കന്യാസ്ത്രീകളുടെ മോചനം വൈകിയത് ‘രാഷ്ട്രീയ നാടകം’ മൂലമെന്ന് രാജീവ്; അസാമാന്യ തൊലിക്കട്ടിയെന്ന് ഇടത് എംപിമാര്‍, ജാമ്യത്തില്‍ രാഷ്ട്രീയ തര്‍ക്കം

കന്യാസ്്രതീകളുടെ മോചനം വൈകിയത് ‘രാഷ്ട്രീയ നാടകം’ മൂലമെന്ന് രാജീവ്; അസാമാന്യ തൊലിക്കട്ടിയെന്ന് ഇടത് എംപിമാര്‍, ജാമ്യത്തില്‍ രാഷ്ട്രീയ തര്‍ക്കം
റായ്പുര്‍: കന്യാസ്ത്രീകളുടെ മോചനത്തിനു പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി രാജീവ് ചന്ദ്രേശഖറും ഇടത് എംപിമാരും. മൂന്നു ദിവസവം മുന്‍പ് രാഷ്ട്രീയ നാടകം നടന്നില്ലായിരുന്നുവെങ്കില്‍ ജയില്‍ മോചനം നേരത്തെ നടക്കുമായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കന്യാസ്ത്രീകളെ ജയിലില്‍ നിന്നെത്തിച്ച വിശ്വദീപ് കോണ്‍വെന്റില്‍ അവരെ കണ്ട ശേഷം പുറത്തിറങ്ങുമ്പോഴായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷത്തിനെതിരെ സംസാരിച്ചത്.
എന്നാല്‍ ആരാണ് രാഷ്ട്രീയ നാടകം നടത്തിയത് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു രാജീവ് ചന്ദ്രശേഖര്‍ ഉത്തരം നല്‍കിയില്ല. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ രാജീവ് ചന്ദ്രശേഖര്‍ മടങ്ങി. ഇതിനെതിരെ ഇടത് എംപിമാര്‍ പ്രതികരിച്ചു. അസാമാന്യ തൊലിക്കട്ടിയാണ് രാജീവ് ചന്ദ്രശേഖറിനെന്ന് ആയിരുന്നു തൊട്ടുപിന്നാലെ കോണ്‍വെന്റില്‍ നിന്നും പുറത്തിറങ്ങിയ ഇടതുപക്ഷ എംപിമാരുടെ ആരോപണം.
”മൂന്നു ദിവസം മുന്‍പ് രാഷ്ട്രീയ നാടകം നടന്നില്ലായിരുന്നുവെങ്കില്‍ ജയില്‍ മോചനം നേരത്തെ നടക്കുമായിരുന്നു. അതിലൊരു സംശയവുമില്ല. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നന്ദി പറയുന്നു. ഞാന്‍ ക്രെഡിറ്റ് എടുത്തിട്ടില്ല. സഭ സഹായിക്കണമെന്നു പറഞ്ഞപ്പോഴാണ് സഹായിക്കാന്‍ ഇറങ്ങിയത്. എല്ലാവര്‍ക്കും സന്തോഷമുണ്ട്. എല്ലാവരും നന്ദി പറയുകയാണ്. ഇത് സന്തോഷത്തിന്റെ ദിവസമാണ്. സഭ വിളിച്ച് സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ ഞങ്ങള്‍ ഇറങ്ങി. അനൂപ് ആന്റണി ഇങ്ങോട്ടേക്കു വന്ന് വേണ്ട കാര്യങ്ങളെല്ലാം ചെയ്തു” – രാജീവ് ചന്ദ്രേശഖര്‍ പറഞ്ഞു.
അസാമാന്യ തൊലിക്കട്ടിയാണ് രാജീവ് ചന്ദ്രശേഖറിനെന്ന് ഇടതുപക്ഷ എംപിമാരായ ജോണ്‍ ബ്രിട്ടാസ്, സന്തോഷ് കുമാര്‍, ജോസ് കെ.മാണി എന്നിവര്‍ പറഞ്ഞു. അല്‍പം ഉളുപ്പുണ്ടെങ്കില്‍ ബിജെപി നേതാക്കള്‍ ജയില്‍ മോചിതരായ കന്യാസ്ത്രീകളെ കാണാന്‍ വരില്ലായിരുന്നു. കന്യാസ്ത്രീകളെ ജയിലില്‍ അടച്ചതിനു ബിജെപി മാപ്പു പറയണം. സഭ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സഹായം ആവശ്യപ്പെട്ടു. കേരളം ബിജെപിയ്ക്കു മാപ്പു നല്‍കില്ല. രാജീവ് ചന്ദ്രേശഖര്‍ വൃത്തികെട്ട നാടകം കളിക്കരുത്. ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും ഒരുനിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹരല്ലെന്നും ഇടത് എംപിമാര്‍ പറഞ്ഞു.






