കോര്‍കമ്മറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയില്‍ പുതിയ വിവാദം ; സീനിയര്‍ നേതാക്കളെ ഒഴിവാക്കി, സി.കെ. പത്മനാഭന്‍ രാജിഭീഷണിമുഴക്കിയപ്പോള്‍ ഉള്‍പ്പെടുത്തി

തിരുവനന്തപുരം: രാജീവ്ചന്ദ്രശേഖര്‍ പ്രസിഡന്റായ ശേഷം ബിജെപി സംസ്ഥാനകമ്മറ്റിയില്‍ സീനിയര്‍ നേതാക്കള്‍ അതൃപ്തരാണെന്ന ഊഹാപോഹങ്ങള്‍ പൊതുവേയുണ്ട്. പുതിയ കോര്‍കമ്മറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയതായി കേള്‍ക്കുന്നത് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചെന്ന റിപ്പോര്‍ട്ടുകളാണ്.
കോര്‍ കമ്മറ്റി രൂപീകരിച്ചപ്പോള്‍ സി.കെ. പത്മനാഭന് പുറമേ സീനിയര്‍ നേതാക്കളായ എ എന്‍ രാധാകൃഷ്ണന്‍, ഡോ. കെ എസ് രാധാകൃഷ്ണന്‍, ഒ രാജഗോപാല്‍ എന്നിവരെയും നീക്കി നിര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് സി കെ പത്മനാഭന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരെ വിളിച്ച് രാജി വെക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പിന്നാലെ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയെന്നുമാണ് വിവരം.
ഇക്കാര്യത്തില്‍ ബിജെപിയ്ക്ക് പുതിയ സര്‍ക്കുലര്‍ തന്നെ ഇറക്കേണ്ടി വന്നു. മുന്‍ അധ്യക്ഷന്മാരായ കെ സുരേന്ദ്രന്‍, വി മുരളീധരന്‍, പി കെ കൃഷ്ണദാസ് എന്നിവര്‍ കമ്മിറ്റിയില്‍ തുടരും. ഉപാധ്യക്ഷന്മാരായ ഷോണ്‍ ജോര്‍ജ്, ബി ഗോപാലകൃഷ്ണന്‍, കെ സോമന്‍, സി കൃഷ്ണകുമാര്‍, പി സുധീര്‍, ഉണ്ണികൃഷ്ണന്‍ എന്നിവരെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
നേരത്തേ ജനറല്‍ സെക്രട്ടറിമാരെ തീരുമാനിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറിമാരില്‍ വി മുരളീധരന്‍ പക്ഷത്ത് നിന്നും ആരുമില്ലെന്നത് ചര്‍ച്ചയായിരുന്നു. എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവരെയായിരുന്നു ജനറല്‍ സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ, ഡോ കെ എസ് രാധാകൃഷ്ണന്‍, സി സദാനന്ദന്‍, ഡോ. അബ്ദുള്‍ സലാം, അഡ്വ. കെ കെ അനീഷ്‌കുമാര്‍ എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാര്‍. അഡ്വ. ഇ കൃഷ്ണദാസാണ് ട്രഷറര്‍.






