15 മിനിറ്റിന് ‘കൂലി’ 20 കോടി! ‘കൂലി’യിലെ ആമിറിന്റെ പ്രതിഫലത്തിലെ സത്യമെന്ത്?

രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനംചെയ്യുന്ന ‘കൂലി’ വ്യാഴാഴ്ച തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രവുമായി ബന്ധപ്പെട്ട് പലവിധ ചര്‍ച്ചകള്‍ സാമൂഹികമാധ്യങ്ങളില്‍ പൊടിപൊടിക്കുന്നുണ്ട്. ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലവിവരവും ആരാധകര്‍ സജീവമായി തന്നെ ചര്‍ച്ചയാക്കി. ചിത്രത്തില്‍ രജനീകാന്തിന് 200 കോടിയും അതിഥി വേഷത്തിലുള്ള ആമിര്‍ ഖാന് 20 കോടിയും പ്രതിഫലം ലഭിച്ചുവെന്നായിരുന്നു ഡെക്കാന്‍ ക്രോണിക്കിള്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ആമിര്‍ ഖാന്റെ പ്രതിഫലത്തെ സംബന്ധിച്ച് പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ചിത്രത്തിലെ അതിഥിവേഷത്തിനായി ആമിര്‍ ഖാന്‍ ഒരുരൂപപോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ആമിര്‍ 20 കോടി വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പാടെ തള്ളുകയാണ് അവര്‍. കഥപോലും കേള്‍ക്കാതെയാണ് ആമിര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയതെന്നും പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 15 മിനിറ്റോളം വരുന്ന സീനുകള്‍ മാത്രമാണ് ആമിറിന് ചിത്രത്തിലുള്ളത് എന്നാണ് പുറത്തുവരുന്ന വിവരം.
‘ആമിര്‍ ഖാന്‍ രജനീകാന്തിന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തോട് സ്നേഹവും ബഹുമാനവുമുണ്ട്. കൂലിയുടെ അണിയറപ്രവര്‍ത്തകരോടും അദ്ദേഹത്തിന് അടുപ്പമുണ്ട്. കഥ പൂര്‍ണ്ണമായി കേള്‍ക്കാതെ തന്നെ ആമിര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളി. ടീമിനോടുള്ള അടുപ്പത്തിന്റെ പേരിലാണ് അദ്ദേഹം ആ വേഷംചെയ്തത്, അതിനായി അദ്ദേഹം പ്രതിഫലമൊന്നും വാങ്ങിയിട്ടില്ല’, ആമിര്‍ ഖാനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടുചെയ്തു.
രജനീകാന്തിന് ആദ്യം പ്രതിഫലമായി നിശ്ചയിച്ചിരുന്നത് 150 കോടിയായിരുന്നുവെന്നും പിന്നീട് അഡ്വാന്‍സ് ബുക്കിങ് റെക്കോര്‍ഡുകള്‍ ഭേദിച്ചതോടെ അത് 200 കോടിയായി ഉയര്‍ത്തിയെന്നുമായിരുന്നു ഡെക്കാന്‍ ക്രോണിക്കിളിന്റെ റിപ്പോര്‍ട്ട്. ആമിറിന് 20 കോടിയും നാഗാര്‍ജുനയ്ക്ക് 10 കോടിയും സത്യരാജിന് അഞ്ചും ഉപേന്ദ്രയ്ക്ക് നാലും കോടി രൂപവീതമാണ് പ്രതിഫലമെന്നായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ശുത്രി ഹാസന് നാലുകോടിയും സംവിധായകന്‍ ലോകേഷ് കനകരാജിന് 50 കോടിയും സംഗീതസംവിധായകന് അനിരുധ് രവിചന്ദറിന് 15 കോടിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂജാ ഹെഗ്ഡെ്ക്ക് മൂന്നുകോടിയും കൂട്ടത്തില്‍ കുറവ് പ്രതിഫലമുള്ള സൗബിന്‍ ഷാഹിറിന് ഒരു കോടി രൂപയെന്നുമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.






