Breaking NewsBusinessIndiaLead NewsNEWSNewsthen SpecialpoliticsTRENDINGWorld

പറയുന്നതില്‍ ലോജിക്ക് വേണ്ടേ സര്‍! എണ്ണ മുതല്‍ ആയുധക്കച്ചവടംവരെ; റഷ്യയുമായുള്ള വ്യാപാരത്തില്‍ ട്രംപിന്റെ ഇരട്ടത്താപ്പ് ഇങ്ങനെ; രാസവളം ഏറ്റവും കൂടുതല്‍ വാങ്ങുന്നത് അമേരിക്ക; യൂറോപ്യന്‍ യൂണിയനും എണ്ണ വാങ്ങുന്നു; കൂട്ടക്കുരുതിയാണ് പ്രശ്‌നമെങ്കില്‍ ഇസ്രയേലിന് ഏറ്റവും കൂടുതല്‍ ആയുധം നല്‍കുന്നത് ആരാണ്?

2022 ഫെബ്രുവരിക്കും 2025 ഓഗസ്റ്റിനും ഇടയില്‍ 922 ബില്യണ്‍ യൂറോയുടെ വരുമാനം റഷ്യക്കുണ്ടായി. ഇതില്‍ 22 ശതമാനം അഥവാ 212 ബില്യണ്‍ യൂറോയും നല്‍കിയത് യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യങ്ങളാണ്.

ന്യൂഡല്‍ഹി: റഷ്യയുമായുള്ള ഇടപാടുകളുടെ പേരില്‍ ഇന്ത്യക്ക് 50 ശതമാനം നികുതി ചുമത്തിയ നടപടിക്കെതിരേ ഇന്ത്യയില്‍ പ്രതിഷേധം കനക്കുമ്പോഴും നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി യുക്രൈന്‍ യുദ്ധത്തിനു തീപകരുന്നതിനു തുല്യമാണെന്ന് ആരോപിച്ച ട്രംപ്, ഇന്ത്യയും റഷ്യയും തമ്മിലുള്ള ആയുധ ഇടപാടുകളിലും അതൃപ്തി അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെക്കുറിച്ചു ട്രംപിന്റെ ആരോപണങ്ങള്‍ ശരിയാകുമ്പോള്‍തന്നെ നിലപാടുകളിലെ ഇരട്ടത്താപ്പും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും ചൈനയും മാത്രമല്ല യുക്രൈന്‍ യുദ്ധമാരംഭിച്ചതിനു ശേഷം റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്. യുദ്ധ സമയത്ത് നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിട്ടുണ്ട്. അമേരിക്ക എണ്ണ ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും രാസവളത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് റഷ്യയെയാണ്. എണ്ണ വാങ്ങുന്നെന്നു പറഞ്ഞു ചില രാജ്യങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ മറ്റു ചില രാജ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു.

Signature-ad

ALSO READ   എന്തു പറ്റി ഫ്രണ്ടിന്? പുടിന്‍ മുതല്‍ മസ്‌ക് വരെ തോളില്‍ കൈയിട്ടവരെല്ലാം മറുചേരിയില്‍; നെതന്യാഹുവും കണ്ടു ഇരട്ടമുഖം; ഇപ്പോള്‍ വിശ്വഗുരുവും; റഷ്യന്‍ എണ്ണയില്‍ തെന്നി ഇന്ത്യയുടെ വിദേശ നയം; കൃഷി മുതല്‍ സാമ്പത്തിക മാന്ദ്യംവരെ; ഉയരുന്നത് നിരവധി ചോദ്യങ്ങള്‍

‘യുക്രൈനിലെ കൂട്ടക്കൊലകള്‍ അവസാനിപ്പിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു’ എന്നു പറയുന്ന അമേരിക്ക, ഗാസയില്‍ കൂട്ടക്കുരുതി നടത്താന്‍ ഇസ്രയേലിന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്ന രാജ്യമാണ്. ഗാസയില്‍ നടക്കുന്നത് വംശഹത്യയാണെന്ന ആരോപണം ഉയര്‍ത്തിയത് ഐക്യരാഷ്ട്ര സഭയുടെ തലവന്‍തന്നെയാണ്.

ദശകങ്ങളായി ഇന്ത്യക്ക് റഷ്യയുമായി വ്യാപാര ബന്ധങ്ങളുണ്ട്. യുക്രൈന്‍ യുദ്ധമാരംഭിച്ചശേഷമാണ് ഇന്ത്യ കൂടുതലായി എണ്ണ ഇറക്കുമതി ചെയ്തു തുടങ്ങിയത്. യുഎസിന്റെ നേതൃത്വത്തിലുള്ള ജി7 രാജ്യങ്ങള്‍ റഷ്യയില്‍നിന്നുള്ള ഇറക്കുമതിക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നല്ലാതെ നിരോധിച്ചിച്ചിട്ടില്ല. ഇക്കാരണം കൊണ്ടുകൂടിയാണ് ഇന്ത്യക്കു വിലക്കുറവില്‍ എണ്ണ നല്‍കാന്‍ റഷ്യ തയാറായതുതന്നെ.

ALSO READ  മിത്രം ശത്രുവായോ? മോദി ചൈനയ്ക്ക്, ഡോവല്‍ റഷ്യയില്‍; ട്രംപിന്റെ ഭീഷണിക്കിടെ അപ്രതീക്ഷിത നീക്കവുമായി ഇന്ത്യ; ഈ മാസം വിദേശകാര്യമന്ത്രിയും റഷ്യയിലേക്ക്; ഊര്‍ജ, പ്രതിരോധ മേഖലകളില്‍ സഹകരണം ഉറപ്പാക്കും

2022-23 കാലത്താണ് റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുതിച്ചുയര്‍ന്നത്. അതേ സമയം, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി കുറയുകയും ചെയ്തു. ആഗോള ഇന്ധന വിപണിയുടെ സംതുലിതാവസ്ഥ നിലനിര്‍ത്താന്‍ അമേരിക്ക റഷ്യയില്‍നിന്നുള്ള ഇറക്കുമതിയെ പ്രോത്സാഹിപ്പിച്ചിരുന്നെന്ന വിവരവും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നുണ്ട്. റഷ്യക്ക് ഇന്ത്യയില്‍നിന്ന് എണ്ണയിലൂടെ കാര്യമായ പണം ലഭിച്ചെന്നു പറയുമ്പോഴും ചൈനയും യൂറോപ്യന്‍ യൂണിയനും ഇതില്‍നിന്നു വിട്ടുനിന്നില്ല. 2022 ഫെബ്രുവരിക്കും 2025 ഓഗസ്റ്റിനും ഇടയില്‍ 922 ബില്യണ്‍ യൂറോയുടെ വരുമാനം റഷ്യക്കുണ്ടായി. ഇതില്‍ 22 ശതമാനം അഥവാ 212 ബില്യണ്‍ യൂറോയും നല്‍കിയത് യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യങ്ങളാണ്. കഴിഞ്ഞ 14 ദിവസത്തിനിടെ യൂറോപ്യന്‍ യൂണിയന്‍ 43 ദശലക്ഷം യൂറോയുടെ എണ്ണയും റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്തു! സെന്റര്‍ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ ആണ് ഈ കണക്കു പുറത്തുവിട്ടത്. ചില ഇയു (യൂറോപ്യന്‍ യൂണിയന്‍) രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്നും എണ്ണയുത്പന്നങ്ങള്‍ വാങ്ങിയിട്ടുണ്ട്. ഇതില്‍ നെതര്‍ലാന്‍ഡ് (19%) ആണ് മുന്നില്‍.

ഠ റഷ്യയില്‍നിന്നുള്ള ആയുധങ്ങള്‍

ആയുധങ്ങള്‍ക്കായി റഷ്യയെ കൂടുതല്‍ സമീപിക്കുന്നു എന്നതാണ് ട്രംപിന്റെ മറ്റൊരു ആരോപണം. എന്നാല്‍, 1990കള്‍ക്കു ശേഷം റഷ്യയില്‍നിന്നുള്ള ആയുധം വാങ്ങല്‍ കാര്യമായി കുറഞ്ഞിട്ടുണ്ട്. പകരം ഫ്രാന്‍സ്, യുകെ എന്നിവയെയാണ് കൂടുതല്‍ ആശ്രയിച്ചത്. വളരെക്കുറച്ച് അളവില്‍ യുഎസില്‍നിന്നും വാങ്ങി. യുക്രൈനില്‍ എത്ര ആളുകള്‍ കൊല്ലപ്പെടുന്നു എന്നതിനെക്കുറിച്ചു ന്യൂഡല്‍ഹി ആലോചിക്കുന്നേയില്ലെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍, ഗാസയിലും ഇടയ്ക്ക് ഇറാനിലും യുദ്ധത്തിന് ഇറങ്ങിയ ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കുന്നത് ആരാണ്? ഓഗസ്റ്റ് അഞ്ചുവരെ 60,933 ആളുകള്‍ ഗാസയില്‍ കൊല്ലപ്പെട്ടെന്നാണു കണക്ക്. ഇതിലേറെയും സാധാരണക്കാര്‍. 1949 മുതല്‍ ഇസ്രയേലിന് 80 ശതമാനം ആയുധങ്ങള്‍ നല്‍കുന്നതും അമേരിക്കയാണ്. 2022 നുശേഷം മുഴുവന്‍ ആയുധങ്ങളും അമേരിക്കയില്‍നിന്നാണു വാങ്ങുന്നത്. അവര്‍ ചെയ്യുമ്പോള്‍ ‘ആഹാ’ എന്നും ഇന്ത്യ ചെയ്യുമ്പോള്‍ ‘ഓഹോ’ എന്ന നിലപാടിനെയാണ് എതിക്കേണ്ടതെന്നാണ് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. donald-trumps-criticism-of-india-for-its-oil-and-arms-trade-with-russia-is-factual-but-illogical-data

 

 

Back to top button
error: