വാതുവെപ്പുകള്‍ക്ക് ശിക്ഷയും പിഴയും ഉറപ്പ്: ഓണ്‍ലൈന്‍ ഗെയ്മിങ് പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണം; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയ്മിങ് പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ വാതുവെപ്പുകള്‍ക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഡിജിറ്റല്‍ ആപ്പു വഴിയുള്ള ചൂതാട്ടവും കുറ്റകരമാകും. ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓണ്‍ലൈന്‍ ഗെയ്മിങ്ങിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയുക ലക്ഷ്യമിട്ടാണ് ബില്‍ കൊണ്ടുവരുന്നത്. സെലിബ്രിറ്റികള്‍ ഓണ്‍ലൈന്‍ ഗെയ്മിംഗ് നടത്തുന്നത് നിരോധിക്കുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്. അത്തരം പ്ലാറ്റ്ഫോമുകളുടെ ദോഷകരമായ സ്വാധീനത്തില്‍ നിന്ന്, യുവാക്കളെ സംരക്ഷിക്കുക എന്നതാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
വാതുവെപ്പ് അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ ഗെയിമുകളുടെ പ്രതികൂലമായ സാമൂഹിക ആഘാതം തടയുക, യുവാക്കള്‍ ചൂഷണത്തിന് ഇരയാകുന്നത് തടയുക എന്നിവയാണ് ബില്ലിന്റെ പ്രാഥമിക ലക്ഷ്യമെന്ന് സര്‍ക്കാര്‍ സൂചിപ്പിക്കുന്നു. ഭാരതീയ ന്യായ സംഹിത പ്രകാരം, അനധികൃത വാതുവെപ്പ് ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 2022 നും 2025 നും ഇടയില്‍ 14,000 ലധികം ഓണ്‍ലൈന്‍ ഗെയിമിംഗ്, ബെറ്റിംഗ് ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു.






