Breaking NewsLead NewsNEWSWorld

അല്‍ അഖ്സയില്‍ പ്രാര്‍ഥന നടത്തി ഇസ്രയേല്‍ മന്ത്രി; ലംഘിച്ചത് ദശാബ്ദങ്ങള്‍ പഴക്കമുള്ള ധാരണ

ജറുസലേം: ജൂതന്മാര്‍ക്ക് ആരാധന വിലക്കുന്ന ദശാബ്ദങ്ങള്‍ പഴക്കമുള്ള കരാര്‍ നിലനില്‍ക്കെ, ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ ആരാധകരുമായി എത്തി പ്രാര്‍ഥന നടത്തി തീവ്ര വലതുപക്ഷ നിലപാടുള്ള ഇസ്രയേല്‍ മന്ത്രി. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ ആണ് അല്‍ അഖ്‌സ മസ്ജിദ് വളപ്പില്‍ ജൂതരുടെ ദുഃഖാചരണ ദിനമായ തിഷാ ബിആവിന്റെ ഭാഗമായി പ്രാര്‍ഥന നടത്തിയത്. ജൂതന്മാര്‍ ടെമ്പിള്‍ മൗണ്ട് എന്ന് വിളിക്കുന്ന അല്‍ അഖ്സ പള്ളിയില്‍ ദശാബ്ദങ്ങളായി ജൂതര്‍ പ്രാര്‍ഥന നടത്താറില്ല.

പ്രാര്‍ഥനയ്ക്കു ശേഷം, ഗാസ കീഴടക്കാന്‍ ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ ആഹ്വാനം ചെയ്തു. 1967-ല്‍ ജോര്‍ദാനില്‍നിന്ന് ജറുസലേമിലെ പഴയ നഗരം ഇസ്രയേല്‍ പിടിച്ചടക്കിയത് മുതല്‍ തല്‍സ്ഥിതി തുടരുന്നതിന്റെ ഭാഗമായി ധാരണ പ്രകാരം മുസ്ലീങ്ങള്‍ക്ക് മാത്രമേ അവിടെ പ്രാര്‍ത്ഥിക്കാന്‍ അനുവാദമുള്ളൂ.

Signature-ad

മുന്‍പും തിഷാ ബിആവ് അനുസ്മരണങ്ങള്‍ ഉള്‍പ്പെടെ പലതവണ ബെന്‍ ഗ്വിര്‍ ഈ സമുച്ചയം സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്. അല്‍ അഖ്സ പള്ളിയുടെ ഭരണം നടത്തുന്ന ജോര്‍ദാനും സൗദി അറേബ്യയും ബെന്‍ ഗ്വിറിന്റെ നടപടിയെ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും ലംഘനവും അംഗീകരിക്കാനാവാത്ത പ്രകോപനവുമാണെന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

പലസ്തീന്‍ മതകാര്യ മന്ത്രാലയം ബെന്‍ ഗ്വിറിനെ അപലപിച്ചു. സംഭവം പള്ളിക്കെതിരായ ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഹമാസ് പറഞ്ഞു. അതേസമയം, ടെമ്പിള്‍ മൗണ്ടിലെ തല്‍സ്ഥിതി നിലനിര്‍ത്തുന്നതിനുള്ള നയത്തില്‍ മാറ്റം വന്നിട്ടില്ലെന്നും വരികയുമില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

ഗാസയില്‍ വംശീയ ഉന്മൂലനത്തിന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ ബെന്‍ ഗ്വിറിന് നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, നോര്‍വേ, യുകെ എന്നീ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

Back to top button
error: