Breaking NewsLead NewsWorld

‘ഗാസയിലെ ഭരണം അവസാനിപ്പിച്ച് ആയുധങ്ങള്‍ പാലസ്തീന്‍ അതോറിറ്റിക്ക് കൈമാറണം’; ഹമാസിനോട് ഭരണം വിട്ടുപോവാന്‍ അറബ് രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും

ലണ്ടന്‍: ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെങ്കില്‍ ഗാസയിലെ ഭരണം ഉപേക്ഷിക്കാന്‍ ഹമാസ് തയ്യാറാവണമെന്ന് അറേബ്യന്‍ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടു. സൗദി അറേബ്യ, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ഹമാസിനോട് ഭരണം വിട്ടുപോവാന്‍ നിര്‍ദേശിച്ചത്.

ഇസ്രയേലിനും പലസ്തീനുമിടയില്‍ ദ്വിരാഷ്ട്ര പരിഹാരം പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ സമ്മേളനത്തില്‍ അംഗീകരിച്ച ഏഴ് പേജുള്ള രേഖയിലാണ് ഈ രാജ്യങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. നിര്‍ദേശത്തെ അറബ് ലീഗും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെ പതിനേഴ് രാജ്യങ്ങള്‍ പിന്തുണച്ചു. നിലവിലെ യുദ്ധത്തിന് കാരണമായ, 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തെ യുഎന്‍ പ്രമേയം അപലപിക്കുകയും ചെയ്തു.

Signature-ad

‘ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, പാലസ്തീന്‍ രാഷ്ട്രം എന്ന ലക്ഷ്യത്തിനു വേണ്ടി, ഗാസയിലെ ഭരണം ഹമാസ് അവസാനിപ്പിക്കുകയും ആയുധങ്ങള്‍ പലസ്തീന്‍ അതോറിറ്റിക്ക് കൈമാറുകയും വേണം.’ യുഎന്‍ അംഗീകരിച്ച പ്രഖ്യാപനത്തില്‍ പറയുന്നു. ഇസ്രയേലും ഹമാസും ഗാസ വിട്ടുപോകണമെന്നും പലസ്തീന്‍ അതോറിറ്റിക്ക് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അവസരം നല്‍കണമെന്നും യുഎന്നിലെ പലസ്തീന്‍ പ്രതിനിധി സംഘം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രമേയം.

ഫ്രാന്‍സ്, ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളും രേഖയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇസ്രയേലും അമേരിക്കയും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. യുദ്ധം അവസാനിച്ച ശേഷം ഗാസയെ സുസ്ഥിരമാക്കാന്‍ വിദേശസൈന്യത്തെ വിന്യസിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. സൗദി അറേബ്യയ്‌ക്കൊപ്പം സമ്മേളനത്തിന് അധ്യക്ഷത വഹിച്ച ഫ്രാന്‍സ്, ഈ പ്രഖ്യാപനത്തെ ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചത്.

‘അറബ് രാജ്യങ്ങളും മിഡില്‍ ഈസ്റ്റിലുള്ളവരും ഹമാസിനെ അപലപിക്കുന്നു, ഒക്ടോബര്‍ 7-നെ അപലപിക്കുന്നു. ഹമാസിന്റെ നിരായുധീകരണത്തിനായി ആഹ്വാനം ചെയ്യുന്നു. പലസ്തീന്‍ ഭരണത്തില്‍നിന്ന് അവരെ ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നു. ഭാവിയില്‍ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കാനുള്ള ഉദ്ദേശ്യം വ്യക്തം.’ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരോ പറഞ്ഞു.

Back to top button
error: