വ്യാജ പീഡന പരാതി, ഗൂഢാലോചന നടന്നത് സിപിഎം ഓഫീസില്‍; ഗുരുതര ആരോപണവുമായി അധ്യാപകന്‍

ഇടുക്കി: പീഡനക്കേസില്‍ കുറ്റ വിമുക്തനാക്കിയ അധ്യാപകന്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. കോപ്പിയടി പിടിച്ചതിന് സിപിഎം ഓഫീസില്‍ വച്ച് ഗൂഡാലോചന നടത്തി തനിക്കെതിരേ വ്യാജ പീഡന പരാതി നല്‍കുകയായിരുവെന്നും ആനന്ദ ശിവകുമാര്‍ ആരോപിച്ചു. 2014ലിലാണ് മൂന്നാര്‍ ഗവ. കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് ശിവകുമാറിനെതിരേ അഞ്ച് വിദ്യാര്‍ഥിനികള്‍ പീഡന പരാതി നല്‍കിയത്. കേസില്‍ കഴിഞ്ഞ ദിവസമാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ഇദ്ദേഹത്തെ കുറ്റ വിമുക്തനാക്കിയത്.
ആനന്ദ് ശിവകുമാറിനെതിരെ വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. അഞ്ച് വിദ്യാര്‍ഥിനികളായിരുന്നു അധ്യാപകനെതിരായ പരാതിയുമായി രംഗത്തെത്തിയത്. 2014 ഓഗസ്റ്റ് മുതല്‍ സെപ്തംബര്‍ അഞ്ച് വരെ അധ്യാപകന്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി. സെപ്റ്റംബര്‍ അഞ്ചിന് നടന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ പരാതിക്കാരായ വിദ്യാര്‍ഥികള്‍ കോപ്പിയടിച്ചത് ആനന്ദ് കുമാര്‍ കണ്ടെത്തി പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ പീഡന പരാതി നല്‍കിയത്. എന്നാല്‍ പിന്നീട് സര്‍വ്വകലാശാല അന്വേഷണ കമ്മീഷനോട് തങ്ങള്‍ സിപിഎം ഓഫീസില്‍ വച്ചാണ് പരാതി തയ്യാറാക്കിയതെന്നതടക്കമുള്ള കാര്യങ്ങള്‍ പരാതിക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് കോടതി ആനന്ദ് ശിവകുമാറിനെ കുറ്റവിമുക്തനാക്കിയത്.
കേസില്‍ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി അധ്യാപകന്‍ രംഗത്തെത്തിയത്. തന്നെ കുടുക്കാന്‍ അധ്യാപകരടക്കമുള്ള കോളജ് അധികൃതര്‍ ഗൂഡാലോചന നടത്തിയെന്നും ഗൂഡാലോചനയില്‍ അന്നത്തെ മുന്‍ എം എല്‍ എ എസ് രാജേന്ദ്രനടക്കം പങ്കുണ്ടെന്നും ആനന്ദ് ശിവകുമാര്‍ ആരോപിക്കുന്നു.






