തിരുമാറാടിയിലെ വനിതാ നേതാവിന്റെ മരണം: ദുരൂഹതയില്ലെന്ന് പോലീസ്, വിവാദമാക്കാന്‍ കോണ്‍ഗ്രസ് ശ്രമമെന്ന് സിപിഎം

എറണാകുളം: സിപിഎം തിരുമാറാടി ലോക്കല്‍ കമ്മിറ്റിയംഗം മണ്ണത്തൂര്‍ കാക്കയാനിക്കല്‍ ആശാ രാജു (56) വിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്നും സ്വാഭാവിക മരണമാണെന്നും കൂത്താട്ടുകുളം പോലീസ്. ഇതു സംബന്ധിച്ച് ആരുടെയും പരാതികള്‍ ലഭിച്ചിട്ടില്ലെന്നും ആശയുടെ സഹോദരനാണ് പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളതെന്നും എസ്എച്ച്ഒ പറഞ്ഞു. സ്വാഭാവിക മരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നടപടിക്രമങ്ങളുടെ ഭാഗമായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബുധന്‍ രാത്രി 9 മണിയോടെയാണ് വീടിനു സമീപത്തുള്ള റബര്‍ തോട്ടത്തില്‍ ആശാ രാജുവിനെ അവശ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം തിരുമാറാടി ടഗോര്‍ ഓഡിറ്റോറിയത്തിലും, വസതിയിലും പൊതു ദര്‍ശനത്തിനു ശേഷം മൂവാറ്റുപുഴ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
പ്രാദേശിക സിപിഎം നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന, തന്റെ ജീവനുതന്നെ അപകടമുണ്ടെന്ന് സൂചിപ്പിക്കുന്ന ആശാരാജുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെ മരണത്തില്‍ സംശയമുന്നയിച്ച് കോണ്‍ഗ്രസ് നേതൃത്വമടക്കം രംഗത്തുവന്നിരുന്നു. കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തില്‍ സിപിഎം കൗണ്‍സിലര്‍ കലാ രാജു പാര്‍ട്ടിക്കെതിരെ രംഗത്തു വന്നതിന്റെ പ്രതിസന്ധി നിലനില്‍ക്കെയാണു വീണ്ടും തിരുമാറാടിയില്‍നിന്ന് ആരോപണം ഉയരുന്നത്.
സ്വാഭാവിക മരണത്തെ അനാവശ്യ ആരോപണങ്ങളുന്നയിച്ച് വിവാദമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഎം കുറ്റപ്പെടുത്തി. മരണം സംബന്ധിച്ച് ആര്‍ക്കും പരാതിയില്ല. മരണത്തില്‍ ദുരൂഹതയില്ലെന്ന് വ്യക്തമായിട്ടുണ്ട്. വിവാദമായ ശബ്ദസന്ദേശത്തില്‍ സൂചിപ്പിക്കുന്ന റോഡ് നിര്‍മാണത്തിന് തിരുമാറാടി പഞ്ചായത്ത് തുക അനുവദിച്ചതാണെന്നും സിപിഎം വ്യക്തമാക്കി.






