Breaking NewsIndiaLead News

വാര്‍ത്തകള്‍ തെറ്റായതും കെട്ടിച്ചമച്ചതും! യു.എസില്‍ നിന്നുള്ള ആയുധ ഇറക്കുമതി നിര്‍ത്തിയേക്കുമെന്ന വാര്‍ത്തകള്‍ തള്ളി പ്രതിരോധ മന്ത്രാലയം

ന്യൂഡല്‍ഹി: യുഎസില്‍ നിന്ന് ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇത്തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റും കെട്ടിച്ചമച്ചതുമാണെന്ന് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തേ അധിക തീരുവയെച്ചൊല്ലിയുള്ള ഇന്ത്യയുടെ അതൃപ്തിയുടെ ആദ്യ സൂചനയായി യുഎസില്‍ നിന്ന് പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അടുത്തയാഴ്ച വാഷിങ്ടണിലേക്ക് പോകാനിരിക്കുകയായിരുന്നു. എന്നാല്‍ യാത്ര റദ്ദാക്കിയതായും റോയിറ്റേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, യുഎസില്‍ നിന്ന് ആയുധങ്ങളും മറ്റും വാങ്ങുന്നത് താത്കാലികമായി നിര്‍ത്താന്‍ ഇതുവരെ രേഖാമൂലമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്ന ഒരു ഉദ്യോഗസ്ഥന്റെ പ്രതികരണവും വാര്‍ത്തയില്‍ ഉണ്ടായിരുന്നു.

Back to top button
error: