ജീവിച്ചിരിക്കുന്ന പിതാവിന് മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി, കുടുംബ സ്വത്ത് വിറ്റു; മകനെതിരേ 90കാരന്‍ കോടതിയില്‍

പട്‌ന: മകന്‍ തന്റെ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കുടുംബസ്വത്ത് വിറ്റെന്ന് പിതാവിന്റെ പരാതി. മുസാഫര്‍പുരിലെ മഹ്‌മദ്പുര്‍ സ്വദേശിയായ 90 വയസുകാരനായ രാജ് നാരായണ്‍ ഠാക്കൂറാണ് മകന്‍ ദിലീപ് ഠാക്കൂറിനെതിരെ പരാതിയുമായി ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചത്. രേഖകളില്‍ താന്‍ മരിച്ചതായി കാണിച്ച് കുടുംബസ്വത്ത് രണ്ടുലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് രാജ് നാരായണ്‍ ഠാക്കൂര്‍ ആരോപിച്ചു.
മഹ്‌മദ്പുര്‍ ഗ്രാമത്തിലാണ് രാജ് നാരായണ്‍ ഠാക്കൂറിന്റെ കുടുംബസ്വത്തായ ഭൂമിയുള്ളത്. രാജ് നാരായണും സഹോദരങ്ങളായ രാംജിനിഷ്, രാംപുകാര്‍ എന്നിവര്‍ക്കും അവകാശമുള്ള നിയമപരമായി ഭാഗം വെച്ചിട്ടില്ലാത്ത ഈ ഭൂമി, ഇവരുടെ പിതാവായ മേത്തുര ഠാക്കൂറിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സഹോദരങ്ങള്‍ക്കിടയില്‍ വാക്കാലുള്ള ഒരു ധാരണ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഭൂമിക്ക് അതിര്‍ത്തി നിശ്ചയിക്കുകയോ വിഭജിക്കുകയോ ചെയ്തിട്ടില്ലെന്നും രാജ് നാരായണ്‍ പറയുന്നു. ഈ ഭൂമിയാണ് തന്റെ അഞ്ചാമത്തെ മകനായ ദിലീപ് ഠാക്കൂര്‍ വിറ്റതെന്നും ഇത് നിയമവിരുദ്ധമാണെന്നും കുടുംബത്തില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വില്‍പ്പനയുടെ ആധാരവും രാജ് നാരായണ്‍ ഹാജരാക്കി. ഇതില്‍ രാജ് നാരായണ്‍ മരിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. താന്‍ ജീവിച്ചിരിക്കെ, രേഖകളില്‍ മരിച്ചതായി കാണിച്ച് ദിലീപ് മോത്തിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് ഭൂമി രണ്ടുലക്ഷം രൂപയ്ക്ക് വിറ്റു. മോത്തിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസ് ഭൂമിയുടെ നേരിട്ടുള്ള പരിശോധന നടത്തിയിട്ടില്ല. തന്റെ അറിവോ സമ്മതമോ നിയമപരമായ അധികാരമോ ഇല്ലാതെ നടത്തിയ ഈ വഞ്ചനാപരമായ പ്രവര്‍ത്തനം തനിക്ക് കടുത്ത മാനസിക സംഘര്‍ഷവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയെന്നും രാജ് നാരായണ്‍ പറഞ്ഞു.
വില്‍പ്പനയെക്കുറിച്ച് ഉടനടി അന്വേഷിച്ച് വ്യാജ രജിസ്‌ട്രേഷനില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്നും നിയമവിരുദ്ധമായി നടത്തിയ ഈ കൈമാറ്റം റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് രാജ് നാരായണ്‍ കോടതിയെ സമീപിച്ചത്. മകന്‍ ഒരു മദ്യപാനിയാണെന്നും മുന്‍പ് നിരവധി സ്വത്തുക്കള്‍ വിറ്റിട്ടുണ്ടെന്നും രാജ് നാരായണ്‍ ആരോപിച്ചു. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിന് ബന്ധപ്പെട്ട സര്‍ക്കിള്‍ ഓഫീസര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും ജില്ലാ മജിസ്ട്രേറ്റ് സുബ്രത് കുമാര്‍ സെന്‍ നിര്‍ദേശം നല്‍കി.






