പ്രശ്‌നം പരിഹരിക്കാനും അവര്‍ക്കെതിരേ ഒന്നും പറയാന്‍ പാടില്ലെന്നും പറഞ്ഞതാണ് ; എല്ലാം സന്ധി ചെയ്ത ശേഷം തന്നെ കുടുക്കാന്‍ നോക്കുന്നു ; പരിശോധന വേണ്ടത് വിദഗ്ദ്ധസമിതിക്കെന്ന് ഡോ. ഹാരീസ് ഹസന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ തന്നോട് ആവശ്യപ്പെടുകയും താന്‍ സമ്മതിക്കുകയും ചെയ്തിട്ടും തന്നെ വിടുന്നില്ലെന്നും അതിന് ശേഷമാണ് തന്നെ കുടുക്കാന്‍ ശ്രമം നടക്കുന്നതെന്നും ഡോ. ഹാരീസ് ഹസന്‍. ഇന്ന് രാവിലെ ഒരാള്‍ വിളിച്ച് അവര്‍ക്കെതിേര ഒന്നും പറയാന്‍ പാടില്ലെന്ന് പറയുകയും ചെയ്തിരുന്നതായി അദ്ദേഹം വ്യക്തമാക്കി.
വിവാദം ഒത്തുതീര്‍പ്പാക്കാന്‍ തന്നോട് ചില പ്രമുഖര്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാം സമ്മതിക്കുകയും ഈ വിഷയത്തില്‍ സന്ധി ഉണ്ടാക്കുകയും ചെയ്തതാണ്. എന്നിട്ടും തന്നെ കുടുക്കാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. യൂറോളജിയുമായി ബന്ധമില്ലാത്ത വിദഗ്ധ സമിതിയാണ് യൂറോളജി ഉപകണങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരേ അന്വേഷണം നടത്തിയത്.
വിദഗ്ധ സമിതി എന്നോടൊന്നും ചോദിച്ചില്ലെന്നും യൂറോളജി വകുപ്പുമായി ബന്ധമില്ലാ ത്തവരാണ് വിദഗ്ധ സമിതിയില്‍ ഉള്ളത്. അവരാണ് ഇതൊക്കെ അന്വേഷിച്ചത്. ഉപകരണങ്ങള്‍ തിരിച്ചറിയാത്തവരാണ് മുറിയില്‍ കയറി പരിശോധിച്ചത്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് തനിക്ക് ഇനി വേണ്ടെന്നും മെമ്മോയ്ക്ക് തിങ്കളാഴ്ച മറുപടി നല്‍കുമെന്നും ഹാരിസ് പറഞ്ഞു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളുന്നതാണ് ഹാരിസിന്റെ പ്രതികരണം.
മോസിലോസ്‌കോപ്പ് ഇല്ലെന്നു പറഞ്ഞ് പ്രിന്‍സിപ്പല്‍ ഓടി നടക്കേണ്ട. യൂറോളജി വകുപ്പില്‍ മോസിലോസ്‌കോപ്പ് ഒന്നല്ല രണ്ടെണ്ണം ഉണ്ട്. നെഫ്രോസ്‌കോപ്പ് പല സൈസുകളിലുണ്ട്. പിസിഎന്‍എല്‍ ശസ്ത്രക്രിയയ്ക്ക് ആണ് ഇത് ഉപയോഗിക്കുന്നത്. വൃക്കയിലെ കല്ല് പൊടിക്കാനുള്ള സാങ്കേതികവിദ്യയാണ്. അതൊരു യൂറോളജി വിദഗ്ധന് മാത്രമേ മനസ്സിലാക്കാന്‍ കഴിയൂവെന്നും ഹാരിസ് പറഞ്ഞു
യൂറോളജി വകുപ്പില്‍ ഉപകരണക്ഷാമം ഉണ്ട്. ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്ത് ഉപയോഗിക്കേണ്ട അവസ്ഥയിലാണ്. ചില ഘട്ടങ്ങളില്‍ ഡോക്ടര്‍മാര്‍ തന്നെ പൈസ കൊടുത്ത് റിപ്പയര്‍ ചെയ്യാറുണ്ട്. എറണാകുളത്തോ ബാംഗ്ലൂരിലോ ഉള്ള ഏജന്‍സിക്കാണ് റിപ്പയര്‍ ചെയ്യാന്‍ അയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നെഫ്രോസ്‌കോപ്പ് എറണാകുളത്തേക്ക് അയച്ചിട്ട് രണ്ട് മാസമായിരുന്നതായും വ്യക്തമാക്കി.
നെഫ്രോസ്‌കോപ്പ് ഏതാണെന്നോ മോസിലോസ്‌കോപ്പ് ഏതാണെന്നോ അറിയാത്തവരാണ് തന്റെ മുറിയില്‍ കയറി പരിശോധിച്ചത്. ഉപകരണം കാണാനില്ലെങ്കില്‍ തന്നെയും കൂടെ നിര്‍ത്തിയാണ് അന്വേഷണം നടത്തേണ്ടത്. താന്‍ അവധിക്ക് പോയ സമയത്താണ് റിപ്പയര്‍ ചെയ്യാന്‍ അയച്ച ഉപകരണം തിരികെ വന്നതെന്നും വിദഗ്ധ സമിതിക്കെതിരെയാണ് അന്വേഷണം വേണ്ടതെന്നും ഹാരിസ് പറഞ്ഞു.






