‘അപകടത്തിന് ശേഷം ഫോണില്‍ ലഭിക്കുന്നില്ല’: ഉത്തരാഖണ്ഡ് മിന്നല്‍പ്രളയത്തില്‍ എട്ട് മലയാളികള്‍ ഉള്‍പ്പെട്ടതായി സൂചന; സംഘത്തില്‍ കൊച്ചിയില്‍ നിന്നുള്ള ദമ്പതികളും

കൊച്ചി: ധരാലിയിലെ മേഘ വിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ അപകടത്തില്‍ മലയാളികളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. 28 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. ഇതില്‍ 8 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. മറ്റുള്ളവര്‍ മുംബൈ മലയാളികളാണ്. കൊച്ചി സ്വദേശികളായ പള്ളിപറമ്പ്കാവ് ദേവി നഗറില്‍ നാരായണന്‍, ഭാര്യ ശ്രീദേവി പിള്ള എന്നിവരെ അപകടത്തിന് ശേഷം ഇതുവരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ശ്രീദേവി പിള്ള മുന്‍പ് നഗരസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. 28 അംഗ സംഘം ഒരാഴ്ച മുന്‍പാണ് ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചത്. ട്രാവല്‍സിലാണ് യാത്ര തിരിച്ചതെന്നും അപകടത്തിന് പിന്നാലെ ഇതുവരെയും കുടുംബാംഗങ്ങളെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെ ഗംഗോത്രിയിലേക്കു പോകുന്നു എന്നാണ് യാത്ര പോയവര്‍ അറിയിച്ചത്. അതിനുശേഷം ആരെയും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഡല്‍ഹിയില്‍ നിന്ന് ഹരിദ്വാറിലെത്തി അവിടെ നിന്നാണ് സംഘം ഗംഗോത്രിയിലേക്കു യാത്ര തിരിച്ചത്. എന്നാല്‍ സംഘാംഗങ്ങള്‍ സുരക്ഷിതരാണെന്നാണ് മലയാളം സമാജം കൂട്ടായ്മ പറയുന്നത്.






