ഒറ്റതിരിഞ്ഞെത്തിയയാളെ കൂട്ടമായി ആക്രമിച്ചു; കുരങ്ങുംകൂട്ടത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ഗൃഹനാഥന് ദാരുണാന്ത്യം

പട്ന: ബിഹാറില്‍ കുരങ്ങുകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ 67 വയസ്സുകാരന് ദാരുണാന്ത്യം. മധുബനി ജില്ലയിലെ ഷാപൂരിലാണ് സംഭവം. കന്നുകാലികള്‍ക്ക് പുല്ല് ശേഖരിക്കുന്നതിനിടെയാണ് രാംനാഥ് ചൗധരിയെ ഇരുപതോളം കുരങ്ങുകള്‍ കൂട്ടമായെത്തി എത്തി ആക്രമിച്ചത്.
ബഹളം കേട്ട് ഓടിയെത്തിയ ഗ്രാമവാസികള്‍ കുരങ്ങുകളെ ഓടിച്ചുവിട്ട് ചൗധരിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിനു ഗുരുതരമായി പരുക്കേറ്റിരുന്നു. മധുബാനി സദര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കുരങ്ങുകളുടെ ആക്രമണത്തില്‍ മരണം സംഭവിച്ചതോടെ ഗ്രാമത്തിലുള്ളവര്‍ പരിഭ്രാന്തിയിലാണ്. കൊലയാളി കുരങ്ങുകളെ ഗ്രാമത്തില്‍നിന്ന് വേഗം പിടികൂടാന്‍ വനംവകുപ്പിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
നേരത്തേ, വീടിന്റെ ടെറസില്‍ നില്ക്കവേ കുരങ്ങുകളുടെ ആക്രമണത്തെത്തുടര്‍ന്ന് താഴെ വീണ് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചിരുന്നു.
ബിഹാറിലെ തന്നെ സിവാന്‍ ജില്ലയില്‍ ഈ വര്‍ഷം ജനുവരിയിലായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പ്രിയ കുമാര്‍ ആണ് മരിച്ചത്. വീടിനു മുകളിലിരുന്ന് പഠിക്കുകയായിരുന്നു പ്രിയ. ഇതിനിടയില്‍ കൂട്ടമായെത്തിയ കുരങ്ങുകള്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.
രക്ഷപെടാനായി താഴേക്കിറങ്ങാന്‍ പടിക്കെട്ടിലൂടെ ഓടുന്നതിനിടെ ഒരു കുരങ്ങ് പ്രിയയെ തള്ളിയിടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. തലയുടെ പിന്‍വശം ഇടിച്ചാണ് പ്രിയ താഴേക്ക് വീണത്. ശരീരമാസകലം മുറിവുകളുമേറ്റു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും എത്തുന്നതിന് മുമ്പ് തന്നെ മരിച്ചു.






