Breaking NewsKeralaLead NewsNEWS

തുക പിന്‍വലിക്കാനാവില്ല: 10 വര്‍ഷം പൂര്‍ത്തിയായ ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി പുതുക്കണം, ഇല്ലെങ്കില്‍ ബാങ്കിങ് സേവനം തടസപ്പെടും; മുന്നറിയിപ്പുമായി എസ്എല്‍ബിസി

തിരുവനന്തപുരം: 10 വര്‍ഷം പൂര്‍ത്തിയായ ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി പുതുക്കണമെന്നും അല്ലാത്തപക്ഷം ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്എല്‍ബിസി). 57 ലക്ഷം അക്കൗണ്ടുകള്‍ കെവൈസി കാലാവധി കഴിഞ്ഞവയായി കേരളത്തിലുള്ളതായാണ് കണക്ക്. സംസ്ഥാനത്തെ ആകെ ബാങ്ക് അക്കൗണ്ടുകളുടെ 20 ശതമാനത്തോളം വരും ഇത്.

കെവൈസി പുതുക്കാത്തവരുടെ ബാങ്കിങ് സേവനങ്ങള്‍ മുടങ്ങിയിട്ടുണ്ടാവുമെന്ന് എസ്എല്‍ബിസി കണ്‍വീനര്‍ കെ.എസ് പ്രദീപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Signature-ad

2014-15 കാലയളവില്‍ വിവിധ സബ്സിഡികള്‍ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി സീറോ ബാലന്‍സ് സ്വഭാവത്തില്‍ എടുത്ത പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളാണ് കെവൈസി പുതുക്കലില്‍ പിന്നില്‍. 57 ലക്ഷം അക്കൗണ്ടുകളില്‍ 90 ശതമാനവും ഈ ഇനത്തിലുള്ളവയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സബ്സിഡിയായി എത്തുന്ന തുകയടക്കം പിന്‍വലിക്കാനാവില്ല. ചെക്കുകള്‍ മടങ്ങുന്നതിനും ഇത് ഇടയാകുമെന്ന് അദേഹം മുന്നറിയിപ്പ് നല്‍കി.

ബാങ്കില്‍ എത്തി ഫോട്ടോ, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ നല്‍കിയാണ് കെവൈസി പുതുക്കേണ്ടത്. അക്കൗണ്ട് ഉടമകളെ ബോധവല്‍കരിക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത നാല് ശതമാനത്തോളം പേര്‍ ഇപ്പോഴും ഉണ്ട്. നോമിനിയുടെ പേരില്ലെങ്കില്‍ നിക്ഷേപകന്‍ മരിച്ചാല്‍ പണം തിരിച്ച് നല്‍കുന്നത് ബുദ്ധിമുട്ടാകും. ഇത്തരം തുക 10 വര്‍ഷത്തിന് ശേഷം റിസര്‍വ് ബാങ്കിന് കൈമാറും. രാജ്യത്ത് അവകാശികളില്ലാതെ 67,000 കോടി രൂപ നിക്ഷേപമായി ഉണ്ടെന്നാണ് കണക്കെന്നും അദേഹം പറയുന്നു.

Back to top button
error: