രാഷ്ട്രീയത്തിലും വേണം പോഷ് ആക്ട്; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടും നടപടിയില്ല; തൊഴിലിടങ്ങളില്‍ എന്നപോലെ രാഷ്ട്രീയ പാര്‍ട്ടികളിലും ലൈംഗികാതിക്രമം തടയല്‍ നിയമം നടപ്പാക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ നേരിടാനുള്ള നിയമങ്ങള്‍പോലെ രാഷ്ട്രീയത്തിലും നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ ഹര്‍ജി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നടപടിയെടുക്കാനും രാഷ്ട്രീയ പാര്‍ട്ടികളിലും ചില വ്യവസ്ഥകള്‍ വേണമെന്ന ആവശ്യമാണ് പരമോന്നത കോടതിക്കു മുന്നിലെത്തുന്നത്.
ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാന്‍ ലക്ഷ്യമിട്ടുള്ള 2013ലെ പോഷ് നിയമം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജിയെത്തിയത്. ആഭ്യന്തര പരാതി പരിഹാര സംവിധാനം രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സുപ്രീം കോടതിയിലെ മലയാളി അഭിഭാഷക എം.ജി. യോഗമായയാണ് ഹര്‍ജി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം സമാന ആവശ്യങ്ങളുന്നയിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കാനുള്ള നിര്‍ദ്ദേശത്തോടെ കോടതി ഹര്‍ജി തീര്‍പ്പാക്കി. കമ്മിഷന് നിവേദനം നല്‍കിയെങ്കിലും മറുപടിയോ നടപടിയോ ഇല്ലാത്തതിനെത്തുടര്‍ന്നാണ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചതെന്ന് എം.ജി. യോഗമായ പറയുന്നു.
രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ സ്ത്രീകള്‍ വ്യാപകമായി മാനസികവും ലൈംഗികവുമായ പീഡനം നേരിടുന്നുവെന്ന 2013ലെ യുഎന്‍ വിമന്‍ റിപ്പോര്‍ട്ടും 2016ലെ ഇന്റര്‍-പാര്‍ലമെന്ററി യൂണിയന്‍ പഠനവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മറ്റു തൊഴിലുകളില്‍ സ്ത്രീകള്‍ക്ക് ലഭ്യമായ സംരക്ഷണം രാഷ്ട്രീയത്തിലെ സ്ത്രീകള്‍ക്ക് നല്‍കാതിരിക്കാന്‍ യുക്തിസഹമായ കാരണങ്ങളില്ലെന്നും വാദിക്കുന്നു. അതിനാല്‍ പോഷ് നിയമപ്രകാരം വനിതാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് തുല്യ സംരക്ഷണവും നീതിയും ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങളാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, എന്‍സിപി, ആം ആദ്മി പാര്‍ട്ടി, എന്‍പിപി, ബിഎസ്പി എന്നീ പാര്‍ട്ടികളും കേന്ദ്ര സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. നിലവില്‍ സിപിഎം, ആം ആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ പോഷ് നിയമപ്രകാരമുള്ള പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആഭ്യന്തര സമിതികള്‍ രൂപീകരിച്ചതായി വിവരമുണ്ട്, എന്നാല്‍ ഇക്കാര്യങ്ങളില്‍ വ്യക്തതയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. സുപ്രീം കോടതിയിലെ അഡ്വക്കേറ്റ് ഓണ്‍-റെക്കോര്‍ഡ് ശ്രീറാം പറക്കാട്ട് മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.






