IndiaNEWS

മനുഷ്യക്കടത്ത് നടന്നതായി  ഛത്തീസ്ഗഡ് മുഖ്യമന്ത്രി, മതപരിവര്‍ത്തനം ചുമത്തി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപി നേതാവ് അനൂപ് ആന്‍റണിയും പ്രതിപക്ഷ എം.പി മാരും ഇന്ന് ഛത്തീസ്ഗഡിൽ 

   മതപരിവര്‍ത്തനം ആരോപിച്ച് മലയാളി കന്യാസ്‌ത്രീകളെ ഛത്തീസ്‌ഗഡില്‍ അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ നിയമ സഹായം വാഗ്ദനം ചെയ്ത് ബിജെപി നേതാവ് അനൂപ് ആന്‍റണി ഛത്തീസ്ഗഡിൽ എത്തി. അദ്ദേഹം രാവിലെ തന്നെ ഉപമുഖ്യമന്ത്രിയെ അടക്കം കണ്ട് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചർച്ച ചെയ്യും. ഇതിനിടെ, പ്രതിപക്ഷ എംപിമാരുടെ സംഘവും ഛത്തീസ്ഗഡിലേക്ക് പുറപ്പെട്ടു. എൻ കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹന്നാൻ തുടങ്ങിയവർ ഛത്തീസ്ഗഡിലെ ദുർഗിലെത്തും.

കഴിഞ്ഞ വെള്ളിയാഴ്‌ച ഉത്തർപ്രദേശിലെ ആഗ്രയിലേക്ക് ട്രെയിനിൽ പോകുകയായിരുന്നു കന്യാസ്‌ത്രീകളായ സി പ്രീതി മേരയും, സി വന്ദന ഫ്രാന്‍സിസും. ഇവർക്കൊപ്പം മൂന്ന് ആദിവാസി പെണ്‍കുട്ടികളും ഒരു യുവാവും ഉണ്ടായിരുന്നു. എന്നാൽ യാത്രാമധ്യേ ദുർഗ് റയിൽവേ സ്‌റ്റേഷനിൽ വച്ച് ചില ബജ്‌റംഗ്‌ദള്‍ പ്രവർത്തകർ ട്രെയിനിൽ വച്ച് കന്യാസ്‌ത്രീകളെ  ചോദ്യം ചെയ്‌തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. ഹിന്ദു മതത്തില്‍പെട്ട കുട്ടികളായതിനാലാണ് തങ്ങള്‍ ചോദ്യം ചെയ്‌തതെന്നും ഈ കുട്ടികളെ മതപരിവർത്തനത്തിനു  കൊണ്ടുപോകുകയാണെന്നുമാണ് ബജ്‌റംഗ്‌ദളിൻ്റെ ആരോപണം.
വിവരം അറിഞ്ഞ്  സ്ഥലത്തെത്തിയ പൊലീസ് മതപരിവര്‍ത്തന ആരോപണത്തെ തുടര്‍ന്ന് രണ്ട് കന്യാസ്‌ത്രീകളെയും മൂന്ന് യുവതികളെയും യുവാവിനെയും പൊലീസ്‌ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

Signature-ad

മനുഷ്യക്കടത്ത് നടന്നു എന്ന്  ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയും പ്രതികരിച്ചു. കന്യാസ്‌ത്രീകൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. മതപരിവർത്തനവും മനുഷ്യക്കടത്തും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സംഭവത്തിൽ സിസ്‌റ്റർ പ്രീതി ഒന്നാം പ്രതിയും സിസ്‌റ്റർ വന്ദന രണ്ടാം പ്രതിയുമാണ്. നിർബന്ധിത മത പരിവർത്തന നിരോധന നിയമം സെക്ഷൻ 4, ബിഎൻഎസ് 143 എന്നീ കുറ്റങ്ങൾ ചുമത്തി. പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റുന്നുവെന്നും മനുഷ്യ കടത്ത് സംശയിക്കുന്നു എന്നും എഫ്ഐആറില്‍ പറയുന്നു. അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാനുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

രാജ്യമാകെ ഒളിഞ്ഞും തെളിഞ്ഞും ആര്‍എസ്എസ് നടത്തുന്ന ക്രിസ്‌തീയ വിരുദ്ധ ആക്രമണ പരമ്പരയില്‍ ചിലതു മാത്രമാണ് ഇപ്പോൾ പുറംലോകം അറിഞ്ഞത്. കള്ളക്കേസില്‍ കുടുക്കപ്പെട്ട് തടവറയില്‍ കുടിവെള്ളം പോലും കിട്ടാതെ മരിച്ച സ്റ്റാന്‍സ്വാമി ബിജെപി എടുത്തണിയുന്ന കപട ക്രിസ്‌തീയ സ്‌നേഹത്തിൻ്റെ തനി നിറം വിളിച്ചറിയിച്ചു. ഇതെല്ലാം സംഭവിക്കുമ്പോഴും ക്രിസ്‌തീയ പുരോഹിതന്മാരില്‍ ഭൂരിഭാഗവും ബിജെപിയോട് പുലര്‍ത്തുന്ന വിധേയത്വം ന്യൂനപക്ഷങ്ങളെ ആകെ അമ്പരപ്പിക്കുന്നതാണ്.

കന്യാസ്‌ത്രീകളെ അറസ്‌റ്റിനെ അനുകൂലിച്ച് ബജ്‌റംഗ്‌ദള്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയപ്പോള്‍, ഇതിനെ എതിര്‍ത്ത് ന്യൂനപക്ഷ വേട്ടയെന്ന വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികളും ക്രൈസ്‌തവ സാമുദായിക സംഘടനകളും.

മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും കേസിലെ പ്രതികളായ സിസ്‌റ്റർ പ്രീതി, സിസ്‌റ്റർ വന്ദന എന്നിവരെ വെറുതെ വിടണമെന്നും ആവശ്യപ്പെട്ട് സഭാ പുരോഹിതന്മാരും മനുഷ്യാവകാശ പ്രവർത്തകരും രാഷ്‌ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

Back to top button
error: