Breaking NewsIndiaLead NewsNEWS

സമൂസ വാങ്ങാന്‍ മറന്നു, കുടുംബകലഹം!!! ഭര്‍ത്താവിനെ സംഘംചേര്‍ന്ന് മര്‍ദിച്ച് ഭാര്യയും ഭാര്യവീട്ടുകാരും

ലഖ്നൗ: സമൂസയെച്ചൊല്ലി ദമ്പതിമാര്‍ക്കിടയിലുണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവിന് ഭാര്യവീട്ടുകാരുടെ ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം. പിലിഭിത്ത് ആനന്ദ്പുര്‍ സ്വദേശിയായ ശിവം കുമാറിനെയാണ് സമൂസയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഭാര്യവീട്ടുകാര്‍ മര്‍ദിച്ചത്. ശിവംകുമാറിന്റെ അമ്മയുടെ പരാതിയില്‍ ഇയാളുടെ ഭാര്യ സംഗീതയ്ക്കും ബന്ധുക്കള്‍ക്കും എതിരേ പോലീസ് കേസെടുത്തു.

ഓഗസ്റ്റ് 30 മുതലാണ് സംഭവങ്ങളുടെ തുടക്കമെന്ന് പോലീസ് പറഞ്ഞു. സമൂസ വാങ്ങിക്കൊണ്ടുവരണമെന്ന് സംഗീത ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. എന്നാല്‍, സമൂസ വാങ്ങാതെയാണ് ശിവംകുമാര്‍ അന്നേദിവസം വീട്ടിലെത്തിയത്. കാരണം തിരക്കിയപ്പോള്‍ വാങ്ങാന്‍ മറന്നുപോയെന്നായിരുന്നു ഇയാള്‍ നല്‍കിയ മറുപടി. ഇതോടെ ദമ്പതിമാര്‍ തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. പിറ്റേദിവസം സംഗീത തന്റെ മാതാപിതാക്കളെ ഈ വിവരം അറിയിക്കുകയും ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയുംചെയ്തു. തുടര്‍ന്ന് സംഗീതയുടെ മാതാപിതാക്കളും ബന്ധുക്കളും ശിവംകുമാറുമായി സംസാരിച്ചു. പ്രശ്നം ഒത്തുതീര്‍പ്പായെന്ന് കരുതിയെങ്കിലും ഇതിനിടെ സംഗീതയും മാതാപിതാക്കളും ബന്ധുക്കളായ മറ്റുള്ളവരും ചേര്‍ന്ന് ശിവംകുമാറിനെ മര്‍ദിച്ചെന്നാണ് പരാതി. പ്രതികള്‍ ശിവംകുമാറിനെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു.

Signature-ad

മര്‍ദനത്തില്‍ പരിക്കേറ്റ ശിവംകുമാറിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ശിവംകുമാറിന്റെ അമ്മ പോലീസില്‍ പരാതി നല്‍കിയത്. അതേസമയം, ശിവംകുമാറിന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് പിലിഭിത്ത് എസ്എസ്പി അഭിഷേക് യാദവ് പറഞ്ഞു. സമൂസയെച്ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികവിവരമെന്നും എന്നാല്‍, മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നത് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പ്രതികരിച്ചു. അതിനിടെ, വീട്ടിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

 

 

Back to top button
error: