വോട്ടര്‍ പട്ടിക: തട്ടിപ്പു നടപ്പാക്കാന്‍ കേരളത്തില്‍ ബിജെപി തെരഞ്ഞെടുത്തത് തൃശൂര്‍; മുഴുവന്‍ ക്രമക്കേടും പുറത്തെത്തിക്കും; നടപടിയെടുത്തില്ലെങ്കില്‍ അപ്പോക്കാണാം: വി.ഡി. സതീശന്‍

തൃശൂര്‍: അറസ്റ്റും ഭീഷണിയുംകൊണ്ടു രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തെ മോദി ഭരണകൂടത്തിനു തടയാനാകില്ലെന്നും തൃശൂരിലെ വോട്ടര്‍ പട്ടികയിലുള്ള മുഴുവന്‍ ക്രമക്കേടുകളും പുറത്തുകൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വ്യാജ വോട്ടില്ലെന്ന് ഉറപ്പാക്കാന്‍ വോട്ടര്‍ പട്ടിക പരിശോധനാവാരം സംഘടിപ്പിക്കും.
പല രാജ്യങ്ങളിലും ഏകാധിപത്യ, ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരേ ജനാധിപത്യ ചേരികളുടെ പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. ലോകചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്ന വലിയ സമരമായി വോട്ടര്‍പട്ടിക ക്രമക്കേടിനെതിരായ പോരാട്ടം മാറും. തൃശൂരില്‍ വ്യാപകമായി വ്യാജ വോട്ടുകള്‍ ചേര്‍ത്തു. ഒറ്റമുറി വീട്ടില്‍ 60 വോട്ടുകള്‍ ചേര്‍ത്തതിനു സമാന സംഭവങ്ങളുണ്ടായി. മഹാരാഷ്ട്രയിലും കര്‍ണാടകയിലും ആസൂത്രണം ചെയ്ത വോട്ടര്‍ പട്ടിക ക്രമക്കേട് കേരളത്തില്‍ തൃശൂരിലാണു നടപ്പാക്കിയത്.
ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജാഗരൂകരാകണം. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ക്രമക്കേടില്ലെന്ന് ഉറപ്പാക്കും. പട്ടിക പുറത്തുവന്നാല്‍ പരിശോധയ്ക്ക് ഒരാഴ്ച നീക്കിവയ്ക്കും. ക്രമക്കേടു കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് ചെയ്യും. നടപടിയുണ്ടായില്ലെങ്കില്‍ അപ്പോള്‍ കാണാമെന്നും സതീശന്‍ പറഞ്ഞു.
ഡോ. ഹാരിസിനുമേല്‍ ഒരുനുള്ള മണ്ണുവാരിയിടാന്‍ പ്രതിപക്ഷം അനുവദിക്കില്ല. മന്ത്രിയുടെ ഓഫീസില്‍ നിന്നും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഡോക്ടറെ ബലിയാടാക്കാനുള്ള ശ്രമം നടത്തിയത്. നാലു തവണ നിലപാട് മാറ്റിയ ആളാണ് മന്ത്രി. ഇപ്പോഴത്തെ നിലപാട് മാറ്റി വീണ്ടും ഡോക്ടറെ ദ്രോഹിക്കാന്‍ വന്നാല്‍ അദ്ദേഹത്തെ പ്രതിപക്ഷം സംരക്ഷിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.






