സര്‍ക്കാര്‍ നല്‍കിയ പാനല്‍ തള്ളി; സിസാ തോമസും ശിവപ്രസാദും വീണ്ടും താല്‍ക്കാലിക വി സിമാര്‍; രാജ്ഭവന്‍ വിജ്ഞാപനം ഇറക്കി

തിരുവനന്തപുരം: ഡോ. സിസാ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വി സിയായും ഡോ. കെ ശിവപ്രസാദിനെ സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വി സിയായും നിയമിച്ചു ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. രണ്ടുപേരും ഇന്ന് ചുമതലയേല്‍ക്കും. സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.
ഡിജിറ്റല്‍ യുണിവേഴ്‌സിറ്റിയിലേക്ക് ഡോ. എം കെ ജയരാജ്, രാജശ്രീ, കെ പി സുധീര്‍ എന്നിവരുടെ പാനലാണ് സര്‍ക്കാര്‍ നല്‍കിയത്. സാങ്കേതിക സര്‍വകലാശാല താല്‍കാലിക വി സി ആയി പ്രൊഫ. പ്രവീണ്‍, ഡോ. ജയപ്രകാശ്, ആര്‍ സജീബ് എന്നിവരടങ്ങിയ പാനലാണ് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ കൈമാറിയിരുന്നത്. ഈ പാനല്‍ തള്ളിയാണ് സിസാ തോമസിനെയും ശിവപ്രസാദിനെയും ഗവര്‍ണര്‍ നിയമിച്ചിരിക്കുന്നത്
സ്ഥിരം വി സിമാരെ ഉടന്‍ നിയമിക്കണമെന്നും അതുവരെ നിലവിലുള്ളവരെ നിയോഗിച്ച് ഗവര്‍ണര്‍ക്കു വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സര്‍വകലാശാല ചട്ടപ്രകാരം ആറു മാസത്തേക്കാണ് താല്‍ക്കാലിക വി സിമാരുടെ നിയമനം എന്നതുകൊണ്ട് ഇക്കാര്യം വ്യക്തമാക്കിയാണ് രാജ്ഭവന്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ തന്നെ താല്‍ക്കാലിക വി.സിമാരെ നിയമിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ഗവര്‍ണര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിസാ തോമസിനും കെ ശിവപ്രസാദിനും യൂണിവേഴ്സിറ്റി ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി വീണ്ടും നിയമനം നല്‍കുകയായിരുന്നു. ഇന്നലെയാണ് സുപ്രീംകോടതി ഉത്തരവ് രാജ്ഭവനില്‍ ലഭിച്ചത്.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കു പിന്നാലെ സര്‍ക്കാര്‍ താല്‍ക്കാലിക വി സി നിയമനത്തിനായി ഗവര്‍ണര്‍ക്കു പാനല്‍ നല്‍കിയിരുന്നു. തുടര്‍ന്ന്, മുഖ്യമന്ത്രിയും മന്ത്രിമാരായ ആര്‍ ബിന്ദുവും പി രാജീവും ഗവര്‍ണറെ കണ്ടു ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ അടുത്ത ദിവസം തന്നെ ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.






