Breaking NewsLead NewsWorld
ഗാസയില്‍ ഭക്ഷണവിതരണ കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും ഇസ്രയേല്‍ വെടിവെപ്പ്; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് സഹായത്തിനായി കാത്തുനിന്ന 91 പേര്

ഗാസാസിറ്റി: ഗാസയിലെ ഭക്ഷണവിതരണകേന്ദ്രങ്ങളില്‍ 24 മണിക്കൂറിനിടെയുണ്ടായ ഇസ്രയേല്‍ വെടിവെപ്പിലും ആക്രമണങ്ങളിലും 91 പേര് കൊല്ലപ്പെട്ടു. 600-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഗാസയിലെ സികിം അതിര്‍ത്തിയില്‍ സഹായട്രക്കിനരികിലേക്കോടിയവര്‍ക്കുനേരേയുണ്ടായ ആക്രമണത്തിലാണ് 54 പേര് മരിച്ചത്. പട്ടിണിയാലും പോഷകാഹാരക്കുറവിനാലും മുനമ്പില്‍ 154 മരണങ്ങള് റിപ്പോര്‍ട്ടുചെയ്തു. അതില്‍ 89 പേര് കുട്ടികളാണ്.
22 മാസമായിത്തുടരുന്ന യുദ്ധത്തില്‍ ആകെ മരണം 60,000 കടന്നു. അതിനിടെ, വെടിനിര്‍ത്തല്‍ ആവശ്യം ശക്തമാകുന്ന സാഹചര്യത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ കാര്യങ്ങള്‍ക്കുള്ള പ്രത്യേക ദൂതന് സ്റ്റീവ് വിറ്റ്കോഫ് ടെല്‍ അവീവിലെത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി.






