‘കന്യാസ്ത്രീകളെ അകത്താക്കിയത് ആരുടെ ബലത്തിലെന്ന് അറിയാം; അതൊന്നും ക്രിസ്ത്യാനികളെ ആരും പറഞ്ഞു മനസിലാക്കേണ്ട’; ജ്യോതി ശര്‍മയ്‌ക്കെതിരേ പെറ്റിക്കേസ് പോലുമില്ല; താത്കാലിക ആശ്വാസത്തിനപ്പുറം ആഹ്‌ളാദിക്കാന്‍ ഒന്നുമില്ലെന്ന് കത്തോലിക്ക സഭ മുഖപ്രസംഗം; പള്ളികളില്‍ ഇടയലേഖനം

കോട്ടയം: ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക മുഖപ്രസംഗം. കന്യാസ്ത്രീകളെ പുറത്തിറക്കിയത് മാത്രമല്ല, അകത്താക്കിയതും ആരുടെ ബലത്തിലാണെന്ന് അറിയാമെന്നും അതൊക്കെ ക്രിസ്ത്യാനികളെ ആരും പറഞ്ഞു മനസ്സിലാക്കേണ്ടതില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
പള്ളികളില്‍ ഇടയലേഖനവും വായിച്ചു. അറസ്റ്റില്‍ പ്രതിഷേധം തുടരുമെന്നാണ് ഇടയലേഖനം. ജാമ്യം ലഭ്യമായാലും നിയമക്കുരിക്കൂലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന കന്യാസ്ത്രീകളുടെ അവസ്ഥ പ്രതിഷേധാര്‍ഹമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു. പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം നടന്നിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള കൃത്യമായ ഇടപെടലുണ്ടായില്ല. ഇത് പ്രതിഷേധാര്‍ഹമാണെന്ന് ഇരിങ്ങാലക്കുട രൂപതയുടെ പള്ളികളില്‍ വായിച്ച ഇടയലേഖനത്തില്‍ പറയുന്നു.
ന്യൂനപക്ഷങ്ങളുടെ മുഖം അടിച്ചുപൊളിക്കാന്‍ നാടു നിരങ്ങുന്ന ജ്യോതിശര്‍മമാരും അവരുടെ കേരളത്തിലുള്‍പ്പെടെയുള്ള വിഷപ്പതിപ്പുകളും ഫണമടക്കിക്കിടപ്പാണെന്ന് ദീപിക മുഖപ്രസംഗത്തില്‍ ഓര്‍മിപ്പിക്കുന്നു.
‘പോലീസിനെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി കന്യാസ്ത്രീമാര്‍ക്കും കൂടെയുള്ളവര്‍ക്കും നേരേ ആക്രമണം അഴിച്ചുവിട്ട ജ്യോതി ശര്‍മയെന്ന സ്ത്രീക്കെതിരേ ഒരു പെറ്റിക്കേസുപോലുമില്ല. അതേസമയം, നിരപരാധികളായ രണ്ടു കന്യാസ്ത്രീമാര്‍ 52 തടവുകാര്‍ക്കൊപ്പം ജയിലിന്റെ തറയില്‍ കിടത്തപ്പെട്ടു. ഇതാണ് സബ്കാ സാത്, സബ് കാ വികാസ്. ഛത്തീസ്ഗഡ് സംഭവത്തിന്റെ ഒന്നാം അധ്യായമേ കഴിഞ്ഞിട്ടുള്ളൂ. താത്കാലിക ആശ്വാസത്തിനപ്പുറം ആഹ്ലാദിക്കാനൊന്നുമില്ല. വര്‍ഗീയവാദികളുടെ തോന്ന്യാസത്തിനും സമൂഹവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും വഴങ്ങി റെയില്‍വേ പോലീസ് എടുത്ത കേസ് ഇപ്പോള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെ നിഴലിലാക്കി എന്‍ഐഎയുടെ കോടതിയിലായി. ഭരണഘടനയോട് തെല്ലെങ്കിലും ബഹുമാനമുണ്ടെങ്കില്‍ ഈ കേസ് റദ്ദാക്കുകയും നഗ്നമായ വര്‍ഗീയാതിക്രമം നടത്തിയവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കുകയുമാണു വേണ്ടത്.
ജ്യോതി ശര്‍മയുടേതു രാജ്യദ്രോഹമല്ലെങ്കില്‍ രാജ്യദ്രോഹത്തിന്റെ അര്‍ഥമെന്താണെന്ന് അധികാരക്കസേരയിലുള്ളവര്‍ പറഞ്ഞുതരണം. പാകിസ്താനിലെ ഹിന്ദു-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നതിനു സമാനമായ സ്ഥിതിവിശേഷമാണ് ഈ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ തീവ്രഹിന്ദുത്വ സംഘടനകളില്‍നിന്ന് നേരിടുന്നത്. മതത്തിന്റെ പേരില്‍ ഇതര മതസ്ഥരായ പൗരന്മാരെ കശ്മീരില്‍ ആക്രമിച്ചവരെ അതിര്‍ത്തി കടന്ന് നേരിട്ട രാജ്യം, അതിര്‍ത്തിക്കുള്ളിലെ വര്‍ഗീയവാദികള്‍ക്കു മുന്നില്‍ പത്മാസനത്തിലിരിക്കുന്നു.
1999 ജനുവരിയില്‍ ഒറീസയിലെ കുഷ്ഠരോഗികള്‍ക്കുവേണ്ടി ആയുസത്രയും സമര്‍പ്പിച്ച ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ജീപ്പിലിട്ടു ജീവനോടെ കത്തിച്ച ഭീകരപ്രസ്ഥാനമാണ് ബജ്രംഗ്ദള്‍. അന്നു മുതല്‍ ഇന്നുവരെ എത്രയോ ആക്രമണങ്ങള്‍ ക്രൈസ്തവര്‍ക്കെതിരേ ഇവര്‍ നടത്തിക്കഴിഞ്ഞു. ഇവര്‍ക്കു കാവല്‍ നില്‍ക്കുന്നത് തങ്ങളല്ലേയെന്ന് കേന്ദ്രം ഭരിക്കുന്നവര്‍ ആത്മപരിശോധന നടത്തണം.
ഏതായാലും രാജ്യത്തെ, പ്രത്യേകിച്ചു കേരളത്തിലെ ക്രൈസ്തവര്‍ ആത്മപരിശോധന നടത്തിക്കഴിഞ്ഞു. ആരാണ് കന്യാസ്ത്രീമാരെ പുറത്തിറക്കാന്‍ സഹായിച്ചത് എന്നതൊന്നും ആരും ക്രിസ്ത്യാനികളെ പറഞ്ഞു മനസിലാക്കേണ്ടതില്ല. പുറത്തിറക്കിയതു മാത്രമല്ല, അകത്താക്കിയതും ആരുടെ ബലത്തിലാണെന്ന് അവര്‍ക്കറിയാം.
ഇതു തുടങ്ങിയിട്ട് എത്ര നാളായെന്നുമറിയാം. ഇതൊക്കെ ഛത്തീസ്ഗഡിലല്ലേ, കേരളം മതേതരത്വത്തിന്റെ പൊന്നാപുരം കോട്ടയല്ലേയെന്നു കരുതുന്ന നിഷ്‌കളങ്കരുണ്ടാകാം. പക്ഷേ, മറക്കരുത് വര്‍ഗീയതയും തീവ്രവാദവും മസില്‍ പെരുപ്പിക്കും മുന്പ് മനസ് പെരുപ്പിക്കും. അതു കേരളത്തിലും നടന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇഴയുന്ന വിഷസാന്നിധ്യങ്ങളെ ശ്രദ്ധിച്ചാല്‍ മാത്രം മതി കാര്യമറിയാന്‍. അധികാരത്തിന്റെയോ അധീശത്വത്തിന്റെയോ ഒരു പുതുമഴ മതി, അവ മാളം വിടാന്‍. മതഭ്രാന്തുകള്‍ ആവര്‍ത്തിക്കുമ്പോഴൊക്കെ ഈ പ്രതിരോധം ആവര്‍ത്തിക്കണമെന്നില്ല. കിട്ടിയ അവസരം മുതലെടുത്തവരുണ്ട്. ക്രൈസ്തവ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്താനും കന്യാസ്ത്രീകളുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കാനും പറഞ്ഞ് ചിലരങ്ങ് പേടിപ്പിക്കാന്‍ നോക്കിക്കളഞ്ഞു. തങ്ങളെന്തോ ഒന്നാന്തരം പൗരന്മാരാണെന്ന് അവരെ ആരോ പറഞ്ഞു പറ്റിച്ചതാവാം. അല്ലെങ്കില്‍ ഭരണഘടനയെന്നു കരുതി ഏതോ ചിന്താധാര വായിച്ചിട്ടുണ്ടാകും. ഛത്തീസ്ഗഡിലുള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും സവര്‍ണന്റെ ചവിട്ടടിയിലാണ് അവര്‍ണരുള്ളത്.
പൊതുകിണറ്റില്‍നിന്നു വെള്ളം കുടിക്കാനും പൊതുനിരത്തില്‍ നടക്കാനും സവര്‍ണനെ പേരു വിളിക്കാനും അവകാശമില്ലാത്ത ആ മനുഷ്യര്‍ക്കാണ് മിഷണറിമാരെ കൂടുതല്‍ ആവശ്യമുള്ളത്. ഏതു കൊടികെട്ടിയ പോലീസുകാരനാണെങ്കിലും അതറിഞ്ഞിരിക്കണം. ഉന്നതസ്ഥാനത്തിരുന്ന തഴന്പല്ല, ഉന്നതചിന്തയാണ് മനുഷ്യത്വത്തിന്റെ തൊപ്പി. ജാമ്യം താത്കാലിക വിജയമാണ്. ഹിന്ദുത്വയുടെ ആള്‍ക്കൂട്ടവിചാരണകളും ആള്‍ക്കൂട്ടക്കൊലപാതകങ്ങളും ബുള്‍ഡോസര്‍രാജും ദുരൂഹമായ ഉന്നത നിശബ്ദതകളുമൊക്കെ നിലനില്‍ക്കുകയാണ്. ഛത്തീസ്ഗഡില്‍ കേരളം കോര്‍ത്തെടുത്ത ജാതിമത-ഇടതുവലതു ഭേദമില്ലാത്ത ഈ മനുഷ്യച്ചങ്ങല പൊട്ടരുത്. വര്‍ഗീയ കൂട്ടുകെട്ടുകള്‍ക്കു മുകളില്‍ മതേതരത്വം ശക്തി തെളിയിച്ച 10 ദിവസങ്ങളാണ് കടന്നുപോയത്. അതിന്റെ കൊടിപിടിച്ചതു കേരളമാണെന്നതു നിസാര കാര്യമല്ല. ഇതു കേരളമെഴുതിയ മതേതരത്വത്തിന്റെ ഇന്ത്യന്‍ സ്റ്റോറിയാണ്. ഈ കെട്ടുറപ്പിനുമേല്‍ വിഷത്തിരിയിട്ട ഒരു ജ്യോതിയും തെളിയരുത്’ മുഖപ്രസംഗത്തില്‍ പറയുന്നു.






