Breaking NewsCrimeLead NewsNEWS

ട്വിസ്റ്റുകള്‍ അവസാനിക്കാതെ ധര്‍മ്മസ്ഥല; തലയോട്ടികളും അസ്ഥികളും കണ്ടെടുത്തു, ഇന്നും പരിശോധന നടത്തും

മംഗളൂരു: ധര്‍മ്മസ്ഥലയിലെ ബങ്കലെഗുഡെ വനമേഖലയില്‍ ഇന്നും കൂടുതല്‍ തെരച്ചില്‍ നടത്താന്‍ നീക്കം. കഴിഞ്ഞ ദിവസം വനമേഖലയിലെ വിവിധയിടങ്ങളില്‍ നിന്ന് അഞ്ച് തലയോട്ടികളും അസ്ഥികഷ്ണങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. കണ്ടെടുത്ത അസ്ഥികഷ്ണങ്ങള്‍ മനുഷ്യരുടേതാണോയെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനയ്ക്ക് അയക്കുമെന്നും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറിയിച്ചു.

ധര്‍മ്മസ്ഥലയിലെ മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയ്യുടെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നത്. ധര്‍മ്മസ്ഥലയില്‍ നേരത്തെ ഭൂമി കുഴിച്ചുളള പരിശോധനകള്‍ നിര്‍ത്തി വച്ചതായിരുന്നു. ഇതിനുപിന്നാലെ കര്‍ണാടക സ്വദേശികളായ രണ്ടുപേര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ചിന്നയ്യ വനമേഖലയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് കണ്ടെന്നായിരുന്നു അവരുടെ വാദം. ഇതോടെയാണ് കര്‍ണാടക ഹൈക്കോടതി ഇടപെട്ട് വനമേഖലയില്‍ വീണ്ടും പരിശോധനയ്ക്ക് ഉത്തരവിട്ടത്.

Signature-ad

15 ഏക്കറുളള വനമേഖലയിലാണ് ഇന്നലെ വീണ്ടും പരിശോധന ആരംഭിച്ചത്. അസ്ഥി കഷ്ണങ്ങളെ കൂടാതെ ഇവിടെ നിന്ന് സാരി, മരക്കൊമ്പില്‍ കെട്ടിയിട്ട നിലയിലുളള കയര്‍, ഒരു സീനിയര്‍ സിറ്റിസണ്‍ കാര്‍ഡ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഇവയെല്ലാം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്.

ചിന്നയ്യയ്യുടെ വെളിപ്പെടുത്തലിന് പിന്നാലെ ധര്‍മ്മസ്ഥലയില്‍ നിന്ന് ഒരു മനുഷ്യന്റെ പൂര്‍ണ അസ്ഥികൂടവും 100 ഓളം അസ്ഥി ഭാഗങ്ങളും പരിശോധനാ സംഘം കണ്ടെടുത്തിരുന്നു. ഇയാള്‍ അടയാളപ്പെടുത്തി നല്‍കിയ 13 പോയിന്റുകളില്‍ 11 ഇടത്തുനിന്നും പുതുതായി കാണിച്ചു കൊടുത്ത സ്ഥലത്തു നിന്നുമാണ് ഏഴു ദിവസത്തിനിടെ ഇവ കണ്ടെടുത്തത്. എസ്‌ഐടി ‘സര്‍പ്രൈസ് സ്പോട്ട്’ എന്ന് വിശേഷിപ്പിച്ച നേത്രാവതിക്ക് സമീപമുള്ള ബങ്കലെഗുഡെയിലെ കുന്നിന്‍ മുകളില്‍ നിന്നാണ് പൂര്‍ണ അസ്ഥികൂടവും കൂടുതല്‍ അസ്ഥികളും കണ്ടെത്തിയത്.

 

Back to top button
error: