സമൂഹ മാധ്യമത്തില്‍ അശ്ലീല പരാമര്‍ശം; ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ ജി സുധാകരന്‍; പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി

ആലപ്പുഴ: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരനെതിരെ സമൂഹ മാധ്യമത്തില്‍ അശ്ലീല പരാമര്‍ശം നടത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ പൊലീസ് കേസെടുത്തു. ജി സുധാകരന്‍ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഎം അമ്പലപ്പുഴ കിഴക്ക് ലോക്കല്‍ കമ്മിറ്റി അംഗം യു മിഥുനെതിരെയാണ് പൊലീസ് കേസെടുത്തത്.
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തിയ ലഹരിവിരുദ്ധ കൂട്ടനടത്തത്തെ അഭിനന്ദിച്ച് സുധാകരന്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിനു താഴെ എഴുതിയ കമന്റിലാണ് മിഥുന്‍ അശ്ലീല പരാമര്‍ശം നടത്തിയത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ താല്‍ക്കാലിക ജീവനക്കാരനായ മിഥുന്‍ ക്ഷേത്ര ഭരണ ചട്ടങ്ങളുടെ ലംഘനം നടത്തിയതായും പൊലീസിന് നല്‍കിയ പരാതിയില്‍ സുധാകരന്‍ പറഞ്ഞു.
ജാഥയ്ക്ക് അഭിനന്ദനം അറിയിച്ച ജി സുധാകരന്‍ ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ പ്രചാരണ പരിപാടിയാണിതെന്നും അഭിപ്രായപ്പെട്ടിരുന്നു. ജാഥയെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. ‘പ്രൗഡ് കേരള’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു ജാഥ നടന്നത്. കെ സി വേണുഗോപാല്‍ എംപി, ഷാനിമോള്‍ ഉസ്മാന്‍, പി ചിത്തരഞ്ജന്‍ എംഎല്‍എ തുടങ്ങി നിരവധി രാഷ്ട്രീയനേതാക്കളും ജാഥയില്‍ പങ്കെടുത്തിരുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, കലാകാരന്‍മാര്‍ തുടങ്ങി നിരവധി പേരാണ് പങ്കെടുത്തത്.






