നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ല! വാര്‍ത്തകള്‍ തള്ളി കേന്ദ്രം; ചില വ്യക്തികള്‍ പങ്കുവെക്കുന്ന വിവരങ്ങള്‍ തെറ്റെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്രം.ഇതുമായി ബന്ധപ്പെട്ട് ചില വ്യക്തികള്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ തെറ്റെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, യമനില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിമിഷക്ക് മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ട യമനി യുവാവ് തലാലിന്റെ കുടുംബം തയാറായെന്ന് മധ്യസ്ഥര്‍ അറിയിച്ചു. കാന്തപുരം അബുബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് യമനില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് നിര്‍ണായക പുരോഗതിയുണ്ടായത്. തുടര്‍നടപടികള്‍ വൈകാതെയുണ്ടാകുമെന്ന് സൂചന.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് സുഫി പണ്ഡിതന്‍ ഉമര്‍ ഹഫിളിന്റെ പ്രതിനിധികള്‍ കൊല്ലപ്പെട്ട യമനി യുവാവ് തലാലിന്റെ കുടുംബവുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക പുരോഗതിയുണ്ടായത്. നിമിഷക്ക് മാപ്പ് നല്‍കാന്‍ തലാലിന്റെ കുടുംബം തയാറായതായി ചര്‍ചയില്‍ പങ്കെടുത്ത മധ്യസ്ഥര്‍ അറിയിച്ചു. കുടുംബം ഇക്കാര്യം കോടതിയെ അറിയിച്ചാല്‍ വധശിക്ഷ റദ്ദാക്കും.
അതേസമയം, വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ഫതാഹ്. വധശിക്ഷ നടപ്പാക്കുന്നതിന് പുതിയ തിയതി തീരുമാനിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ക്ക് കുടുംബം അയച്ച കത്തും ഫതാഹ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടു.
തലാലിന്റെ മാതാപിതാക്കള്‍ മാപ്പ് നല്‍കാന്‍ തയാറായി എന്നതാണ് മധ്യസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ടയാളുടെ മാതാപിതാകള്‍ മാപ്പ് നല്‍കിയാല്‍ വധശിക്ഷ റദ്ദാക്കുമെന്നും മധ്യസ്ഥര്‍ പറയുന്നു. മാപ്പ് നല്‍കിയെന്ന് കാണിച്ച് കുടുംബം പ്രോസിക്യൂട്ടര്‍ക്ക് കത്ത് നല്‍കുന്നതോടെ ഇക്കാര്യത്തിലെ അവ്യക്തതകള്‍ക്ക് അവസാനമാകുമെന്നാണ് പ്രതീക്ഷ.






