Breaking NewsCrimeLead NewsNEWS

ആ രക്തശോഭ… സെബാസ്റ്റ്യന്റെ വീട്ടില്‍ കണ്ടെത്തിയ രക്തക്കറ ജൈനമ്മയുടേത്; കേസില്‍ നിര്‍ണായക വഴിത്തിരിവ്

ആലപ്പുഴ: ഏറ്റുമാനൂരിലെ ജൈനമ്മ തിരോധാനക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. ചേര്‍ത്തല പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടില്‍നിന്നും കണ്ടെത്തിയ രക്തക്കറ കാണാതായ ജൈനമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

സെബാസ്റ്റ്യന്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങളും ജൈനമ്മയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2024 ഡിസംബര്‍ 23 നാണ് ജൈനമ്മയെ കാണാതാകുന്നത്. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, വീടിന് പിന്നിലെ മുറിയില്‍ നിന്നാണ് രക്തക്കറ പൊലീസിന് ലഭിച്ചത്.

Signature-ad

ഫോറന്‍സിക് സംഘം രക്തക്കറ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രക്തക്കറ ജൈനമ്മയുടേതാണെന്ന് സ്ഥിരീകരിച്ചതോടെ, ജൈനമ്മ തിരോധാനക്കേസ് കൊലപാതകക്കേസായി മാറിയതായി കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. ജൈനമ്മയുടെ ശരീരത്തില്‍ പത്തുപവനോളം സ്വര്‍ണാഭരണങ്ങളുണ്ടായിരുന്നു.

ഈ സ്വര്‍ണത്തിനു വേണ്ടിയാണ് സെബാസ്റ്റ്യന്‍ ജൈനമ്മയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ചേര്‍ത്തലയിലെ പല സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിലെത്തിയാണ് സെബാസ്റ്റ്യന്‍ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചിരുന്നത്. കോട്ടയം ക്രൈംബ്രാഞ്ചാണ് ജൈനമ്മ തിരോധാനക്കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

 

Back to top button
error: