Breaking NewsLead NewsNEWSWorld

ആ രക്തശോഭ… ചുടുനിണമണിഞ്ഞ് ചന്ദ്രബിംബം! അപൂര്‍വദൃശ്യത്തിന് മുംബൈ സാക്ഷ്യം വഹിക്കും, ദിവസം അടുത്തെത്തിയെന്ന് ഗവേഷകര്‍

കോടാനുകോടി നിഗൂഢ രഹസ്യങ്ങളാണ് പ്രപഞ്ചത്തിലുളളത്. വാനനിരീക്ഷകരും ശാസ്ത്രജ്ഞരും മാസങ്ങളോളവും വര്‍ഷങ്ങളോളവും ഗവേഷണം നടത്തിയാണ് പ്രപഞ്ച രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നത്. ഇപ്പോഴിതാ സെപ്തംബര്‍ ഏഴിന് ചന്ദ്രനില്‍ സംഭവിക്കാന്‍ പോകുന്ന ചില കാര്യങ്ങളാണ് ശാസ്ത്രലോകത്തില്‍ ചര്‍ച്ചയായിരിക്കുന്നത്. അന്ന് നടക്കുന്ന പൂര്‍ണ ഗ്രഹണത്തില്‍ ചന്ദ്രന്റെ നിറം കടുംചുവപ്പാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പ്രതിഭാസത്തെ ‘ബ്ലഡ് മൂണ്‍’ എന്നാണറിയപ്പെടുന്നത്. ഇതിനുപിന്നിലെ കാരണം പരിശോധിക്കാം.

അടുത്ത മാസം ലോകം പൂര്‍ണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. ആ സമയത്ത് ചന്ദ്രനില്‍ ഒരു പ്രത്യേക ചുവന്ന തിളക്കം കാണാന്‍ സാധിക്കും. ഏഷ്യയിലും പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലും ഉടനീളമുളള ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്‍ ഈ നിറത്തില്‍ തന്നെ തുടരും. അതേസമയം, മറ്റുപല രാജ്യങ്ങളിലുളളവര്‍ക്ക് ബ്ലഡ് മൂണിനെ വ്യത്യസ്ത ഘട്ടങ്ങളിലായിരിക്കും കാണാന്‍ സാധിക്കുക. സ്പേസ് റിപ്പോര്‍ട്ടനുസരിച്ച്, ഏഷ്യയിലെയും പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ ചില ഭാഗങ്ങളിലെയും ആകാശ നിരീക്ഷകര്‍ക്ക് അടുത്ത മാസം ഏഴിന് തുടക്കം മുതല്‍ അവസാനം വരെ പൂര്‍ണ ചന്ദ്രഗ്രഹണം അനുഭവപ്പെടും.

Signature-ad

ഇന്ത്യ, ചൈന, റഷ്യ, പടിഞ്ഞാറന്‍ ഓസ്ട്രേലിയ, കിഴക്കന്‍ ആഫ്രിക്ക, അറബ് രാജ്യങ്ങള്‍ എന്നീ രാജ്യങ്ങളിലുളളവര്‍ക്ക് അന്നേ ദിവസം പൂര്‍ണ ചന്ദ്രഗ്രഹണം കാണാന്‍ കഴിയും. എന്നാല്‍ വടക്കേ അമേരിക്കയില്‍ ഗ്രഹണം ദൃശ്യമാകില്ല. അലാസ്‌കയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഭാഗികമായി ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കും. യുകെയിലും പടിഞ്ഞാറന്‍ യൂറോപ്പിലും, ചന്ദ്രഗ്രഹണത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമേ കാണാന്‍ സാധിക്കുകയുളളൂ. ഇന്ത്യയില്‍ സെപ്തംബര്‍ ഏഴിന് ചന്ദ്രഗ്രഹണം രാത്രി 8.58ന് ആരംഭിച്ച് സെപ്റ്റംബര്‍ എട്ടിന് പുലര്‍ച്ചെ 1.25ന് അവസാനിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ സമയത്ത് ചന്ദ്രന്‍ ചുവപ്പ് അല്ലെങ്കില്‍ ഓറഞ്ച് നിറത്തിലായിരിക്കും കാണപ്പെടുക.

ബ്ലഡ് മൂണ്‍

സൂര്യനും ഭൂമിയും ചന്ദ്രനും ഒരു നേര്‍രേഖയില്‍ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. സാധാരണയായി സൂര്യപ്രകാശം ചന്ദ്രനെ പ്രകാശിപ്പിക്കുന്നു. എന്നാല്‍ ചന്ദ്രഗ്രഹണ സമയത്ത് ഭൂമി സൂര്യപ്രകാശത്തെ തടയുന്നു. ഗ്രഹണസമയത്ത് ചന്ദ്രനില്‍ എത്തുന്ന ഏതൊരു സൂര്യപ്രകാശവും ചന്ദ്രനെ പ്രകാശിപ്പിക്കുന്നതിന് മുന്‍പ് ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകും.

ചന്ദ്രനില്‍ എത്തുന്നതിനു മുന്‍പ് ഭൂമിയുടെ അന്തരീക്ഷം സൂര്യപ്രകാശത്തെ അപവര്‍ത്തനം ചെയ്യുന്നു. ഇതോടെ സൂര്യപ്രകാശം കാരണം ചന്ദ്രനില്‍ തിളക്കം അനുഭവപ്പെടും. ഭൂമിയുടെ നിഴല്‍ ചന്ദ്രന്റെ ഉപരിതലത്തെ പൂര്‍ണമായും മൂടുന്നതിനെയാണ് പൂര്‍ണ ചന്ദ്രഗ്രഹണം എന്ന് പറയുന്നത്. സൂര്യപ്രകാശം ചന്ദ്രനില്‍ എത്തുന്നുണ്ടെങ്കിലും, അത് ആദ്യം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്നു. ഇത് പ്രകാശത്തെ ക്രമീകരിക്കുന്നു. ഭൂമിയുടെ അന്തരീക്ഷം കുറഞ്ഞ തരംഗദൈര്‍ഘ്യമുളളവയെ പല ദിശയിലേക്ക് കടത്തി വിടുന്നതിനാല്‍, ചുവന്ന നിറം മാത്രമേ ചന്ദ്രനില്‍ പതിക്കാന്‍ കഴിയുളളൂ. ഇതാണ് ചന്ദ്രന്റെ നിറം ചുവപ്പായി മാറുന്നതിന് കാരണമാകുന്നത്.

ഇത് പ്രകടമാകുന്നത്
1. പെര്‍ത്ത്, ഓസ്ട്രേലിയ- സെപ്തംബര്‍ എട്ടിന് പുലര്‍ച്ചെ ഒന്നരയ്ക്കും 2.52നുമിടയില്‍
2. ഇന്ത്യയില്‍ (മുംബയില്‍) സെപ്തംബര്‍ ഏഴിന് രാത്രി 11 മണിക്കും എട്ടിന് പുലര്‍ച്ചെ 12.22നുമിടയില്‍
3. കെയ്റോ, ഈജിപ്തില്‍ സെപ്തംബര്‍ ഏഴിന് രാത്രി എട്ടരയ്ക്കും 9.52നുമിടയില്‍
4. കേപ് ടൗണ്‍, ദക്ഷിണാഫ്രിക്കയില്‍ സെപ്തംബര്‍ ഏഴിന് രാത്രി ഏഴരയ്ക്കും 8.52നുമിടയില്‍
സൂര്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലെത്തുമ്പോള്‍, തരംഗദൈര്‍ഘ്യം കുറഞ്ഞ നീല പോലുളള നിറങ്ങള്‍ ചിതറി പോകുന്നു. ഇതാണ് പല രാജ്യങ്ങളിലും ബ്ലഡ് മൂണിന്റെ നിറം വ്യത്യസ്തമായി കാണാന്‍ കാരണമാകുന്നത്. അതേസമയം, പണ്ടത്തെയാളുകള്‍ക്ക് ബ്ലഡ് മൂണിന് പിറകിലുളള ശാസ്ത്രീയ കാരണങ്ങള്‍ വ്യക്തമല്ലായിരുന്നു. അതിനാല്‍ത്തന്നെ ബ്ലഡ് മൂണ്‍ പ്രതിഭാസം സംഭവിക്കുമ്പോള്‍ ആളുകള്‍ ഭയപ്പെട്ടിരുന്നു. ലോകം നശിക്കാന്‍ പോകുന്നുവെന്ന തരത്തിലുളള ഭയങ്ങള്‍ അന്ന് ജനങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നു.

 

 

Back to top button
error: