ഒന്നാം ക്ലാസുകാരിയെ സ്‌കൂളില്‍ വച്ച് കാറിടിച്ചു; അപകടം മറച്ചുവച്ചെന്ന് രക്ഷിതാക്കള്‍, അറിയിച്ചത് കുട്ടി വീണെന്ന് മാത്രം

മലപ്പുറം: തിരൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ വച്ച് കാറിടിച്ചു. വിവരം സ്‌കൂള്‍ അധികൃതര്‍ മറച്ചുവച്ചെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സ്‌കൂള്‍ പരിസരത്ത് വച്ചുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു. മലപ്പുറം തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ ജൂലൈ 31 നായിരുന്നു അപകടം.
എന്നാല്‍, കുട്ടി വീണെന്ന് മാത്രമായിരുന്നു സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. കാറിടിച്ച് കുട്ടി തെറിച്ചുവീണെങ്കിലും പ്രകടമായ പരിക്കേറ്റിരുന്നില്ല. എന്നാല്‍ അപകടം കുട്ടിയില്‍ വലിയ പേടി ഉളവാക്കിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. സ്‌കൂള്‍ കോംപൗണ്ടിലേക്ക് കടന്നുവന്ന കറുത്ത ഇന്നോവ കാറാണ് കുട്ടിയെ ഇടിച്ചു തെറിപ്പിച്ചത്. എന്നാല്‍ കുഞ്ഞിന് പരിക്കില്ലെന്ന് കണ്ടതോടെ വിഷയം നിസാരവത്കരിച്ചെന്നാണ് ആക്ഷേപം.
അപകടത്തിന് ശേഷം കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് പോലും വിധേയമാക്കാതെ പതിവ് പോലെ വീട്ടിലേക്ക് എത്തിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ ശരീകത്തില്‍ പ്രത്യക്ഷപ്പെട്ട പാടുകള്‍ ശ്രദ്ധിയില്‍പ്പെട്ട് നടത്തിയ അന്വേഷണമാണ് അപകടം സംബന്ധിച്ച വിവരം പുറത്തുകൊണ്ടുവന്നത്. കുട്ടിയെ കാര്‍ ഇടിച്ച വിവരം അവിടെ കൂടിയിരുന്ന ആളുകള്‍ ആരും സ്‌കൂളില്‍ അറിയിച്ചില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ തിരൂര്‍ പൊലീസ് കേസെടുത്തു.






