മൊബൈലിനും ടിവിക്കും മാത്രമല്ല സിമന്റിന് വരെ വില കുറയും; ജീവിത ചിലവ് കുറയുന്നു, വ്യവസായികള്‍ക്കും സഹായകരം; ജിഎസ്ടി പരിഷ്‌കരണത്തില്‍ സംഭവിക്കുന്നത്

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പുതിയ ജി എസ് ടി നിരക്ക് പരിഷ്‌കരണം സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കും. നേരത്തെയുണ്ടായിരുന്ന നാല് സ്ലാബുകളില്‍ നിന്ന് രണ്ട് സ്ലാബുകളായി (5%, 18%) ജി എസ് ടി ഘടന ലളിതമാക്കിയതോടെ, ദൈനംദിന ഉപയോഗ വസ്തുക്കള്‍ മുതല്‍ വാഹന ഭാഗങ്ങള്‍ വരെ വില കുറയും. പരിഷ്‌കരണം ഉപഭോഗത്തെ സമ്പദ്വ്യവസ്ഥയുടെ ‘എഞ്ചിന്‍’ ആക്കി മാറ്റുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ജീവിത ചിലവ് കുറയുന്നു
‘സര്‍ക്കാര്‍ തീരുമാനം ജനങ്ങളിലും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ‘ഹെയര്‍ ഓയില്‍, ഷാംപൂ, ടൂത്ത് പേസ്റ്റ്, സോപ്പ് തുടങ്ങിയവയുടെ ജി എസ് ടി 18%ല്‍ നിന്ന് 5% ആയി കുറഞ്ഞു. ഇത് ഞങ്ങളുടെ മാസ ചെലവില്‍ നല്ലൊരു ഭാഗം ലാഭിക്കാന്‍ സാധിക്കാം. വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ എന്നിവയുടെ വിലയും കുറയുന്നതോടെ, ദീപാവലിക്ക് പുതിയ ടിവിയോ മൊബൈലോ വിലക്കുറവില്‍ വാങ്ങിക്കാം.’ കൊച്ചി സ്വദേശിനിയായ ലക്ഷ്മി പറയുന്നു.
വീട്ടുപകരണങ്ങള്‍
‘ബിസ്‌കറ്റ് പോലുള്ള ഭക്ഷ്യവസ്തുക്കള്‍ 5% ജി എസ് ടി സ്ലാബിലേക്ക് മാറിയതോടെ, ഉപഭോഗം വര്‍ധിക്കും. ഇത് മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് കൂടുതല്‍ ചെലവഴിക്കാനുള്ള അവസരം നല്‍കും.’ ബ്രിട്ടാനിയ എംഡി വരുണ്‍ ബെറി പറയുന്നു. ‘വാഷിംഗ് മെഷീനും മിക്‌സിയും വാങ്ങാന്‍ പ്ലാന്‍ ചെയ്യുകയായിരുന്നു. ജി എസ് ടി കുറഞ്ഞതോടെ വിലയില്‍ വലിയ വ്യത്യാസം വരും. വീട്ടുപകരണങ്ങളുടെ ജി എസ് ടി 28%ല്‍ നിന്ന് 18% ആയോ 5% ആയോ കുറഞ്ഞത്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, വീട്ടുജോലികള്‍ എളുപ്പമാക്കുന്ന ഉപകരണങ്ങള്‍ കൂടുതല്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കും.’ ഐടി ജീവനക്കാരിയായ സുജാത പറയുന്നു.
വ്യവസായികള്‍ക്കും സഹായകരം
സ്ലാബുകള്‍ വെട്ടിക്കുറച്ചത് നികുതി കണക്കാക്കുന്നതിലും സഹായകരമാകുന്നു. ‘നാല് സ്ലാബുകള്‍ ഉണ്ടായിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് ഓരോ ഉത്പന്നത്തിന്റെയും നികുതി കണക്കാക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ 5% ഉം 18% ഉം മാത്രമായപ്പോള്‍, ഇന്‍പുട്ട് ക്രെഡിറ്റ് കണക്കാക്കലും സപ്ലെ ചെയിന്‍ മാനേജ്‌മെന്റും എളുപ്പമാകും ചെറുകിട ബിസിനസുകള്‍ക്ക് GST compliance-ന്റെ സങ്കീര്‍ണത കുറയുന്നത് വലിയ ആശ്വാസമാണ്’ കോഴിക്കോട് നിന്നുള്ള ഒരു ചെറുകിട വ്യവസായി പറയുന്നു.
വാഹന മേഖല
ഗതാഗത-ലോജിസ്റ്റിക്‌സ് മേഖലയിലും പുതിയ പരിഷ്‌കരണം അനുകൂലമായി മാറും. അതായത് ടയറുകള്‍, ലൂബ്രിക്കന്റുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് തുടങ്ങിയവയുടെ വില കുറയും. ഈ ഉത്പന്നങ്ങളുടെ ജി എസ് ടി 28%ല്‍ നിന്ന് 18% ആയോ 5% ആയോ കുറയുന്നത് വാഹന മേഖലയ്ക്ക് വലിയ ആശ്വാസകരമാണ്. വാഹന ആക്‌സസറികളുടെ വില കുറഞ്ഞാല്‍, ഞങ്ങളുടെ വരുമാനത്തില്‍ നിന്ന് മെയിന്റയിന്‍സിന് ചെലവഴിക്കുന്ന തുക കുറയും.
ആരോഗ്യ മേഖല
പ്രമേഹ മരുന്നുകളുടെയും ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകളുടെയും വില കുറകുറയുന്നതും സാധാരണക്കാര്‍ക്ക് ആശ്വാസകരമാണ്. മരുന്നുകള്‍, ആശുപത്രി ബില്ലുകള്‍, ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍ എന്നിവയുടെ ജി എസ് ടി 12%ല്‍ നിന്നോ 18%ല്‍ നിന്നോ 5% ആയി കുറഞ്ഞത് ആരോഗ്യ സംരക്ഷണ ചെലവുകള്‍ കുറയ്ക്കും. എന്നാല്‍, ഇന്‍ഷുറന്‍സ് ജി എസ് ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.
നിരക്ക് മാറ്റങ്ങളെക്കുറിച്ച് അറിയേണ്ടത്
നിരക്ക് മാറ്റങ്ങള്‍ എപ്പോള്‍ നിലവില്‍ വരും?
സിഗരറ്റ്, പുകയില, ബീഡി എന്നിവ ഒഴികെയുള്ള വസ്തുക്കളുടെയും സേവനങ്ങളുടെയും ജി എസ് ടി നിരക്ക് മാറ്റങ്ങള്‍ 2025 സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും.
ഗതാഗതത്തിലുള്ള e-way ബില്ലുകള്‍ റദ്ദാക്കി പുതിയവ ജനറേറ്റ് ചെയ്യേണ്ടതുണ്ടോ?
നിലവില്‍ ഗതാഗതത്തിലുള്ള e-way ബില്ലുകള്‍ അവയുടെ യഥാര്‍ത്ഥ കാലാവധി വരെ സാധുതയുള്ളവയായിരിക്കും.
പനീര്‍, മറ്റ് ചീസുകള്‍ എന്നിവയ്ക്ക് വ്യത്യസ്ത നികുതി ചികിത്സ എന്തുകൊണ്ട്?
പ്രീ-പാക്കേജ്ഡ്, ലേബല്‍ ചെയ്ത പനീര്‍ 5% ജി എസ് ടിക്ക് കീഴിലാണ്, ഇത് ചെറുകിട മേഖലയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ കോട്ടേജ് ചീസിനെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
കാര്‍ബണേറ്റഡ് ഫ്രൂട്ട് ഡ്രിങ്കുകളുടെ ജിഎസ്ടി വര്‍ധന എന്തിന്?
മുമ്പ് ഈ ഡ്രിങ്കുകള്‍ക്ക് ജിഎസ്ടിക്ക് പുറമെ കോംപണ്‍സേഷന്‍ സെസ് ഉണ്ടായിരുന്നു. സെസ് നീക്കം ചെയ്തതോടെ, മൊത്തം നികുതി ഭാരം സമാനമായി നിലനിര്‍ത്താന്‍ ജി എസ് ടി വര്‍ധിപ്പിച്ചു.






