Breaking NewsIndia

നിരീക്ഷിക്കുന്നത് പഞ്ചാബിലെ പ്രളയബാധിത പ്രദേശങ്ങള്‍ ; ബോട്ടിലിരുന്ന് ചര്‍ച്ച നടത്തുന്നത് സ്വീഡനില്‍ നടത്തിയ കപ്പല്‍ യാത്ര

ഛണ്ഡീഗഡ് : പഞ്ചാബിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ യൂറോപ്പില്‍ നടത്തിയ ആഡംബര കപ്പല്‍ യാത്രകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന വീഡിയോ പുറത്തുവന്നതോടെ പഞ്ചാബില്‍ മന്ത്രിമാര്‍ക്കെതിരേ വന്‍ പ്രതിഷേധം. പഞ്ചാബ് മന്ത്രിമാരുടെ 27 സെക്കന്‍ഡ് വീഡിയോ പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കി. ദുരിതാശ്വാസപ്രവര്‍ത്തനം ചര്‍ച്ച ചെയ്യുന്നതിനായിരുന്നു ബോട്ടുയാത്ര.

പ്രളയ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വേണ്ടിയാണ് മൂന്ന് മന്ത്രിമാരായ ബരീന്ദര്‍ ഗോയല്‍, ലാല്‍ജിത് ഭുള്ളര്‍, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ ദുരന്തമേഖലയിലൂടെ ബോട്ട് യാത്ര നടത്തിയത്. ടര്‍ണ്‍ തരണ്‍-ഹാരികെ പ്രദേശത്ത് നടത്തിയ പരിശോധനക്കിടെയാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Signature-ad

നിയമസഭയിലെ പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്വ ഈ വീഡിയോ എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) പങ്കുവെച്ചു. ഈ സംഭവത്തെ അപലപിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ കുറിച്ചു: ‘പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന പഞ്ചാബിലെ കുടുംബങ്ങള്‍ ഒരു ഗ്ലാസ് കുടിവെള്ളത്തിനായി യാചിക്കുമ്പോള്‍, പഞ്ചാബ് മന്ത്രിമാരായ ബരീന്ദര്‍ ഗോയല്‍, ലാല്‍ജിത് ഭുള്ളര്‍, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ക്ക് സ്വീഡനിലെയും ഗോവയിലെയും ആഡംബര കപ്പല്‍ യാത്രകളുടെ സുവര്‍ണ്ണ ഓര്‍മ്മകള്‍ അയവിറക്കാന്‍ സമയം കിട്ടി. എന്തൊരു ദുരിതാശ്വാസ സന്ദര്‍ശനം!’

വിഡിയോയില്‍, പൊതുമരാമത്ത്, വൈദ്യുതി മന്ത്രിയായ ഹര്‍ഭജന്‍ സിംഗ്, ‘ഞാന്‍ സ്വീഡനില്‍ ഒരു കപ്പലില്‍ യാത്ര ചെയ്തു. അവിടെ കപ്പലില്‍ തന്നെ എല്ലാം ഉണ്ടായിരുന്നു, ഹോട്ടലും മറ്റും’ എന്ന് പറയുന്നത് കേള്‍ക്കാം. ഇതിന് മറുപടിയായി പഞ്ചാബ് ജലവിഭവ വകുപ്പ് മന്ത്രി ബരീന്ദര്‍ ഗോയല്‍ ഗോവയിലും സ്ഥിതി അതുപോലെയാണെന്ന് പറയുന്നുണ്ട്. ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് നദികളിലും പുഴകളിലും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ ദുരിതത്തിലായിരിക്കുമ്പോഴാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.

സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനങ്ങളുടെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും സ്ഥിതി വിലയിരുത്താന്‍ മന്ത്രിസഭാംഗങ്ങള്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍, 7,689 ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. പഞ്ചാബിലെ പല ജില്ലകളും പ്രളയത്തിന്റെ പിടിയിലാണ്, പ്രളയബാധിത പ്രദേശങ്ങളിലുള്ള ആളുകള്‍ക്ക് സഹായം നല്‍കാന്‍ വിവിധ ഏജന്‍സികള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

Back to top button
error: