Breaking NewsKeralaLead NewsLIFENEWSReligion

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: മതപരിവര്‍ത്തനം ആരോപിച്ചത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെന്ന് സഹപ്രവര്‍ത്തകയായ കന്യാസ്ത്രീ; ‘ജയ് വിളിച്ച് പ്രശ്‌നമുണ്ടാക്കി, യുവതികളോടു മൊഴിമാറ്റാന്‍ നിര്‍ബന്ധിച്ചു’

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മതപരിവര്‍ത്തനം ആരോപിച്ചത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെന്ന് അറസ്റ്റിലായ കന്യാസ്ത്രീകളുടെ സഹപ്രവര്‍ത്തക. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് മതപരിവര്‍ത്തനം ആരോപിച്ചതെന്നും ജയ് വിളിച്ച് പ്രശ്‌നം ഉണ്ടാക്കിയെന്നും സഹപ്രവര്‍ത്തക റിപ്പോര്‍ട്ടര്‍ ടിവിയോടു പറഞ്ഞു. പ്രശ്‌നമുണ്ടായതോടെ ആര്‍പിഎഫ് കേസെടുത്തു. യുവതികളോട് മൊഴി മാറ്റാന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യം പൊലീസ് ചോദിച്ചപ്പോള്‍ രക്ഷിതാക്കളുടെ സമ്മതത്തോടെയും സ്വന്തം ഇഷ്ടപ്രകാരവുമാണ് വന്നതെന്ന് മൂന്ന് പെണ്‍കുട്ടികളും പറഞ്ഞിരുന്നു. പിന്നീട് ജ്യോതിഷ് ശര്‍മ എന്ന സ്ത്രീ വന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ പേടിച്ച് ഒരുപെണ്‍കുട്ടി തങ്ങളെ നിര്‍ബന്ധിച്ച് കൊണ്ട് പോവുകയായിരുന്നുവെന്ന് പറഞ്ഞു. തങ്ങളുടെ കോണ്‍വെന്റില്‍ ജോലി ചെയ്യാനാണ് ഇവരെ കൊണ്ടുപോകാനിരുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനവും, മനുഷ്യക്കടത്തും ആരോപിച്ചാണ് സിസ്റ്റര്‍മാര്‍ക്കെതിരെ കേസെടുത്തത്. പെണ്‍കുട്ടികളെ പിന്നീട് ഷെല്‍റ്റര്‍ ഹോമിലേക്ക് കൊണ്ടുപോയി. കുട്ടികള്‍ സിഎസ്ഐ ക്രിസ്ത്യാനികളാണ്. അതുകൊണ്ടുതന്നെ മതപരിവര്‍ത്തനമെന്ന് പറയാനേ കഴിയില്ല. എഎസ്എംഐ സന്യാസി സമൂഹത്തിലെ കന്യാസ്ത്രീകളെയാണ് അറസ്റ്റ് ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Signature-ad

കഴിഞ്ഞ ദിവസമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍.

നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. 19 മുതല്‍ 22 വയസ്സുള്ളവരായിരുന്നു ഇവര്‍. റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു.

കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോവുകയാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കി. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്റംഗ്ദളോ പൊലീസോ തയ്യാറായില്ലെന്നാണ് ആരോപണം.

 

Back to top button
error: