‘തിരിച്ചുവരവിനുള്ള സമയം’: വൈറലായി മമ്മൂട്ടിയുടെ പുതിയ ലുക്ക്

കൊച്ചി: കാലമിത്ര കഴിഞ്ഞിട്ടും ജെന്‍ സിയുടെ കാലമെത്തിയിട്ടും സോഷ്യല്‍ മീഡിയയ്ക്ക് ഇന്നും പ്രിയങ്കരനാണ് മമ്മൂട്ടി. അദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ എഐ ഉപയോഗിച്ചു സൃഷ്ടിച്ച മമ്മൂട്ടിയുടെ കിടിലന്‍ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച.
‘മമ്മൂക്കയുടെ തിരിച്ചുവരവിന് സമയമായി’ എന്ന ക്യാപ്ഷനോടെ ‘കനവുകഥ’ എന്ന അക്കൗണ്ടാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കാര്‍ പശ്ചാത്തലമായി വ്യത്യസ്ത പോസുകളിലുള്ള മൂന്നു ചിത്രങ്ങളാണ് പങ്കുവച്ചത്. പതിവു തെറ്റിക്കാതെ സ്‌റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണാനാവുക.
വിശ്രമജീവിതത്തിലായിരുന്ന മമ്മൂക്കയെ ഏറെ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ട ആവേശത്തിലാണ് ആരാധകര്‍. നിരവധി ആരാധകരാണ് ചിത്രത്തില്‍ കമന്റുമായെത്തിയിരിക്കുന്നത്. ‘തിരിച്ചുവരവിനുള്ള സമയം’ എന്നാണ് ഒരാള്‍ കമന്റില്‍ കുറിച്ചത്. ‘മമ്മൂട്ടിക്ക് ഇതുപോലെ ഒരു ഫോട്ടോക്ക് പോസുചെയ്യാന്‍ എഐയുടെ ആവിശ്യം ഇല്ല’ എന്നാണ് മറ്റൊരാളുടെ കമന്റ്.
അതേസമയം, മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിക്കുന്ന ‘കളങ്കാവല്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററും ശ്രദ്ധനേടുകയാണ്. നിഗൂഢവും വിചിത്രവുമായ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്ന മമ്മൂട്ടിയെയാണ് ഞായറാഴ്ച പുറത്തിറക്കിയ പോസ്റ്ററില്‍ കാണാനാവുക.
ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. mammootty-new-ai-photo-gaining-attention-on-social-media






