Breaking NewsKeralaLead NewsLocal

ഒരു മര്യാദയൊക്കെ വേണ്ടേ, ഇങ്ങനെയൊക്കെ ചെയ്യാമോ? കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നടുറോഡില്‍ ഉപേക്ഷിച്ച് പോയി; ഡ്രൈവര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത് പൊലീസ്

അരൂര്‍: ഉയരപ്പാത നിര്‍മാണം നടക്കുന്ന മേഖലയില്‍ ബൈക്ക് യാത്രക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ദേശീയ പാതയുടെ നടുവില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അരൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തു. ഗതാഗത തടസം ഉണ്ടാക്കിയതിനാണ് കൊല്ലം ഡിപ്പോയിലെ ഡ്രൈവറായ ഡി. ബിജുവിനെതിരേ കേസെടുത്തത്.

ഇതിനുപുറമേ കെഎസ്ആര്‍ടിസി സിഎംഡി സ്‌ക്വാഡും മോട്ടോര്‍വാഹന വകുപ്പും വിഷയത്തില്‍ പ്രത്യേക അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് ചിത്രം സഹിതം വാര്‍ത്തകള്‍ വന്നിരുന്നു. വ്യാഴാഴ്ച തന്നെ സിഎംഡി സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചിരുന്നു. ഇത് ഡ്രൈവറെ മര്‍ദിച്ചെന്ന സന്ദേശത്തെ തുടര്‍ന്നായിരുന്നു.

Signature-ad

സംഭവത്തില്‍ വൈകാതെ വകുപ്പുതല നടപടികള്‍ ഉണ്ടാകും. ജീവനക്കാര്‍ ബസ് ഉപേക്ഷിച്ച് കടന്നുകളയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പ്രചരിക്കുന്നുണ്ട്. ഇതും സിഎംഡി സ്‌ക്വാഡിലെ ആലപ്പുഴ ജില്ലാ ചുമതല വഹിക്കുന്ന ഉദ്യോസ്ഥന്‍ തെളിവായി നല്‍കിയിട്ടുണ്ട്.

ദേശീയപാതയിലൂടെ വ്യാഴാഴ്ച രാവിലെ സ്‌കൂട്ടറില്‍ പോയ അരൂര്‍ 11-ാം വാര്‍ഡ് കളരിക്കല്‍ സനൂപ് കെ.എ. (33) ബസിന്റെ പിന്‍ഭാഗം തട്ടി വീഴുകയായിരുന്നു. കോഴിക്കോട്ടേക്ക് പോയ കൊല്ലം ഡിപ്പോയിലെ സൂപ്പര്‍ഫാസ്റ്റ് ബസ് നിയമം ലംഘിച്ച് ഇടതുഭാഗത്തുകൂടെ കയറിപ്പോവുമ്പോഴാണിത് സംഭവിച്ചത്. റോഡിലേക്ക് വീണുവെങ്കിലും പരിക്കേല്‍ക്കാതിരുന്ന സനൂപ് അരൂര്‍ പഞ്ചായത്തിന് മുന്‍വശം കുരുക്കിലായ ബസിനെ മറികടന്നെത്തി സംഭവം ചോദ്യം ചെയ്തു. ഇതോടെയാണ് യാത്രക്കാരെ പെരുവഴിയിലാക്കി ഡ്രൈവര്‍ ബിജുവും കണ്ടക്ടര്‍ ശ്രീരാഘവനും ബസ് റോഡിന് നടുവിലിട്ട് കടന്നുകളഞ്ഞത്.

Back to top button
error: