Breaking NewsKeralaLead NewsNEWSNewsthen Specialpolitics

നയം വ്യക്തം!! കേരളത്തിൽ ക്രൈസ്തവരുടെ തോളിലേക്ക് കൈ നീട്ടി നിൽക്കുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്ന് മനസിലാവാത്തവർക്കും മനസിലായില്ലെന്ന് നടിക്കുന്ന ഇടനിലക്കാർക്കും മതരാഷ്ട്ര – മനുസ്മൃതി സ്വപ്നങ്ങൾ തുടരാം- ബിജെപിയുടെ ഉള്ളുകള്ളികൾ തുറന്നുകാട്ടി ദീപിക

കേരളത്തിലെ ക്രിസ്ത്യാനികൾ ബിജെപിയുടെ യഥാർത്ഥ മുഖം മനസിലാക്കിയിരിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ ദീപിക പത്രത്തിന്റെ ആദ്യ പേജും എഡിറ്റോറിയലും. കേരളത്തിൽ ക്രൈസ്തവ സ്നേഹം വിളമ്പുകയും കേരളത്തിന് പുറത്ത് ക്രൈസ്തവരെ വേട്ടയാടുകയും ചെയ്യുന്ന സംഘപരിവാറിനെ പൂർണ്ണമായും ക്രൈസ്തവ സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയുടെ ഫ്രണ്ട് പേജിൽ പ്രധാനമായും നാലു വാർത്തകളാണുള്ളത്. ആ നാലു വാർത്തകളും ക്രൈസ്തവർക്കെതിരെയുള്ള ആർഎസ്എസിന്റെ ആക്രമണങ്ങളെ സംബന്ധിച്ചുള്ളതാണ്. ആദ്യ വാർത്ത നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ ക്രൈസ്തവർക്കു നേരേ വീണ്ടും അക്രമം ഉണ്ടായി എന്ന വാർത്തയാണ്. ഛത്തീസ്ഗഡിലെ ദുർഗിലുള്ള ഷിലോ പ്രെയർ ടവറിൽ പ്രാർത്ഥനയോഗം നടക്കവേ അവിടേക്ക് ഒരു സംഘം ബജരംഗദൾ പ്രവർത്തകർ എത്തി, മുദ്രാവാക്യങ്ങൾ വിളിച്ചു പ്രതിഷേധിച്ചു എന്നും ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു എന്നും പരാതിപ്പെട്ടതായി ദീപിക റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ പള്ളിമേടകൾ കയറിയിറങ്ങുന്ന ബിജെപിയുടെ യഥാർത്ഥ മുഖത്തെ തുറന്നുകാട്ടുന്നതാണ് ഈ വാർത്ത.

ഈ വാർത്തയ്ക്ക് തൊട്ടു താഴെയായി ക്രൈസ്തവർക്കെതിരെ ആർഎസ്എസിന്റെ ആസൂത്രിത നീക്കം എന്ന വലിയ തലക്കെട്ടിലാണ് അടുത്ത വാർത്ത. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ ക്രൈസ്തവർക്കെതിരെ കേരളത്തിലും വർഗീയ വികാരം സൃഷ്ടിക്കാൻ ആർഎസ്എസിന്റെ ആസൂത്രിത നീക്കം നടക്കുന്നുണ്ട് എന്ന് പറഞ്ഞാരംഭിക്കുന്നു വാർത്തയിൽ, കേസരിയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് എഴുതിയ ലേഖനം ഇതിന്റെ ഭാഗമായി ആണ് പ്രസിദ്ധീകരിച്ചത് എന്ന സംശയം ബലപ്പെടുകയാണ് എന്നും പറയുന്നുണ്ട്. ലേഖനത്തിലെ ‘ഇന്നത്തെ വിചിത്രമായ അവസ്ഥ മാറ്റിയെത്തീരൂ. അതിനു ഭരണഘടന ഭേദഗതി ചെയ്യേണ്ടി വന്നാൽ അതും ചെയ്യും’ എന്ന ഭാഗം നിഗൂഢമായ അജണ്ടയെ വെളിപ്പെടുത്തുന്നു എന്നും വാർത്തയിൽ പറയുന്നു. ലേഖനത്തിലെ നിലപാടുകളെ പറ്റി ബിജെപിയുടെ പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല എന്നതും വാർത്ത ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരത്തിൽ ലേഖനത്തിൽ പറയുന്ന വർഗീയ സ്വഭാവമുള്ള യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളെ എടുത്തുകാട്ടുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട് ദീപിക. ആർഎസ്എസിന്റെ മുഖവാരികയായ കേസരിയിൽ പ്രസിദ്ധീകരിച്ച വർഗീയ ലേഖനത്തെ തുറന്നുകാട്ടുന്നതാണ് ദീപികയുടെ ഒന്നാം പേജിലെ വാർത്ത.

Signature-ad

പത്രത്തിന്റെ ആദ്യ പേജിൽ തന്നെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയുടെയും എഐസിസി ജനറൽ സെക്രട്ടറി വേണുഗോപാലന്റെയും കേസരിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെയുള്ള നിലപാടുകൾ ദീപിക വാർത്തയായി നൽകിയിട്ടുണ്ട്. ക്രിസ്ത്യൻ സമുദായത്തെ കയ്യിലെടുക്കാൻ അരമനകൾ കയറിയിറങ്ങുന്ന ബിജെപി നേതൃത്വം ഈ ലേഖനത്തെ തള്ളിപ്പറയാൻ തയ്യാറാണോ? ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന ഭാരവാഹി എഴുതിയ ഈ ലേഖനം ക്രിസ്ത്യൻ സമുദായത്തെ ഇന്ത്യയുടെ ശത്രുവായി പ്രഖ്യാപിക്കുന്നു എന്ന് ആർഎസ്എസിനെതിരെ തുറന്നടിക്കുകയാണ് രമേശ് ചെന്നിത്തല. മതപരിവർത്തനം എന്ന ഉണ്ടയില്ല വെടി കൊണ്ട് ഒരിക്കൽ കൂടി നാട്ടിൽ വെറുപ്പ് പടർത്തി ക്രൈസ്തവരെ നാടിന്റെ ശത്രുപക്ഷത്ത് നിർത്താനുള്ള ഗൂഢലക്ഷ്യമാണ് ലേഖനത്തിന് പിന്നിലെന്ന് പറഞ്ഞുകൊണ്ട് ആർഎസ്എസിന്റെ അജണ്ടയെ തുറന്നു കാട്ടുന്നുണ്ട് കെ.സി വേണുഗോപാൽ. കോൺഗ്രസിന്റെ ഇരു നേതാക്കളും ബിജെപിയുടെ കേരളത്തിലെ കപട ക്രൈസ്തവ സ്നേഹത്തെ ഒരേപോലെ പ്രതികരണങ്ങളിൽ ചോദ്യം ചെയ്യുന്നുണ്ട്.

കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയുടെ സെപ്റ്റംബർ പതിനഞ്ചാം തീയതിയിലെ ഒന്നാം പേജ് വാർത്തകൾക്കപ്പുറം കൃത്യമായ രാഷ്ട്രീയം രേഖപ്പെടുത്തുന്നതാണ് എന്നു പറയേണ്ടതുണ്ട്. കേരളത്തിൽ കേക്കുമായി ക്രൈസ്തവ ഭവനങ്ങൾ കയറി ഇറങ്ങുന്ന ബിജെപിയുടെ യഥാർത്ഥ മുഖം എന്താണെന്ന് പൊതുജനത്തിന് വ്യക്തമാക്കി നൽകുന് വാർത്തകളാണ് ദീപികയുടെ ഒന്നാംപേജിൽ ഉള്ളത്. ബിജെപിയുടെ ക്രൈസ്തവ സ്നേഹം തിരഞ്ഞെടുപ്പ് ജയിക്കാനുള്ള കേവലം വോട്ട് ബാങ്ക് തന്ത്രമാണെന്ന് ഇന്നാട്ടിലെ ക്രൈസ്തവ വിശ്വാസികൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു എന്ന് പൊതുജനത്തെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ് ദീപികയിൽ പ്രസിദ്ധീകരിച്ച ഈ വാർത്തകൾ.

‘ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടണ്ട’ എന്ന കൃത്യമായ നിലപാടോടെയാണ് ദീപികയുടെ മുഖപ്രസംഗം തുടങ്ങുന്നത്. ആർഎസ്എസിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് മുഖപ്രസംഗത്തിൽ ഉള്ളത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് മാറിനിന്ന് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ യന്ത്രത്തിന് എണ്ണയിട്ടുകൊടുത്ത വർഗീയ പ്രസ്ഥാനം, ദേശസ്നേഹികൾ സാമ്രാജ്യത്വത്തെ ആട്ടിപായച്ചതിനുശേഷവും അതേ പണി തുടരുകയാണ് എന്ന് ആർഎസ്എസിനെതിരെ തുറന്നടിക്കുകയാണ് കത്തോലിക്ക സഭയുടെ മുഖപത്രം. കേസരിയിലെ വർഗീയ ലേഖനത്തെ മുഖപത്രത്തിലും ദീപിക കൃത്യമായി തന്നെ വിമർശിക്കുന്നുണ്ട്. കേരളത്തിൽ ക്രൈസ്തവരുടെ തോളിലേക്ക് കൈ നീട്ടി നിൽക്കുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്ന് മനസ്സിലാവാത്തവർക്കും മനസ്സിലായില്ലെന്ന് നടിക്കുന്ന ഇടനിലക്കാർക്കും മതരാഷ്ട്ര – മനുസ്മൃതി സ്വപ്നങ്ങൾ തുടരാം എന്നും മുഖപത്രത്തിൽ പറയുന്നു. ആർഎസ്എസിന്റെ അജണ്ടകളെ, ബിജെപിയുടെ കപട രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തേണ്ടതും തുറന്നു കാട്ടേണ്ടതും ഈ രാജ്യത്തിന്റെ ആവശ്യമാണ് എന്ന ബോധ്യത്തിൽ തന്നെയാണ് ദീപിക മുഖപത്രം എഴുതിയിരിക്കുന്നത്.

ഭരണഘടനയെ നോക്കുകുത്തിയാക്കി ബിജെപി സംസ്ഥാനങ്ങൾ ചുട്ടെടുത്തുകൊണ്ടിരിക്കുന്ന നിർബന്ധിത മതപരിവർത്തന നിരോധന ബില്ലുകളെ ന്യായീകരിക്കുന്ന നുണകളും ആണ് ആർഎസ്എസിന്റെ മുഖവാരികയിലെ ലേഖനത്തിൽ ഉള്ളതെന്നും മുഖപ്രസംഗം പറയുന്നു. വിമർശനങ്ങളിലോ തുറന്നുപറച്ചിലുകളിലോ ഒരുതരത്തിലും വിട്ടുവീഴ്ച ഇല്ലാതെ, കൃത്യമായ രാഷ്ട്രീയം സംസാരിക്കുന്ന മുഖപ്രസംഗം തന്നെയാണ് ദീപികയുടേത്. ക്രൈസ്തവ സമൂഹത്തിന് നേരെ കേസരി പ്രസിദ്ധീകരിച്ച ലേഖനത്തിൽ എഴുതിപ്പിടിപ്പിച്ച നുണകളെ ഓരോന്നായി പത്രം പൊളിച്ചടുക്കുന്നുണ്ട്. കേരളത്തിൽ മാത്രം ക്രൈസ്തവരെ തുല്യ പൗരന്മാരായി കാണുന്ന ബിജെപി ഇതിനൊക്കെ മറുപടി പറയുകയോ പറയാതിരിക്കുകയും ചെയ്യട്ടെ. വിജയിച്ചാലും ഇല്ലെങ്കിലും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ബിജെപി സംസ്ഥാനങ്ങൾ പാസാക്കുന്ന മതപരിവർത്തന നിരോധന നിയമങ്ങളുടെ ഭരണഘടന സാധ്യത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട് എന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. ബിജെപിയുടെയും ആർഎസ്എസിന്റെയും രാഷ്ട്രീയ അജണ്ട ആരെക്കാളും നന്നായി തങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും, കേരളത്തിൽ ക്രൈസ്തവ സ്നേഹം കാണിക്കുന്ന ബിജെപിയുടെ മനസ്സിലിരിപ്പ് എന്താണെന്നറിയാമെന്നും വ്യക്തമായി തന്നെ സംസാരിക്കുകയാണ് കത്തോലിക്കാ സഭയുടെ മുഖപത്രം.

നരേന്ദ്ര മോദിജിയുടെ ഭരണത്തിന്റെ തുടർച്ച സംഭവിക്കാതിരിക്കാൻ ആഗോള മതനേതൃത്വം അവിശുദ്ധ സഖ്യത്തിന് നേതൃത്വം കൊടുത്തു എന്ന ലേഖനത്തിലെ പരാമർശത്തോട് ദീപിക പ്രതികരിച്ചത് തുടർഭരണം ഉറപ്പാക്കാൻ വോട്ട് മോഷണം നടത്തിയെന്ന് ആരോപണത്തിൽ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഓടി ഒളിക്കുകയാണ് അന്താരാഷ്ട്ര ഗൂഢാലോചന എന്ന് എഴുതി കൊണ്ടായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്തെ ആർഎസ്എസിന്റെ ഒറ്റു കൊടുക്കൽ മുതൽ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചേർന്ന് വോട്ട് മോഷണം നടത്തിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം വരെ ദീപിക മുഖപ്രസംഗത്തിൽ ചർച്ചചെയ്യുന്നുണ്ട്. ആർഎസ്എസിന്റെ എല്ലാ ചെയ്തികളെയും ചോദ്യം ചെയ്യുന്ന, ചോദ്യം ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് ഈ എഡിറ്റോറിയൽ. ബ്രിട്ടീഷുകാരെയും ഹിന്ദുത്വയെയും ഒരുപോലെ എതിർത്ത് സ്വാതന്ത്ര്യം നേടിത്തന്ന ദേശീയനേതാക്കളുടെ പിന്മുറക്കാർക്ക്, ഭിന്നിപ്പിക്കൽ തന്ത്രങ്ങൾക്കു മുന്നിൽ അടിയറവ് പറയാനാകില്ല. രാജ്യത്തെ മതരാഷ്ട്രമാക്കാനാഗ്രഹിക്കുന്നവർക്കു മാത്രം സംപൂജ്യവും മറ്റുള്ളവർക്കു ജാത്യാധിഷ്ഠിത നീച നിയമങ്ങളുടെയും സ്ത്രീവിരുദ്ധതയുടെയുമൊക്കെ കറുത്ത പുസ്തകവുമായ മനുസ്മൃ‌തിയല്ല, അതു കത്തിച്ചവരുടെ മുൻകൈയിൽ രൂപം കൊണ്ട ഇന്ത്യൻ ഭരണഘടനയാണ് ജീവശ്വാസം. മതപരിവർത്തന നിരോധന നിയമങ്ങൾ ചോദ്യം ചെയ്യപ്പെടണം എന്ന് ധീരമായി പറഞ്ഞു കൊണ്ടാണ് ദീപികയുടെ മുഖപ്രസംഗം അവസാനിക്കുന്നത്. ആർഎസ്എസിനെയും ബിജെപിയും ഇതിനേക്കാൾ കൃത്യതയോടെ തുറന്നു കാട്ടാനും വിമർശിക്കാനും കഴിയുകയില്ല.

ദീപിക ദിനപത്രത്തിന്റെ സെപ്റ്റംബർ പതിനഞ്ചാം തീയതിയിലെ ആദ്യ പേജിലെ വാർത്തകളെയും മുഖപ്രസംഗത്തെയും ഒറ്റവാക്കിൽ പ്രതീക്ഷ എന്ന് തന്നെയാണ് വിളിക്കാൻ കഴിയുന്നത്. ആർഎസ്എസിന്റെയും ബിജെപിയുടെയും അജണ്ടകളെ ചോദ്യം ചെയ്യണമെന്നും അതിനെതിരെ പോരാണമെന്നും ക്രൈസ്തവ സഭയുടെ മുഖപത്രം പറയുമ്പോൾ അത് കേരളത്തിന്റെ മതേതര സമൂഹത്തിന് ഒരേസമയം ധൈര്യവും ആശ്വാസവുമാണ് പകർന്നു നൽകുന്നത്. ബിജെപിയുടെ വർഗീയ വിത്തുകൾക്ക് ആർഎസ്എസിന്റെ വിഷം പുരണ്ട ആശയങ്ങൾക്ക് ഈ മണ്ണിൽ സ്ഥാനമില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെടുന്നു. സംഘപരിവാറിന്റെ അജണ്ടകൾക്കെതിരെ ഭരണഘടന ഉയർത്തി പോരാട്ടം നടത്തണം എന്നരാഹുൽഗാന്ധിയുടെ നിലപാടിൽ നിന്നും വിഭിന്നമല്ല ദീപികയുടെ മുഖപ്രസംഗം. മതേതര ഇന്ത്യയുടെ നിലനിൽപ്പിനായി പോരാടണം എന്ന സന്ദേശം തന്നെയാണ് ദീപികയും നൽകുന്നത്.

Back to top button
error: