ബാധിക്കുക 65 ലക്ഷം കുടുംബങ്ങളെ: വൈദ്യുതി സബ്സിഡി ഇല്ലാതായേക്കും; നഷ്ടമാകുക 148 രൂപയുടെ ഇളവ്

കൊച്ചി: സംസ്ഥാനത്ത് 240 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപഭോഗമുള്ളവര്‍ക്ക് നല്‍കുന്ന സബ്സിഡി നിലച്ചേക്കും. ഈ വിഭാഗത്തിലെ 65 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് രണ്ടുമാസം കൂടുമ്പോള്‍ ബില്ലില്‍ ലഭിക്കുന്ന 148 രൂപയുടെ ഇളവാണ് ഇല്ലാതാവുക.
ഉപഭോക്താക്കളില്‍നിന്ന് പിരിച്ചെടുക്കുന്ന ഇലക്ട്രിസിറ്റി ഡ്യൂട്ടി തുകയില്‍നിന്നാണ് സബ്സിഡിക്ക് തുക കെഎസ്ഇബി കണ്ടെത്തുന്നത്. ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസ് ഉടന്‍ തീര്‍പ്പാകുമ്പോള്‍ ഡ്യൂട്ടിയായി പിരിച്ചെടുക്കുന്ന തുക സംസ്ഥാനസര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടിവരുമെന്നാണ് കരുതുന്നത്.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ 2012-ല്‍ നിരക്ക് ഉയര്‍ത്തിയപ്പോള്‍ കുറഞ്ഞ ഉപഭോഗമുള്ളവര്‍ക്ക് ഈ നിരക്കുവര്‍ധന ബാധിക്കാതിരിക്കാനാണ് സര്‍ക്കാര്‍ സബ്സിഡി പ്രഖ്യാപിച്ചത്. ഇതിന് പ്രതിവര്‍ഷം 303 കോടിരൂപ വേണം.
വൈദ്യുതിബോര്‍ഡ് 2013-ല്‍ കമ്പനിയായി മാറിയപ്പോള്‍, സര്‍ക്കാരില്‍നിന്ന് സ്വത്തുക്കള്‍ കമ്പനിയിലേക്കു മാറ്റാന്‍ ധാരണയുണ്ടാക്കി. പെന്‍ഷന്‍ നല്‍കുന്നതിനായി മാസ്റ്റര്‍ ട്രസ്റ്റിലേക്ക് ഫണ്ട് നിക്ഷേപിക്കാനും സര്‍ക്കാരും ബോര്‍ഡും ജീവനക്കാരുടെ സംഘടനകളും ചേര്‍ന്ന് ത്രികക്ഷികരാറില്‍ ഒപ്പുവെച്ചിരുന്നു.






