പുനര്‍ഗേഹം പദ്ധതിയുടെ 332 ഫ്‌ലാറ്റുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി ; സര്‍ക്കാര്‍ പറഞ്ഞവാക്ക് പാലിച്ചെന്ന് മുഖ്യമന്ത്രി ; താമസിച്ചത് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള കാലതാമസം

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി മുട്ടത്തറയില്‍ നിര്‍മ്മിച്ച പുനര്‍ഗേഹം പദ്ധതിയുടെ 332 ഫ്‌ലാറ്റുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മത്സ്യത്തൊഴിലാളി സമൂഹത്തിനു നല്‍കിയ ഒരു വാഗ്ദാനം കൂടി പാലിക്കപ്പെട്ടിരിക്കുന്നുവെന്നും തീരദേശവാസികള്‍ക്ക് സുരക്ഷിത സ്ഥലത്ത് ഭവനം എന്ന ആവശ്യമാണ് യാഥാര്‍ത്ഥ്യമായെന്നും പറഞ്ഞു.
ആദ്യ ഘട്ടമെന്ന നിലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഫ്ളാറ്റുകളാണ് ഇന്ന് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. ബാക്കി 68 ഫ്‌ലാറ്റുകളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടു നിലകളിലായി 8 ഫ്‌ലാറ്റുകള്‍ ഉള്‍പ്പെടുന്ന 50 യൂണിറ്റുകളാണ് ഇവിടെ നിര്‍മ്മിച്ചിട്ടുള്ളത്. രണ്ട് ബെഡ് റൂം, ഹാള്‍, അടുക്കള, ഭക്ഷണമുറി, ശുചിമുറി തുടങ്ങി ഒരു കുടുംബത്തിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങള്‍ക്കും പുറമേ പുറത്ത് പാര്‍ക്കിംഗ് ഗ്രൗണ്ടും കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി ഉന്നയിക്കപ്പെട്ട പ്രധാന ആവശ്യം മത്സ്യബന്ധന തൊഴിലാളികളുടെ പുന:രധിവാസമായിരുന്നുവെന്നും ആ ആവശ്യമാണ് ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള കാലതാമസമായിരുന്നു പദ്ധതി രണ്ട് ഘട്ടമായാണ് പൂര്‍ത്തീകരിക്കേണ്ടി വന്നത്. ഇതോടൊപ്പം മലപ്പുറം ജില്ലയിലെ താനൂര്‍ ഉണ്യാല്‍ പൂര്‍ത്തീകരിച്ച 16 ഫ്‌ലാറ്റുകളുടെ താക്കോല്‍ കൈമാറ്റവും ഇന്ന് നടന്നു.






