വിജിലന്‍സ് ക്ലിയറന്‍സ് നല്‍കാതെ ദ്രോഹിക്കുന്നു; സര്‍ക്കാരിനെതിരെ ഡിജിപി യോഗേഷ് ഗുപ്ത നിയമപോരാട്ടത്തിന്

തിരുവനന്തപുരം: കേന്ദ്രസര്‍വീസില്‍ നിയമനം ലഭിക്കുന്നതിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ഡിജിപി യോഗേഷ് ഗുപ്ത നിയമനടപടിക്ക്. കേന്ദ്ര സര്‍വീസില്‍ സേവനം അനുഷ്ഠിക്കാനുള്ള തന്റെ അവസരം മനഃപൂര്‍വം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് സംസ്ഥാനം പ്രവര്‍ത്തിച്ചതെന്ന് കാണിച്ച് യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഹര്‍ജിയില്‍ ട്രൈബ്യൂണല്‍ ഇന്നു വാദം കേള്‍ക്കും.
കേന്ദ്രത്തില്‍ നിയമനം ലഭിക്കുന്നതിനുള്ള വിജിലന്‍സിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറാത്തതിന് എതിരെയാണ് ഫയര്‍ഫോഴ്‌സ് മേധാവിയായ യോഗേഷ് ഗുപ്ത ട്രൈബ്യൂണലിനെ സമീപിച്ചത്. സര്‍ക്കാരിനു പുറമേ ചീഫ് സെക്രട്ടറി, പൊതുഭരണ സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
റിപ്പോര്‍ട്ട് കൈമാറില്ലെന്ന കടുംപിടിത്തം സര്‍ക്കാര്‍ തുടരുന്ന സാഹചര്യത്തിലാണ് ഐപിഎസ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായ യോഗേഷിന്റെ നീക്കം. കേന്ദ്ര സര്‍വീസില്‍ ഡിജിപിയായി എം പാനല്‍ ചെയ്യുന്നതിനാവശ്യമായ വിജിലന്‍സ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് നല്‍കാന്‍ കത്തും ഇമെയിലും വഴി 9 തവണ കേന്ദ്രം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ അതു പരിഗണിച്ചിട്ടില്ല. ഉദ്യോഗസ്ഥനെന്ന നിലയിലുള്ള തന്റെ വളര്‍ച്ച തടയാന്‍ ലക്ഷ്യമിട്ടാണിതെന്നും യോഗേഷ് ഗുപ്ത ഹര്‍ജിയില്‍ കുറ്റപ്പെടുത്തി.






