ഷൈനിയുടെയും മക്കളുടെയും മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ പീഡനം; വീടുവിട്ട് ഇറങ്ങിയിട്ടും പീഡനം തുടര്‍ന്നു; സ്പെഷല്‍ പ്രോസിക്യൂട്ടറെ ആവശ്യപ്പെടുമെന്നു പിതാവ്; കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത്

കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവ് നോബിയുടെ പീഡനമെന്ന് കുറ്റപത്രം. ഷൈനിയും മക്കളും വീടുവിട്ടിറങ്ങിയിട്ടും നോബി പീഡനം തുടര്‍ന്നെന്ന് കുറ്റപത്രം. മകളുടെയും കുഞ്ഞുങ്ങളുടെയും മരണത്തില്‍ കുറ്റപത്രം ലഭിച്ചശേഷം സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ആവശ്യപ്പെടണോ എന്ന കാര്യത്തില്‍ തീരുമാനമെന്ന് ഷൈനിയുടെ പിതാവ് കുര്യാക്കോസ്. കേസന്വേഷണത്തില്‍ പൊലീസിന് എല്ലാ വിവരങ്ങളും കൈമാറിയിരുന്നതായും കുര്യാക്കോസ് പറഞ്ഞു.
കുടുംബപ്രശ്നങ്ങള്‍മൂലം ഷൈനി മക്കളെയും കൂട്ടി ട്രെയിനിനു മുന്നില്‍ച്ചാടി ജീവനൊടുക്കുകയായിരുന്നു. നോബിയുമായുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന് ഷൈനിയും മക്കളും ഷൈനിയുടെ ഏറ്റുമാനൂര്‍ പാറോലിക്കലിലെ വടകരയില്‍ വീട്ടിലായിരുന്നു താമസം.
പതിനൊന്നും പത്തും വയസുള്ള പെണ്മക്കളെ ചേര്‍ത്തുപിടിച്ചാണ് ഷൈനി എല്ലാമവസാനിപ്പിക്കാന്‍ ട്രെയിനിനു മുന്പില് നിന്നത്. മൂന്നുപേരും കെട്ടിപ്പിടിച്ചാണ് മരിക്കാനുറച്ച് നിന്നത്. ഭര്‍ത്താവില്‍ നിന്നുള്ള ക്രൂര പീഡനങ്ങള്‍ കാരണമാണ് ഷൈനിയും മക്കളും വീടുവിട്ടിറങ്ങിയത്. ഒന്‍പത് മാസമായി ഏറ്റുമാനൂരിലുള്ള സ്വന്തം വീട്ടില്‍ താമസിച്ചിരുന്ന ഷൈനിക്ക് ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് മനസുലച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു. ഭര്‍ത്താവ് നോബിയുമായുള്ള വിവാഹമോചന കേസ് മുന്നോട്ടു പോകുന്നതിനിടെയാണ് മരണവാര്‍ത്തയെത്തിയത്.
ഷൈനി അനുഭവിച്ചതു കടുത്ത മാനസിക സമ്മര്ദമായിരുന്നെന്നു തെളിയിക്കുന്ന ശബ്ദ സന്ദേശം അന്നുതന്നെ പുറത്തുവന്നിരുന്നു. വിവാഹമോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്നും കേസ് നീണ്ടുപോകുകയാണെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. ഷൈനിയുടെ ആത്മഹത്യക്ക് പിന്നാലെ അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തിരുന്ന ഏറ്റുമാനൂര്‍ പൊലീസ് പ്രതിക്കെതിരെ ഉയര്‍ന്ന കടുത്ത ജനരോഷത്തിനും മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനും പിന്നാലെയാണ് ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയത്.
നോട്ടിസ് നല്കി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ തൊടുപുഴ ചുങ്കം സ്വദേശി നോബിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. നോബിക്കെതിരായി തൊടുപുഴ സ്റ്റേഷനില്‍ ഷൈനി നല്കിയ ഗാര്‍ഹിക പീഡന പരാതിയും നിലവിലുണ്ട്. ഷൈനിയുടെ മാതാപിതാക്കളുടെ വിശദമായ മൊഴിയും ഏറ്റുമാനൂര്‍ പൊലീസ് രേഖപ്പെടുത്തി. കടുത്ത ശാരീരിക പീഡനത്തെ തുടര്‍ന്നാണ് ഷൈനിയും മക്കളും 9 മാസം മുന്‍പ് ഏറ്റുമാനൂരിലെ വീട്ടിലേക്ക് എത്തിയതെന്നാണ് മാതാപിതാക്കളുടെ മൊഴി. shaini-death-case-charge-sheet






