പന്തു മാത്രമല്ല തോക്കുമെടുക്കും! ബ്ലാസ്റ്റേഴ്സിന്റെ ‘ആശാന്’ വീണ്ടും കേരളത്തിലേക്ക്; ഇത്തവണ വിനീതിന്റെ ‘കരം’ പിടിക്കാന്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകരില്‍ ഏറ്റവും ജനപ്രിയനായിരുന്ന ഇവാന് വുക്കൊമനോവിച്ച് തിരിച്ചെത്തുന്നു; ഇത്തവണ ഫുട്ബോള്‍ പരിശീലകനായല്ല അദ്ദേഹത്തിന്റെ വരവ്. മറിച്ച് ഒരു മലയാളം സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഇവാന്റെ തിരിച്ചുവരവ്. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘കര’ത്തിലാണ്, വുക്കൊമനോവിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ഇവാന് വുക്കൊമനോവിച്ചിന്റെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്ന ഇവാന് വുക്കൊമനോവിച്ചിനെ, പരിശീലക സ്ഥാനത്ത് തിരികെ നിയമിക്കണമെന്ന ആവശ്യം ഇടക്കാലത്ത് ശക്തമായിരുന്നു. വുക്കൊമനോവിച്ചിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോലും ഈ ആവശ്യവുമായി ബ്ലാസ്റ്റേഴ്സ് ആരാധകര്‍ എത്തി. ഇതിനിടെയാണ് വിനീത് ശ്രീനിവാസന്റെ ‘കരം’ പിടിച്ച് ചലച്ചിത്ര താരമായി ഇവാന് വുക്കൊമനോവിച്ചിന്റെ അപ്രതീക്ഷിത തിരിച്ചുവരവ്.
നോബിള്‍ ബാബു തോമസ് നായകനാകുന്ന ചിത്രം പതിവ് വിനീത് ശ്രീനിവാസന് സിനിമകളില്‍നിന്ന് വ്യത്യസ്തമാകുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. വിദേശ രാജ്യങ്ങളിലാണ് ചിത്രത്തിന്റെ ഏറിയ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും ട്രെയിലറില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. നായകനായ നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധാനത്തിനൊപ്പം വിശാഖുമായി ചേര്‍ന്ന് നിര്‍മാണത്തിലും വിനീത് പങ്കാളിയാണ്.
പൂജ റിലീസായി സെപ്റ്റംബര്‍ 25ന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ ഛായാഗ്രഹണം ജോമോന്.ടി.ജോണ്‍ ആണ്. ഷാന്‍ റഹ്മാനാണ് സംഗീതം. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിങ്. ലസെയര്‍ വര്‍ദുകഡ്സെ, നോബിള്‍ ബാബു തോമസ്, ഐരാക്ലി സബനാഡ്സേ എന്നിവര്‍ ചേര്‍ന്നാണ് സംഘട്ടനരംഗങ്ങളൊരുക്കുന്നത്.






