കണ്ണുരുട്ടലും വിരട്ടലും വേണ്ട! ട്രംപിന്റെ ‘ഉമ്മാക്കി’ ഇന്ത്യയില്‍ ചെലവായില്ല, റഷ്യന്‍ എണ്ണ നിര്ത്തയില്ല, നിര്‍ത്തുകയുമില്ല

ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള ‘ശിക്ഷയായി’ അധിക തീരുവ അടിച്ചേല്‍പ്പിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വഴങ്ങാതെ ഇന്ത്യ. താരിഫില്‍ വര്‍ധന വരുത്തിയിട്ടും ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ചെയര്മാന് അര്‍വിന്ദര്‍ സിങ് സാഹ്നി പറഞ്ഞു.
റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുന്നതിന് പിന്നില്‍ ഒറ്റ കാരണം മാത്രമേ ഉള്ളുവെന്നും അത് വിപണിയിലെ വില അടിസ്ഥാനമാക്കി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരാന്‍ ഉദ്ദേശിക്കുന്നതായും രാജ്യത്തെ ഏറ്റവും വലിയ എണ്ണ വിപണന കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചെയര്മാന് വെളിപ്പെടുത്തി. ‘റഷ്യന്‍ എണ്ണ വാങ്ങലില്‍ ഒരു താല്‍ക്കാലിക തടസ്സവുമില്ല, സാമ്പത്തിക പരിഗണനകളെ അടിസ്ഥാനമാക്കിയാണ് ഞങ്ങള്‍ വാങ്ങുന്നത്. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി അളവ് കൂട്ടാനോ കുറയ്ക്കാനോ ശ്രമങ്ങള്‍ നടത്തുന്നില്ല’ എ.എസ്. സാഹ്നി പറഞ്ഞു.
റഷ്യന്‍ എണ്ണ വാങ്ങാതിരിക്കാന്‍ പ്രത്യേകിച്ച് ഉപരോധങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാരില്‍നിന്ന് ഇറക്കുമതി സംബന്ധിച്ച് നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാരണങ്ങളാല്‍ പതിവുപോലെ തങ്ങള്‍ ബിസിനസ് തുടരുന്നു. അതേസമയം താരിഫ് വിഷയത്തില്‍ അമേരിക്കയെ തണുപ്പിക്കാനായി അവിടെനിന്ന് കൂടുതല്‍ എണ്ണ വാങ്ങാനും തങ്ങള്‍ക്കുമേല്‍ നിര്‍ദ്ദേശമില്ലെന്നും എ.എസ്. സാഹ്നി കൂട്ടിച്ചേര്‍ത്തു.






