അരിയെത്ര പയറഞ്ഞാഴി!!! എന്തുകൊണ്ട് റഷ്യയ്ക്കെതിരെ നടപടിയില്ലെന്ന് ചോദ്യം; ഇന്ത്യയെ ചൂണ്ടിക്കാട്ടി പൊട്ടിത്തെറിച്ച് ട്രംപ്

വാഷിങ്ടണ്‍: റഷ്യയ്‌ക്കെതിരെ നടപടിയെടുത്തില്ലെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നതിന് ഇന്ത്യയ്ക്ക് മേല്‍ ദ്വിതീയ ഉപരോധം ഏര്‍പ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തകനോട് ട്രംപ് രോഷം പ്രകടിപ്പിച്ചത്.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനോടുള്ള നിരാശയും അതൃപ്തിയും പ്രകടിപ്പിച്ചതല്ലാതെ റഷ്യയ്ക്കെതിരെ യാതൊരു നടപടിയും എടുത്തില്ലല്ലോ എന്ന് ഒരു പോളീഷ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടാണ് ട്രംപ് അസ്വസ്ഥതയോടെ പൊട്ടിത്തെറിച്ച് പ്രതികരണം നടത്തയത്. പോളണ്ട് പ്രസിഡന്റ് കരോള്‍ നവ്റോക്കിയുമായി ഓവല്‍ ഓഫീസില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം.
‘നടപടിയൊന്നും എടുത്തില്ലെന്ന് നിങ്ങള്‍ക്കെങ്ങനെ അറിയാം? ചൈനയ്ക്ക് പുറമെ റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ വാങ്ങുന്ന ഇന്ത്യയുടെ മേല്‍ ദ്വിതീയ ഉപരോധം ഏര്‍പ്പെടുത്തിയത് ഒരു നടപടിയല്ലെന്ന് നിങ്ങള്‍ പറയുമോ? അത് റഷ്യക്ക് നൂറുകണക്കിന് ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കി. ഇതിനെയാണോ നിങ്ങള്‍ നടപടിയല്ലെന്ന് പറയുന്നത്? ഞാന്‍ ഇതുവരെ രണ്ടാം ഘട്ടമോ മൂന്നാം ഘട്ടമോ ചെയ്തിട്ടില്ല. എന്നാല്‍ നടപടിയൊന്നും ഇല്ലെന്ന് നിങ്ങള്‍ പറയുമ്പോള്‍, നിങ്ങള്‍ ഒരു പുതിയ ജോലി കണ്ടെത്തണമെന്നാണ് എനിക്ക് പറയാനുള്ളത്’ ട്രംപ് പോളിഷ് റിപ്പോര്‍ട്ടറോട് പറഞ്ഞു.
ഇന്ത്യ വാങ്ങിയാല്‍, ഇന്ത്യക്ക് വലിയ പ്രശ്‌നങ്ങളുണ്ടാകും, അതാണ് സംഭവിക്കുന്നത്. ഇക്കാര്യം രണ്ടാഴ്ച മുന്‍പേ താന്‍ പറഞ്ഞിട്ടുണ്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ചൈനയുടെ സൈനിക പരേഡില്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങിനൊപ്പം പുതിനും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും പങ്കെടുത്തതിനെക്കുറിച്ചും, മോസ്‌കോയ്ക്കെതിരെ ദ്വിതീയ ഉപരോധം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടോയെന്നും ചോദിച്ചപ്പോള്‍ ട്രംപ് ഇങ്ങനെ മറുപടി നല്‍കി, ‘ശരിയാണ്, ഇന്ത്യയുടെ കാര്യത്തില്‍ ഞാനത് ഇതിനകം ചെയ്തിട്ടുണ്ട്. മറ്റ് കാര്യങ്ങളിലും ഞങ്ങള്‍ അത് ചെയ്യും’.
റഷ്യന്‍ എണ്ണവാങ്ങുന്നതിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ 25 ശതമാനം പിഴത്തീരുവയടക്കം യുഎസ് ഇന്ത്യന്‍ ഇറക്കുമതിക്ക് 50 ശതമാനം തീരുവയാണ് ചുമത്തുന്നത്.






