കിളിമാനൂരില്‍ കാല്‍നടക്കാരന്റെ ജീവനെടുത്ത അപകടം; വാഹനം ഓടിച്ചത് സിഐ തന്നെ; തെളിവുകള്‍ നശിപ്പിച്ചു; പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം

തിരുവനന്തപുരം: കിളിമാനൂരില്‍ കാല്‍നട യാത്രക്കാരന്റെ മരണത്തിനിടയാക്കിയ വാഹനമോടിച്ചത് പാറശ്ശാല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സിഐ പി അനില്‍കുമാര്‍ തന്നെയാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ഞായറാഴ്ച മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശ്ശാല സ്റ്റേഷന്‍ വിട്ട് അനില്‍കുമാര്‍ തട്ടത്തുമലയിലെ വീട്ടില്‍ പോയത്. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിര്‍ത്താതെ പോയതെന്നാണ് വിവരം. അപകടമുണ്ടാക്കിയ അനില്‍കുമാറിന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ പാറശ്ശാല സിഐ പി അനില്‍കുമാറിനെതിരെ നടപടിയുണ്ടാകുമെന്ന കാര്യം ഉറപ്പായി. റൂറല്‍ എസ്പി റെയ്ഞ്ച് ഐജിക്ക് രാവിലെ റിപ്പോര്‍ട്ട് നല്‍കി. സി ഐയുടെ ഭാഗത്തു ഗുരുതര വീഴ്ച്ചയുണ്ടെന്നാണ് കണ്ടെത്തല്‍. എസ്എച്ച്ഒ അനില്‍കുമാര്‍ കുറ്റം സമ്മതിച്ചു. ഒരാള്‍ വാഹനത്തിന്റെ സൈഡില്‍ ഇടിച്ചുവീണുവെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഇതിനുശേഷം അയാള്‍ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനില്‍കുമാര്‍ പറയുന്നത്. അപകടത്തിന്റെ അന്വേഷണം ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ചുലാലിന് കൈമാറി.,
കഴിഞ്ഞ പത്താം തീയതി പുലര്‍ച്ചെ അഞ്ചിനാണ് കിളമാനൂരില്‍ വെച്ച് സംഭവം നടന്നത്. വയോധികനെ ഇടിച്ചത് അറിഞ്ഞിട്ടും ഡ്രൈവര്‍ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. വയോധികന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടശഷം കാര്‍ സ്വകാര്യ വര്‍ക്ക് ഷോപ്പില്‍ കൊണ്ട് പോയി അറ്റകുറ്റപണി നടത്തി തെളിവ് നശിപ്പിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഡിവൈഎസ്പി തലത്തില്‍ അന്വേഷണം നടത്തും.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കിളിമാനൂര്‍ പൊലീസ് വാഹനം തിരിച്ചറിഞ്ഞത്. അപകടത്തില്‍ കിളിമാനൂര്‍ സ്വദേശി രാജന്‍ (59) ആണ് മരിച്ചത്. വാഹനമിടിച്ച ശേഷം രാജന്‍ ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നിരുന്നു. കിളിമാനൂര്‍ പൊലിസ് സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ കാറിന്റെ നമ്പര്‍ ദൃശ്യമായിരുന്നില്ല. തുടര്‍ന്ന് തിരുവല്ലം ടോള്‍ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സി ഐയുടെ വാഹനമാണെന്ന് തിരിച്ചറിഞ്ഞത്.






