പാംപ്ലാനി അവസരവാദയെന്ന് എം.വി ഗോവിന്ദന്‍; മെത്രാന്‍മാര്‍ക്ക് AKG സെന്ററില്‍നിന്ന് തീട്ടൂരംവാങ്ങണോയെന്ന് തലശേരി അതിരൂപത

കണ്ണൂര്‍: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാള്‍ ഇല്ലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോഴും ജാമ്യം ലഭിച്ചപ്പോഴും പാംപ്ലാനി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എം വി ഗോവിന്ദന്റെ കടന്നാക്രമണം.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്തുതി. അച്ചന്മാര്‍ കേക്കും കൊണ്ട് സോപ്പിടാന്‍ പോയി. ഇടക്കിടക്ക് വരുന്ന മനംമാറ്റം കൊണ്ട് ക്രിസ്ത്യാനിയോ മുസ്ലിമോ കമ്മ്യൂണിസ്റ്റോ രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
ഭരണഘടന സ്ഥാപനങ്ങള്‍ ആര്‍എസ്എസിന് വിധേയപ്പെട്ടുവെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഒന്ന് ജുഡീഷ്യറിയാണെങ്കില്‍, മറ്റൊന്ന് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കേരളത്തിലും ബിജെപി കള്ളവോട്ട് ചേര്‍ക്കല്‍ തുടങ്ങി. ബിജെപി ശക്തി കേന്ദ്രങ്ങളിലാണ് കള്ളവോട്ട് ചേര്‍ക്കുന്നത്. രാഹുല്‍ ഗാന്ധി നടത്തിയത് നല്ല പോരാട്ടമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരേ തരംതാഴ്ന്ന പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാട് ഫാസിസ്റ്റ് ശക്തികളുടേതിന് സമാനമാണെന്ന് തലശ്ശേരി അതിരൂപത. എകെജി സെന്ററില്‍നിന്ന് തിട്ടൂരംവാങ്ങിയശേഷം മാത്രമേ കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍ പ്രസ്താവന നടത്താന്‍ പാടുള്ളൂവെന്ന സമീപനം ഉള്ളിലൊളിപ്പിച്ചുവെച്ച ഫാസിസത്തിന്റെ മറ്റൊരു മുഖമാണെന്നു രൂപത പ്രസ്താവനയില്‍ പറഞ്ഞു.
ഛത്തീസ്ഗഢ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും ഭരണഘടനാവിരുദ്ധമായ നിലപാടുകളെ ശക്തിയുക്തം എതിര്‍ത്ത മാര്‍ ജോസഫ് പാംപ്ലാനി നിലപാടുകളില്‍ മാറ്റംവരുത്തി എന്ന രീതിയിലുള്ള വ്യാഖ്യാനം ശരിയല്ല. ഛത്തീസ്ഗഢ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് ഇടപെടണമെന്ന സഭാ നേതൃത്വത്തിന്റെ ആവശ്യം സര്‍ക്കാര്‍ മനസ്സിലാക്കി കേന്ദ്രം ഇടപെട്ടതില്‍ നന്ദിയറിയിച്ചത് നിലപാട് മാറ്റമല്ല.
ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള സര്‍ക്കാര്‍ നടപടികള്‍ എക്കാലവും എതിര്‍ക്കപ്പെടേണ്ടതാണെന്ന നിലപാടാണ് മാര്‍. ജോസഫ് പാംപ്ലാനി എടുത്തിരിക്കുന്നത്. സിപിഎം പോലുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ നടത്തുന്നത് തികച്ചും അപലപനീയമാണ്, അതിരൂപത പറഞ്ഞു.






