍സിലിങ്ങിലൂടെ ഒന്നിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. പാലക്കാട് കുറ്റിപ്പുറം സ്വദേശി എൻ. സെയ്ദലവിക്കെതിരെ മലപ്പുറം സ്വദേശി ജുബൈരിയ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഇതിന്റെ പകർപ്പ് സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിക്ക് കൈമാറണം. രണ്ടാംഭാര്യയ്ക്ക് ജീവനാംശം നല്‍കണമെന്നായിരുന്നു യാചകനോട് കുടുംബകോടതി ആവശ്യപ്പെട്ടത്. എന്നാല്‍ അതുപോലെ ജീവനാംശം നൽകാൻ യാചകനോട് നിര്‍ദേശിക്കാനാവില്ലെങ്കിലും ഭാര്യമാര്‍ക്ക് നീതി ലഭ്യമാകണമെന്നും ഹൈക്കോടതി പറഞ്ഞു.
വെള്ളിയാഴ്ചകളിൽ പള്ളികളുടെ മുന്നിൽ ഭിക്ഷാടനം നടത്തിയും ചെറിയ ജോലികൾ ചെയ്തുമാണ് ജീവിക്കുന്നതെന്നായിരുന്നു സെയ്ദലവിയുടെ വാദം. പ്രതിക്ക് 25,000 രൂപ വരുമാനമുണ്ടെന്നും അതിൽനിന്ന് 10,000 രൂപ ജീവനാംശമായി ലഭിക്കണമെന്നുമായിരുന്നു രണ്ടാംഭാര്യയുടെ വാദം. മുസ്ലിം നിയപ്രകാരം തനിക്ക് മൂന്നോ നാലോ കെട്ടാമെന്ന് സെയ്ദലവി കോടതിയില്‍ പറഞ്ഞു, എന്നാല്‍ ഭാര്യയെ പോറ്റാന്‍ കഴിവില്ലെങ്കില്‍ വിവാഹം കഴിക്കാനും പാടില്ലെന്നായിരുന്നു കോടതി നിരീക്ഷണം. പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരരുതെന്നാണ് ചൊല്ലെങ്കിലും ഈ സെയ്ദലവി അത്ര വിശുദ്ധനൊന്നുമല്ലല്ലോയെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം ജീവിക്കാനായി ആരും ഭിക്ഷാടനം നടത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും കോടതിയുടെയും സമൂഹത്തിന്റെയും കടമയാണെന്ന് കോടതി നിരീക്ഷിച്ചു. ഭക്ഷണവും വസ്ത്രവും ഉറപ്പുവരുത്തേണ്ട ബാദ്ധ്യതയുണ്ട്. ‘അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നുതന്നെ ഞങ്ങൾക്കു തമ്പുരാൻ’ എന്ന ശ്രീനാരായണ ഗുരുദേവന്റെ ‘ദൈവദശക’ത്തിലെ സൂക്തം ഉദ്ധരിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.
തലാഖ് ചൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും മറ്റും ഭർത്താവിന്റെ ക്രൂരതയാണെന്നും കോടതി നിരീക്ഷിച്ചു. പോറ്റാൻ പണമില്ലെങ്കിൽ മുസ്ലിം വ്യക്തി നിയമം ഒന്നിലേറെ വിവാഹം അനുവദിക്കുന്നില്ല. ഭാര്യമാർക്ക് നീതി ഉറപ്പാക്കാൻ കഴിയുമെങ്കിൽ മാത്രം ഒന്നിലേറെ വിവാഹം കഴിക്കാം. മുസ്ലിം സമൂഹത്തിലെ ഭൂരിഭാഗത്തിനും ഒരു ഭാര്യയേ ഉള്ളൂ. നീതി ഉറപ്പുവരുത്തണമെന്നു ഉദ്‌ഘോഷിക്കുന്ന വിശുദ്ധഗ്രന്ഥമാണ് ഖുർ ആൻ എന്നും കോടതി പറഞ്ഞു.






