Breaking NewsIndiaLead NewsNEWS

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: കളം തെളിയുന്നു, പ്രതിപക്ഷ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ഇന്ന് യോഗം

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള കളം തെളിയുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ നിശ്ചയിച്ചതിന് പിന്നാലെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയും സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമാക്കുന്നു. പ്രതിപക്ഷ സഖ്യത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിനായി ഇന്ന് നിര്‍ണായക യോഗം ഡല്‍ഹിയില്‍ നടക്കും. രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ രാവിലെയാണ് ഇന്ത്യാ ബ്ലോക്ക് നേതാക്കളുടെ യോഗം നിശ്ചയിച്ചിരിക്കുന്നത്.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ‘രാഷ്ട്രീയേതര’ സംയുക്ത സ്ഥാനാര്‍ഥിയെ മത്സരത്തിന് നിയോഗിക്കുമെന്ന് നേരത്തെ തന്നെ ഇന്ത്യ ബ്ലോക്ക് പ്രഖ്യാപിച്ചിരുന്നു. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍ഖറിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് രാജ്യത്ത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് അനിവാര്യമായത്. സെപ്റ്റംബര്‍ 9 നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 21 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

Signature-ad

ഞായറാഴ്ച വൈകിട്ടാണ് ബിജെപി, എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ആണ് സ്ഥാനാര്‍ഥി സംബന്ധിച്ച തീരുമാനം ഉണ്ടായത്. പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രിക്ക് നന്ദിപറഞ്ഞ് സിപി രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

സാമൂഹ്യമാധ്യമമായ എക്സിലാണ് രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി എന്‍ഡിഎ നേതാക്കള്‍ക്കും നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പ് രാധാകൃഷ്ണന്‍ പങ്കുവച്ചത്. ബിജെപിയും എന്‍ഡിഎയും എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും രാഷ്ട്രത്തെ സേവിക്കാന്‍ എനിക്ക് അവസരം നല്‍കിയതിനും വാക്കുകള്‍ക്കതീതമായി നന്ദി അറിയിക്കുന്നു. അവസാന ശ്വാസം വരെ രാഷ്ട്രത്തിനായി കഠിനാധ്വാനം ചെയ്യുമെന്ന് ഉറപ്പ് നല്‍കുന്നു എന്നും സിപി രാധാകൃഷ്ണന്‍ കുറിച്ചു.

Back to top button
error: