യുയുസിയുടെ ബാഗ് തട്ടിപ്പറിച്ച് ഓടി, എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയെ പിടിച്ചുവെച്ച് പൊലീസ്; കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നാടകീയ സംഭവങ്ങള്‍

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ- യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരുമായി പല തവണ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പൊലീസിനും പരിക്കേറ്റു. സിവില്‍ പൊലീസ് ഓഫീസര്‍ രജനി, എസ്എഫ് ഐ ജില്ലാ വൈസ് പ്രസിഡണ്ട് അശ്വന്ത്, കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗം വൈഷ്ണവ് പ്രകാശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ടൗണ്‍ എസ്ഐ ദീപ്തി പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ചുവെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.
ഇന്ന് രാവിലെ 10 ന് യൂണിയന്‍ തിരഞ്ഞെടുപ്പ് തുടങ്ങാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്. കള്ളവോട്ട് ചെയ്യാന്‍ കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചതായി എസ്എഫ്ഐ ആരോപിച്ചു. ഐഡന്റിറ്റി കാര്‍ഡ് ഇല്ലാതെ കടത്തിവിടില്ലെന്ന പൊലീസിന്റെ നിര്‍ദേശം ലംഘിച്ച് കെഎസ്‌യു – എംഎസ്എഫ് പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റിയിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
അതേസമയം കാസര്‍കോട് എംഐസി ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായ സഫ്വാനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തട്ടികൊണ്ട് പോയതായി കെഎസ് യു എംഎസ്എഫ് ആരോപിച്ചു. ഇതേത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് തുടക്കത്തില്‍ സംഘര്‍ഷത്തിനിടയാക്കിയത്. സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തിയ എംഎസ്എഫ് യുയുസിയുടെ ബാഗും പേപ്പറും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി തട്ടിപ്പറിച്ചുകൊണ്ട് ഓടി. പൊലീസ് ഈ എസ്എഫ്‌ഐ പ്രവര്‍ത്തകയായ സ്ഥാനാര്‍ത്ഥിയെ പിടിച്ചുവെച്ചു. തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെത്തി പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് മോചിപ്പിക്കാന്‍ തയ്യാറായില്ല. ഇത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടാകുന്നതിന് കാരണമായി.
തുടര്‍ന്ന് പൊലീസ് പിടിച്ചുവെച്ച സ്ഥാനാര്‍ത്ഥി കൂടിയായ പ്രവര്‍ത്തകയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിക്കുകയായിരുന്നു. പ്രവര്‍ത്തകരെ ഏറെ പാടുപെട്ടാണ് പൊലീസ് പിന്തിരിപ്പിച്ചത്. സംഘര്‍ഷം ഒഴിവാക്കാനായി പൊലീസ് ലാത്തി വീശുകയും ചെയ്തു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇരുവിഭാഗത്തേയും പൊലീസ് പോളിങ് ബൂത്തിനടുത്തു നിന്ന് മാറ്റി. സിറ്റി എസിപി പ്രദീപന്‍ കണ്ണിപൊയിലിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് യൂണിവേഴ്സിറ്റി പരിസരത്ത് ക്യാംപ് ചെയ്തത്. ബാഗും പേപ്പറും തട്ടിപ്പറിച്ച് ഓടിയെന്ന ആരോപണം പിന്നീട് എസ്എഫ്‌ഐ നിഷേധിച്ചു.






