തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരം കടുപ്പിക്കാന്‍ സാബു ജേക്കബിന്റെ ട്വന്റി 20; 55 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും കൊച്ചി കോര്‍പറേഷനിലും മത്സരിക്കും; സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള പട്ടിക തയാറാക്കി തുടങ്ങി; നല്ല കുടുംബത്തില്‍നിന്നുള്ള ചെറുപ്പക്കാരെ പരിഗണിക്കുമെന്ന് സാബു ജേക്കബ്

തിരുവനന്തപുരം: കിറ്റക്‌സ് എംഡി സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 പാര്‍ട്ടി 55 പഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും ഒരു കോര്‍പറേഷനിലും മത്സരിക്കാനൊരുങ്ങുന്നു. 2015ല്‍ എറണാകുളത്തെ കിഴക്കമ്പലത്തെ വിജയത്തിലൂടെയാണ് കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളെ ഞെട്ടിച്ചുകൊണ്ടു രംഗത്തുവന്നത്. കിറ്റക്‌സിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടുകൊണ്ടു പ്രവര്‍ത്തനമാരംഭിച്ച ട്വന്റി 20 തൃക്കാക്കര, മരട്, ആലുവ എന്നിവയ്ക്കു പുറമേ കൊച്ചി കോര്‍പറേഷനിലും ഇക്കുറി മത്സരിക്കും.
2013ല്‍ രൂപീകരിച്ച പാര്‍ട്ടി കിഴക്കമ്പലത്ത് 19ല്‍ 17 സീറ്റുകളും നേടിയാണു 2015ല്‍ വിജയിച്ചത്. 2020ല്‍ കിഴക്കമ്പലത്തിനു പുറമേ ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍ എന്നീ പഞ്ചായത്തുകളിലും ഭരണം പിടിച്ചു. വെങ്ങോല പഞ്ചായത്തില്‍ ശക്തമായ സാന്നിധ്യമാകാനും ഇവറക്കു കഴിഞ്ഞു. ക്ഷേമം, സുതാര്യത എന്നിവയിലൂന്നിയുള്ള പ്രവര്‍്തനത്തിലൂടെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ കഴിഞ്ഞതാണ് പാര്‍ട്ടിയുടെ വിജയത്തിനു കാരണമായി ഉയര്‍ത്തിക്കാട്ടുന്നത്. അഴിമതിക്കറ പുരണ്ട ഇപ്പോഴത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു ബദലാണു തങ്ങളെന്നും ഇവര്‍ അവകാശപ്പെടുന്നു.
പാര്‍ട്ടിക്കിപ്പോള്‍ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും അടിസ്ഥാനതലത്തില്‍ ശക്തിയുണ്ടെന്നും 55 പഞ്ചായത്തുകളില്‍ മത്സരിക്കുമെന്നും സാബു ജേക്കബ് ദേശീയ മാധ്യമത്തോടു പറഞ്ഞു. പാലക്കാടു മുതല്‍ തിരുവനന്തപുരം മുതലുള്ള വിവിധ പഞ്ചായത്തുകളെയാണു തെരഞ്ഞെടുക്കുന്നത്. കേരളത്തില 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 941 പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും ആറു കോര്‍പറേഷനുകളുമുണ്ട്. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കു നിര്‍ണായക സ്ഥാനമുണ്ടാകുമെന്നും സാബു ജേക്കബ് പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ മേഖല പ്രസ്ഥാനമാണ് കിറ്റക്‌സ്. നിലവില്‍ 16,000 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതില്‍ കൂടുതലും അതിഥി തൊഴിലാളികളാണ്. 2024-25 ധനകാര്യ വര്‍ഷത്തില്‍ മാത്രം നികുതി കഴിച്ച് 138.73 കോടിയാണ് കമ്പനിയുടെ ലാഭം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 146 ശതമാനത്തിനു മുകളിലാണു വളര്‍ച്ച.
2021ലെ തെരഞ്ഞെടുപ്പിലും കിറ്റക്‌സ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. എറണാകുളത്തെ എട്ടു മണ്ഡലങ്ങളിലായിരുന്നു മത്സരിച്ചത്. എന്നാല്‍, കുന്നത്തുനാട്ടില്‍ എന്‍ഡിഎയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി. 2022ല്‍ ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ചെങ്കിലും ആശയവൈരുദ്ധ്യത്തെത്തുടര്‍ന്നു പിരിഞ്ഞു.
ഓരോ വാര്‍ഡിലും മത്സരിക്കാന്‍ യോഗ്യതയുള്ള അഞ്ചുപേരെ കണ്ടെത്തി അവരില്‍നിന്നായിരിക്കും സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുകയെന്നും സാബു ജേക്കബ് പറഞ്ഞു. 40 വയസില്‍ താഴെയുള്ളവരെയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുക. നല്ല കുടുംബത്തില്‍നിന്നുള്ള, സമൂഹത്തില്‍ ശല്യക്കാരല്ലാത്തവരെയാണ് കണ്ടെത്തുക. വരും മാസങ്ങളില്‍ സ്ഥാനാര്‍ഥി സംബന്ധിച്ച തീരുമാനത്തിലെത്തുമെന്നും സാബു ജേക്കബ് പറഞ്ഞു. keralas-csr-party-twenty20-is-eyeing-expansion-plans-to-contest-55-civic-bodies






