പ്രതീക്ഷയില്‍നിന്ന് പടുകുഴിയിലേക്ക്; ബംഗ്ലാദേശില്‍ ഷേഖ് ഹസീന യുഗം അവസാനിച്ചിട്ട് ഒരുവര്‍ഷം; ബാക്കിയാകുന്നത് ബലാത്സംഗവും ആള്‍ക്കൂട്ട ആക്രമണങ്ങളും ന്യൂനപക്ഷ പീഡനങ്ങളും കൊടികുത്തി വാഴുന്ന തെരുവുകള്‍; അധികാരത്തിന്റെ മത്തില്‍ നിയമവാഴ്ച മറന്ന ഡോ. യൂനിസ് ഖാന്‍; ജനാധിപത്യം ഇനിയുമകലെ
സമരങ്ങള്‍ നിലയ്ക്കുന്നതിന്റെയോ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിന്റെയോ ലക്ഷണങ്ങളില്ല. ദിശാസൂചികളില്ലാത്ത നാല്‍ക്കവലയിലാണ് ബംഗ്ലാദേശ് രാഷ്ട്രീയം. 'വിമോചനം' എന്ന വാക്ക് ഇന്ന് അര്‍ഥമില്ലാത്ത ശബ്ദമായി മാറിയിരിക്കുന്നു. പുതിയ തുടക്കമെന്നു പറഞ്ഞവരൊക്കെ പിന്നീടു കണ്ടത് അവസാനിക്കാത്ത സമരങ്ങളും.

ധാക്ക: ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഭൂപടത്തെയാകെ അടിമുടി അട്ടിമറിച്ച വിദ്യാര്‍ഥി കലാപത്തിന് ജൂലൈയില്‍ ഒരു വര്‍ഷം പിന്നിട്ടു. ബംഗ്ലാദേശിനെ അതിന്റെ ഗര്‍ഭത്തില്‍തന്നെ പിടിച്ചുലച്ച കലാപത്തിലൂടെ, 15 വര്‍ഷം നീണ്ട ഷേഖ് ഹസീനയുടെ ഭരണം അവസാനിച്ചു. ചിലര്‍ക്കിത് ഒരു രാഷ്ട്രീയ മാറ്റം മാത്രമായിരുന്നു. മറ്റു ചിലര്‍ക്ക് പ്രതീക്ഷാ നിര്‍ഭരമായ ജനാധിപത്യത്തിലേക്കുള്ള ‘രണ്ടാം സ്വാതന്ത്ര്യ’ സമരവും.
നോബേല്‍ ജേതാവും എഴുത്തുകാരനുമൊക്കെയായ ഡോ. മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ 2024 ഓഗസ്റ്റ് എട്ടിന് അധികാരമേറ്റു. നിയമവാഴ്ച പുനസ്ഥാപിക്കുക, രാജ്യത്തിന്റെ ഭരണസംവിധാനത്തെയാകെ നവീകരിക്കുക, ബംഗ്ലാദേശിനെ സ്വതന്ത്രവും നീതിയുക്തവുമായ ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലേക്കു നയിക്കുക എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങള്‍ അദ്ദേഹത്തിനു കല്‍പിച്ചുകൊടുത്തു. ഷേഖ് ഹസീനയുടെ ഏകാധിപത്യ ഭരണത്തില്‍നിന്നും ശുദ്ധവായു ശ്വസിക്കാന്‍ കഴിയുന്ന രാജ്യമാക്കി മാറ്റാനുള്ള മാതൃകാ സംവിധാനമായി യൂനിസ് ഖാന്‍ ഭരണകൂടത്തെ ജനം കണ്ടു.
പക്ഷേ, പ്രതീക്ഷകളെല്ലാം മധുവിധു കാലത്തുതന്നെ അസ്തമിച്ചു. ഭരണസ്ഥിരത അരക്കിട്ടുറപ്പിക്കുന്നതിനു പകരം അത്യഗാധമായ രാഷ്ട്രീയ കുഴമറിച്ചിലുകളിലേക്കും ജനങ്ങളുടെ അവിശ്വാസത്തിലേക്കും ഭരണപരമായ കുത്തഴിച്ചിലുകളിലേക്കുമാണു ആ രാജ്യം ചെന്നു പതിച്ചത്. ബംഗ്ലാദേശിന്റെ തെരുവുകളെല്ലാം തുടര്‍ച്ചയായ പ്രതിഷേധ സമരങ്ങള്‍കൊണ്ടു നിറഞ്ഞു. നിയവാഴ്ച ഇല്ലായ്മയ്‌ക്കൊപ്പം ജനപ്രീതി ലഭിക്കാത്ത പരിഷ്‌കാരങ്ങളുമായിരുന്നു കാരണം.
ഒരിക്കല്‍ മാറ്റത്തിനു കാരണക്കാരായ വിദ്യാര്‍ഥികളുടെയും തൊഴിലാളികളുടെയും ശബ്ദം കൂടുതല്‍ തീവ്രമായി മുഴങ്ങാന്‍ തുടങ്ങി. പതിഞ്ഞ താളത്തില്‍ തുടങ്ങിയ അസ്വസ്ഥതയുടെ മുറുമുറുപ്പുകള്‍ കൂടുതല്‍ ഉച്ചത്തില്‍ പ്രത്യക്ഷമായി. രാഷ്ട്രീയ പാര്‍ട്ടികളും അവസരം മുതലെടുത്തു തെരുവിലെത്തി. ദേശീയ തെരഞ്ഞെടുപ്പിലേക്കു വളരെപ്പെട്ടെന്നു നീങ്ങാനുള്ള പദ്ധതിയൊരുക്കൂ എന്ന് ഇവര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു.
ഠ ഇടക്കാല സര്‍ക്കാര്‍ എന്ന പ്രതിസന്ധി
ഷേഖ് ഹസീനയുടെ പതനത്തിനുശേഷമുള്ള രാജ്യത്തിന്റെ പ്രതിസന്ധിക്കു കാരണം ഏതെങ്കിലും വിദേശ ശക്തികളോ വിധ്വംസക പ്രവര്‍ത്തനങ്ങളോ അല്ല. മറിച്ച് ഇടക്കാല സര്‍ക്കാരിന്റെ കഴിവുകേടു തന്നെയാണ്. അവരുടെ വാക്കുകളെല്ലാം പഴഞ്ചാക്കുകളായി. ജനാധിപത്യപരമായ ഏകോപനങ്ങള്‍ക്കു പകരം കൂടുതല്‍ പക്ഷപാതപരമായി സര്‍ക്കാര്‍ നീങ്ങി.
ഹസീനയ്ക്കുശേഷം ബംഗ്ലാദേശില്‍ ഉയര്‍ന്നുവന്ന രാഷ്ട്രീയ ശൂന്യത അതിന്റെ മൂര്‍ധന്യത്തിലാണ്. ആളുകള്‍ വ്യക്തിസുരക്ഷയെക്കുറിച്ചു തന്നെ ആശങ്കപ്പെട്ടു തുടങ്ങി. ഇനിയുമൊരു കലാപത്തിലേക്കു നീങ്ങുമെന്ന് ഭയപ്പെട്ടു. ആശങ്കകള്‍ പരിഹരിക്കുന്നതു പകരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കു വഴിമരുന്നിടുകയാണു സര്‍ക്കാര്‍ ചെയ്തത്. പഴയ ഭരണത്തിന്റെ ശേഷിപ്പുകളെ അവര്‍ വീണ്ടുംവീണ്ടും ഉന്നമിട്ടു.
ബംഗ്ലാദേശി ഹിന്ദുക്കളടക്കം ന്യൂനപക്ഷ വിഭാഗങ്ങളും തുടര്‍ച്ചയായ ആക്രമണത്തിന് ഇരയായി. അഫ്ഗാനില്‍ സംഭവിച്ചതിനു തുല്യമായി ജനാധിപത്യപരമായ അവകാശങ്ങളൊക്കെ തീവ്രമതവിഭാഗങ്ങള്‍ തട്ടിയെടുക്കുമെന്നു ജനം ഭയപ്പെടുന്നു. ഇതിന്റെ സൂചകങ്ങളെന്നോണം ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ പ്രത്യക്ഷമായി രംഗത്തുവന്നു. ഖലീഫ സംവിധാനത്തില്‍ ഇസ്ലാമിസ്റ്റ് ഭരണം വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ബംഗ്ലദേശിനെ പൂര്‍ണമായും ശരീഅത്ത് നിയമത്തിന് കീഴില്‍ കൊണ്ടുവരുമെന്ന് തീവ്ര ഇസ്‌ലാമിക ഗ്രൂപ്പായ ജമാ അത്ത് ചാര്‍ മൊനായ് പറഞ്ഞതും അടുത്തിടെയാണ്.
ബംഗ്ലാദേശിന്റെ മതനിരപേക്ഷ മുഖത്തിന്റെ പ്രതീകങ്ങളായ സാംസ്‌കാരിക സ്ഥാപനങ്ങളെല്ലാം അക്രമങ്ങള്‍ക്ക് ഇരയാണ്. 2024ല്‍ ആരംഭിച്ച അക്രമത്തിന് 2025 പാതി പിന്നിട്ടിട്ടും അവസാനമായിട്ടില്ല. ‘വിമോചന’മെന്ന മുദ്രാവാക്യം മുഴങ്ങിയ പാതകളില്‍ ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും പിടിച്ചുപറിയും തെരുവു യുദ്ധങ്ങളും രാഷ്ട്രീയ കലാപനങ്ങളും ഇരട്ടിയായി. പകല്‍ വെളിച്ചത്തില്‍പോലും പൗരന്‍മാര്‍ അരക്ഷിതരായി. ഇതോടൊപ്പം പക്ഷപാതപരമായ ഇടപെടലിലൂടെ നിയമപാലകരും ‘മാതൃക’ കാണിക്കുന്നു. ഒരു വര്‍ഷം മുമ്പ് എന്തായിരുന്നോ അതില്‍ കൂടുതല്‍ ഭീതിയാണ് ഇന്ന് ബംഗ്ലാദേശിന്റെ മുഖമുദ്ര.
ഇതിന്റെയൊക്കെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു പകരം ഇടക്കാല സര്‍ക്കാര്‍ എല്ലാം നിഷേധിക്കുകയാണു ചെയ്തത്. എല്ലാ കൊള്ളരുതായ്മകളെയും മൂടിവച്ച് നിയമപാലനം നിയന്ത്രണ വിധേയമാണെന്ന് അവര്‍ ആവര്‍ത്തിക്കുന്നു. പക്ഷേ, കണക്കുകള്‍ കള്ളം പറയില്ലല്ലോ. ഔദ്യോഗികമായ ക്രൈം ഡാറ്റകള്‍ മറ്റൊന്നാണു ചൂണ്ടിക്കാട്ടുന്നത്. യൂനിസ് സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യ പത്തുമാസം തന്നെ അക്രമങ്ങള്‍ കുത്തനെ ഉയര്‍ന്നു.
ജൂണ്‍ മാസം മാത്രം 63 ബലാല്‍സംഗങ്ങള്‍ ബംഗ്ലദേശിലുണ്ടായെന്നും ഇതില്‍ 17 എണ്ണം കൂട്ടബലാല്‍സംഗങ്ങളാണെന്നും അതിജീവിതമാരില്‍ ഏഴു സ്ത്രീകള്‍ ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്നവരായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് നേതാക്കള്‍ പറയുന്നു. ബലാല്‍സംഗം ചെയ്യപ്പെട്ടവരില്‍ 19 കുട്ടികളും 23 കൗമാരക്കാരികളുമുണ്ടെന്ന കണക്ക് ആരെയും ഞെട്ടിക്കും.
ഠ മോറല്‍ പോലീസിംഗ്, ന്യൂനപക്ഷ പീഡനം
‘ഓപ്പറേഷന്‍ ഡെവിള്‍ ഹണ്ട്’ എന്ന പേരില്‍ ക്രിമിനലുകളെ പിടികൂടാന്‍ നടപ്പാക്കിയ പദ്ധതി വളരെപ്പെട്ടെന്ന് സദാചാര പോലീസിംഗും ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പരിപാടിയുമായി മാറി. പ്രതിപക്ഷ പാര്‍ട്ടികളെയും രാഷ്ട്രീയ വിമതരെയും അവര്‍ ലക്ഷ്യമിട്ടു. മതന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരേ ചോദ്യങ്ങളുയര്‍ന്നപ്പോള്‍ അധികാരികള്‍ അതൊരു രാഷ്ട്രീയ വിഷയമെന്നു പറഞ്ഞു തള്ളിക്കളഞ്ഞു. ഹിന്ദു ന്യൂനപക്ഷങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനു മൗനാനുവാദം നല്‍കിയ ആഭ്യന്തര ഉപദേഷ്ടാവ് കുറ്റക്കാരനെന്നു തെളിഞ്ഞിട്ടും അധികാരത്തില്‍ തുടരുന്നു. മിറ്റ്‌ഫോര്‍ഡ് ആശുപത്രിക്കു സമീപം ആക്രിക്കച്ചവടക്കാരനെ ഏഴുപേര്‍ ചേര്‍ന്നു തല്ലിക്കൊന്നശേഷം മൃതദേഹത്തിനരികെ ആനന്ദ നൃത്തമാടിയത് ബംഗ്ലാദേശിലെ നിയമവാഴ്ച എവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.
രാജ്യത്തു സമാധാനം തിരിച്ചെത്തിക്കാനുള്ള നീക്കങ്ങള്‍ക്കു പകരം വിവാദമായ നിയമപരിഷ്‌കാരങ്ങളുമായി മുന്നോട്ടു പോകുകയാണു സര്‍ക്കാര്‍ ചെയ്തത്. സൈബര്‍ പ്രൊട്ടക്ഷന്‍ ഓര്‍ഡിനന്‍സ് മുതല്‍ ഇന്റര്‍നാഷണല്‍ ക്രൈം ട്രൈബ്യൂണലും പബ്ലിക് സര്‍വീസ് ഓര്‍ഡിനന്‍സ് വരെയും നാഷണല്‍ ബോര്‍ഡ് ഓഫ് റവന്യൂ (എന്‍ബിആര്‍) പിരിച്ചുവിടാനുള്ള നീക്കംവരെയും വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നു. മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുള്ള നീക്കമാണെന്നു പൊതുസമൂഹം മുന്നറിയിപ്പു നല്‍കുന്നു. ഇതോടൊപ്പം പ്രതിഷേധവും കനത്തു.
സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ ബാങ്ക് ജീവനക്കാര്‍വരെ തെരുവിലാണിപ്പോള്‍. എന്‍ബിആര്‍ ഇല്ലാതാക്കാനുള്ള നീക്കം പ്രതിഷേധം ആളിക്കത്തിക്കുന്നു. നിര്‍ബന്ധിത വിരമിക്കലിനെതിരേ പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്നവര്‍ ആഞ്ഞടിക്കുന്നു. ആര്‍എബി, ബിജിബി, സ്വാത് യൂണിറ്റുകളടക്കമുള്ള പാരാമിലിട്ടറി യൂണിറ്റുകളാണ് ഇപ്പോള്‍ അധികാര കേന്ദ്രങ്ങള്‍ക്കു കാവല്‍. പ്രതിഷേധക്കാരുടെ ആവശ്യം ഇപ്പോഴും യൂനിസ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. പബ്ലിക് സെര്‍വന്റ്‌സ് ഓര്‍ഡിനന്‍സ് ലോ ഭാഗികമായി പിന്‍വലിച്ചെങ്കിലും മറ്റ് ജനവിരുദ്ധ ഓര്‍ഡിനന്‍സുകള്‍ ജനത്തിന്റെ തലയ്ക്കു മുകളിലുണ്ട്.
രാജ്യത്തിന്റെ അഭിമാനമെന്നു കരുതിയ സ്ഥാപനങ്ങളുടെയെല്ലാം ധനസഹായം വെട്ടിക്കുറച്ചു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഫാക്ടറി ജീവനക്കാര്‍ മുതല്‍ ബംഗ്ലാദേശ് റൈഫിള്‍സിന്റെ മുന്‍ ജീവനക്കാര്‍വരെ അവരുടെ എതിര്‍പ്പുകള്‍ ഉയര്‍ത്തിയിട്ടും ഗുണകരമായ പ്രതികരണം ഇനിയുമുണ്ടായിട്ടില്ല. ഒരിക്കല്‍ പ്രതീക്ഷയുടെ തിരിനാളമെന്നു കരുതിയിരുന്ന രാജ്യം ഇന്ന് പ്രതിസന്ധിയുടെ ചുഴലിക്കയത്തിലേക്ക് ആഴ്ന്നു പോയ്‌ക്കൊണ്ടിരിക്കുന്നു.
ഠ പരാജയത്തിന്റെ രാഷ്ട്രീയ മാനങ്ങള്‍
ഇടക്കാല സര്‍ക്കാരിന്റെ പരാജയം രാഷ്ട്രീയപരമായി ഏറെ നിര്‍ണായകമാണ്. സര്‍ക്കാരിന്റെ യഥാര്‍ഥ ലക്ഷ്യമെന്തെന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും നേതാക്കളും ചോദ്യങ്ങളുന്നയിക്കുന്നു. അധികാരം കൈമാറാനുള്ള യൂനിസ് സര്‍ക്കാരിന്റെ മടിയാണ് തെരഞ്ഞെടുപ്പിലേക്കു നീങ്ങാതിരിക്കുന്നതിനുള്ള കാരണമായി വിലയിരുത്തുന്നു. രാജ്യത്ത് ഏറെ അധികാരമുള്ള സൈനിക മേധാവിയുടെ ചോദ്യങ്ങള്‍ക്കുപോലും കൃത്യമായ മറുപടിയില്ല.
ഫെബ്രുവരിയിലും ഏപ്രിലിലുമൊക്കെ നടക്കുമെന്നു കരുതിയ തെരഞ്ഞെടുപ്പ് ഇപ്പോഴും തീരുമാനങ്ങളില്ലാതെ അവശേഷിക്കുന്നു. ജനങ്ങളുടെ വിശ്വാസരാഹിത്യത്തിനാണ് ഇവര്‍ എണ്ണ പകരുന്നത്. ചരിത്രപരമെന്നു കരുതിയ ജൂലൈയിലെ അധികാരമാറ്റം ഇന്നു അമര്‍ഷവും ക്രോധവും തുടരുന്ന സമരങ്ങളായി നിലതെറ്റിയിരിക്കുന്നു.
ഷേഖ് ഹസീന യുഗം അവസാനിച്ചശേഷം ബംഗ്ലാദേശ് എത്തപ്പെട്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ ആഴം അഗാധമാണ്. ഇടക്കാല സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു. സമരങ്ങള്‍ നിലയ്ക്കുന്നതിന്റെയോ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിന്റെയോ ലക്ഷണങ്ങളില്ല. ദിശാസൂചികളില്ലാത്ത നാല്‍ക്കവലയിലാണ് ബംഗ്ലാദേശ് രാഷ്ട്രീയം. ‘വിമോചനം’ എന്ന വാക്ക് ഇന്ന് അര്‍ഥമില്ലാത്ത ശബ്ദമായി മാറിയിരിക്കുന്നു. പുതിയ തുടക്കമെന്നു പറഞ്ഞവരൊക്കെ പിന്നീടു കണ്ടത് അവസാനിക്കാത്ത സമരങ്ങളും. അവസരം മുതലെടുത്ത് ഉയര്‍ന്നുവരുന്ന മുസ്ലിം തീവ്രവിഭാഗങ്ങള്‍കൂടിയാകുമ്പോള്‍ ആ രാജ്യത്തിന്റെ ഭാവി മുമ്പെങ്ങുമില്ലാത്തവിധം അനിശ്ചിതത്വത്തിലേക്കു തന്നെയെന്നു വ്യക്തം.








