Breaking NewsKeralaLead NewsNEWS

നിയന്ത്രണംവിട്ട കാര്‍ വീട്ടിലേക്ക് പാഞ്ഞുകയറി കട്ടിലില്‍ തട്ടിനിന്നു; കട്ടിലിരുന്ന ഗൃഹനാഥന്‍ തെറിച്ചുവീണു

ഇടുക്കി: നിയന്ത്രണംവിട്ട കാര്‍ വീട്ടിലേക്ക് പാഞ്ഞുകയറി കട്ടിലില്‍ തട്ടിനിന്നതിനാല്‍ അപകടം ഒഴിവായി. ഈ കട്ടിലിരുന്ന ഗൃഹനാഥന്‍ തെറിച്ചുവീണെങ്കിലും കാര്യമായ പരുക്കില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിലാംകണ്ടം തേക്കിലക്കാട്ട് തോമസ്(അച്ചന്‍കുഞ്ഞ്) ആണ് രക്ഷപ്പെട്ടത്. മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന-കുട്ടിക്കാനം റൂട്ടില്‍ വെള്ളിലാംകണ്ടം കുഴല്‍പാലത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.

മാട്ടുക്കട്ടയില്‍നിന്ന് വരുകയായിരുന്ന കല്‍ത്തൊട്ടി സ്വദേശി സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വീടിനുള്ളില്‍ ടിവി കണ്ടുകൊണ്ട് തോമസ് കട്ടിലില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം. ഈ കട്ടിലില്‍ ഇടിച്ചാണ് കാര്‍ നിന്നത്. തോമസ് കട്ടിലില്‍നിന്ന് തെറിച്ച് നിലത്തുവീണെങ്കിലും കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തോമസിന്റെ ഭാര്യ മേരിയും അപകട സമയം വീടിനുള്ളില്‍ ഉണ്ടായിരുന്നു. തോമസിനെ ലബ്ബക്കട കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം വിട്ടയച്ചു.

Back to top button
error: