വ്യവസായില്‍നിന്ന് 60 കോടി വാങ്ങി വഞ്ചിച്ചു; നടി ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവിനും എതിരെ കേസ്

മുംബൈ: ബിസിനസ് വിപൂലീകരണത്തിന്റെ പേരില്‍ വ്യവസായില്‍ നിന്ന് 60 കോടി രൂപ വാങ്ങി തിരികെ നല്‍കാതെ വഞ്ചിച്ച കേസില്‍ നടി ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്. വ്യവസായി ദീപക് കോത്താരിയുടെ പരാതിയിലാണ് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം താര ദമ്പതികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡില്‍ നടത്തിയ നിക്ഷേപ ഇടപാടാണ് കേസിന് കാരണമായത്. 2015-2016 കാലഘട്ടത്തില്‍ ബിസിനസ് വിപുലീകരണത്തിനായാണ് ദീപക് കോത്താരി 60.48 കോടി രൂപ ദമ്പതികള്‍ക്ക് നല്‍കിയത്.
2015 ല്‍ രാജേഷ് ആര്യ എന്ന ഏജന്റ് വഴിയാണ് ഷെട്ടി-കുന്ദ്രയുമായി താന്‍ ബന്ധപ്പെട്ടതെന്ന് കോത്താരി പറയുന്നു. ആ സമയത്ത്, ദമ്പതികള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമായ ബെസ്റ്റ് ഡീല്‍ ടിവിയുടെ ഡയറക്ടര്‍മാരായിരുന്നു. അന്ന് കമ്പനിയില്‍ 87% ഓഹരികള്‍ ശില്‍പ്പ ഷെട്ടിയുടെ കൈവശമുണ്ടായിരുന്നു. ബിസിനസ് വിപുലീകരണത്തിനായി നിക്ഷേപമെന്ന നിലയില്‍ കോത്താരി 2015 ഏപ്രിലിലാണ് ആദ്യ ഗഡുവായ 31.95 കോടി രൂപ കൈമാറിയത്. 2016 മാര്‍ച്ചില്‍ 28.54 കോടി രൂപ കൂടി കൈമാറി. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം, സെപ്റ്റംബറില്‍, ശില്‍പ്പ ഷെട്ടി കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം രാജിവച്ചു.
താമസിയാതെ, കമ്പനിക്കെതിരെ 1.28 കോടി രൂപയുടെ പാപ്പരത്ത കേസ് ഉയര്‍ന്നുവന്നു. ഇതോടെ താന്‍ നിക്ഷേപിച്ച പണത്തിനായി കോത്താരി താര ദമ്പതികളെ ബന്ധപ്പെട്ടെങ്കിലും ഇവര്‍ പണം തിരികെ നല്‍കിയില്ല. ബിസിനസ് ആവശ്യങ്ങള്‍ക്കായി കൈപ്പറ്റിയ പണം ദമ്പതികള്‍ വ്യക്തിപരമായ ചെലവുകള്‍ക്കായി ഉപയോഗിച്ചുവെന്നും കോത്താരി തന്റെ പരാതിയില്‍ ആരോപിക്കുന്നു. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മുംബൈ ജുഹു പൊലീസ് ആദ്യം കേസ് റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 10 കോടി രൂപയ്ക്കു മുകളിലുള്ള കേസ് ആയതിനാല്‍ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറുകയായിരുന്നു.






